Violence | ജന്മം കൊടുത്ത കുറ്റത്തിന് കൊല്ലപ്പെടുമ്പോള്‍; കേരളത്തില്‍ മാര്‍ക്കോ എഫക്റ്റ് തുടങ്ങിയോ?


● കഴിഞ്ഞ ദിവസമാണ് സുബൈദയെ മകന്‍ ആഷിഖ് വെട്ടിക്കൊലപ്പെടുത്തിയത്.
● കോളജില്‍ പഠിക്കുമ്പോള്‍ മുതല്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നു.
● യുവാവിനെ ഡിഅഡിക്ഷന്‍ സെന്ററുകളിലും പ്രവേശിപ്പിച്ചിരുന്നു.
● ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നല്‍കിയതെന്നാണ് കൃത്യത്തിന് ശേഷം പ്രതികരിച്ചത്.
● കേരളത്തില്‍ മക്കള്‍ ഘാതകരായി മാറുന്ന സംഭവങ്ങള്‍ ഒട്ടേറെയുണ്ട്.
നവോദിത്ത് ബാബു
(KVARTHA) ജന്മം കൊടുത്തവരെപ്പോലും കൊല്ലുന്ന കൊടും ക്രൂരന്‍മാരായി മാറുകയാണ് ന്യു ജനറേഷന്‍. കേരളത്തില്‍ ഒരു മാസം മുന്‍പ് ഇറങ്ങിയ മാര്‍ക്കോയെന്ന വയലന്‍സ് ചിത്രത്തിന്റെ എഫക്റ്റ് തുടങ്ങിയെന്നാണ് തുടര്‍ച്ചയായ കൊലപാതകങ്ങള്‍ തെളിയിക്കുന്നത്. പ്രതികളെല്ലാം യുവാക്കളാണ്. പ്രേരകമാവുന്നത് മയക്കുമരുന്ന് ഉപയോഗവും അഡിക്ഷനുമാണ്. മയക്കുമരുന്ന് വാങ്ങുന്നതിന് പണം നല്‍കാത്ത വൈരാഗ്യമാണ് സ്വന്തം മാതാപിതാക്കളെ അരുംകൊല ചെയ്യാനും വീടിന് തീവയ്ക്കാനും പലരെയും പ്രേരിപ്പിക്കുന്നത്.
താമരശ്ശേരി പുതുപ്പാടിയില്‍ മകന്‍ ഉമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നേരത്തെയും വധശ്രമം നടന്നിരുന്നതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. പ്രതി ആഷിഖ് ഉമ്മ സുബൈദയെ കൊല്ലുമെന്ന് പലരോടും പറഞ്ഞിരുന്നതായും അതിനായി ശ്രമിച്ചിരുന്നതായുമുള്ള ഞെട്ടിക്കുന്ന വിവരം താമരശ്ശേരി ഇന്‍സ്പെക്ടര്‍ സായൂജ് കുമാറാണ് വ്യക്തമാക്കുന്നത്. സ്വത്ത് എഴുതി നല്‍കാന്‍ നിരവധി തവണ ആവശ്യപ്പെട്ട യുവാവ് പലപ്പോഴായി പണവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉമ്മ അതിന് തയ്യാറാവാതിരുന്നത് വൈരാഗ്യത്തിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അര്‍ബുദ രോഗിയായ സുബൈദയെ മകന്‍ ആഷിഖ് വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സഹോദരി ഷക്കീലയുടെ വീട്ടിലാണ് സുബൈദ താമസിച്ചിരുന്നത്. ഷക്കീല വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് കൊലപാതകം നടന്നത്. സമീപവാസിയുടെ വീട്ടില്‍ നിന്നും തേങ്ങ പൊതിക്കാനാണെന്ന് പറഞ്ഞ് വാങ്ങിയ വെട്ടുകത്തി ഉപയോഗിച്ചാണ് ക്രൂരകൃത്യം നടത്തിയത്. കഴുത്തിനും മുഖത്തും ആഴത്തിലുള്ള വെട്ടേറ്റ സുബൈദയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബെംഗളൂരുവിലായിരുന്ന ആഷിഖ് ഒരാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് കൂട്ടുകാരോടൊപ്പം താമസിച്ച ശേഷം കഴിഞ്ഞ ദിവസമാണ് വീട്ടില്‍ എത്തിയത്. പിന്നാലെ കൊലപാതകം നടത്തുകയായിരുന്നു. കോളജില്‍ പഠിക്കുമ്പോള്‍ മുതല്‍ ആഷിഖ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. ലഹരിക്ക് അടിമയായതിന് പിന്നാലെ വീട്ടിലെത്തി നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുമായിരുന്നു. പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്ന് ഒരു തവണ നാട്ടുകാര്‍ തന്നെ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പിന്നീട് ഡിഅഡിക്ഷന്‍ സെന്ററുകളിലും പ്രവേശിപ്പിച്ചിരുന്നു.
ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നല്‍കിയതെന്നാണ് ഇയാള്‍ കൊലപാതക ശേഷം നാട്ടുകാരോട് പ്രതികരിച്ചത്. തൊഴിലുറപ്പ് ജോലിക്കും മറ്റും പോയാണ് സുബൈദ മകനെ പോറ്റിയിരുന്നത്. വിവാഹം കഴിഞ്ഞ് മകന് മൂന്ന് മാസമാകുമ്പോഴാണ് അവരുടെ ഭര്‍ത്താവ് മരിക്കുന്നത്. പിന്നീട് അവസരങ്ങളുണ്ടായിട്ടും അവര്‍ പുനര്‍വിവാഹിതരായില്ല. മകന് വേണ്ടിയായിരുന്നു ദുരിതം നിറഞ്ഞ ജീവിതം. ഉടുമുണ്ട് മുറുക്കി താന്‍ ഉണ്ടില്ലെങ്കിലും മകനെ ഊട്ടിയ ആ ഉമ്മ ഏറ്റവും ഒടുവില്‍ മസ്തിഷ്‌ക്കത്തില്‍ കാന്‍സര്‍ ബാധിച്ചു ചികിത്സിക്കുന്നതിനിടെയാണ് മകന്റെ കൈ കൊണ്ടുതന്നെ കൊല്ലപ്പെടുന്നത്.
സുബൈദയുടെ കൊലപാതകം ഒറ്റപ്പെട്ടതല്ല. കേരളത്തില്‍ മക്കള്‍ ഘാതകരായി മാറുന്ന സംഭവങ്ങള്‍ ഒട്ടേറെയുണ്ട്. അമ്മയെയും അച്ഛനെയും വെട്ടി കൊല്ലുകയും വീടിന് തീവയ്ക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ നടന്നുകൊണ്ടെയിരിക്കുകയാണ്. മാര്‍ക്കോ സിനിമയില്‍ നായകന്‍ പറയുന്നതുപോലെ ഇവിടെ ഞാന്‍ മാത്രം മതിയെന്നാണ് യുവതലമുറ ചിന്തിക്കുന്നത്. ഇതിനായി എന്തു ക്രൂരകൃത്യവും ചെയ്യുന്ന പിശാചുക്കളായി മയക്കുമരുന്നിനോടുള്ള അടിമത്വം അവരെ മാറ്റി കഴിഞ്ഞിരിക്കുന്നു.
#KeralaCrime #Murder #Parricide #DrugAbuse #MarcoEffect #IndiaNews