Fraud | 'ഇറിഡിയം റൈസ് പുള്ളർ' തട്ടിപ്പ് സംഘങ്ങൾ വീണ്ടും തല പൊക്കുന്നു; നാസയ്ക്ക് പോലും വിൽക്കാമെന്നും കോടികൾ സമ്പാദിക്കാമെന്നും വാഗ്ദാനം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അജോ കുറ്റിക്കൻ
കോട്ടയം: (KVARTHA) സംസ്ഥാനത്ത് 'ഇറിഡിയം റൈസ് പുള്ളർ' തട്ടിപ്പ് സംഘങ്ങൾ വീണ്ടും തല പൊക്കുന്നു. ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത്, അത്ഭുത ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന ചെമ്പുകുടമാണ് 'റൈസ് പുള്ളർ'. 'ഇറിഡിയം കോപ്പർ' എന്ന 'ലോഹം' കൊണ്ടാണ് ചെമ്പുകുടം നിർമിച്ചിരിക്കുന്നതെന്ന് പറഞ്ഞാണ് തട്ടിപ്പ്. അദ്ഭുത ലോഹംകൊണ്ട് നിർമ്മിച്ചിരിക്കുന്ന കുടത്തിന് ആകർഷണ ശക്തിയുണ്ടെന്നാണ് തട്ടിപ്പുകാരുടെ വാദം. ഇവ ബഹിരാകാശ പേടകങ്ങളുടെ ഭാഗങ്ങൾ നിർമ്മിക്കുന്നതിനും മറ്റും ഇത് ഉപയോഗിക്കുന്നുവെന്നും നാസയും ഐഎസ്ആർഒയും മറ്റും ലോഹത്തിന്റെ ആവശ്യക്കാരെന്നും പ്രചരിപ്പിച്ചാണ് തട്ടിപ്പ് സംഘം ഇരകളെ വലയിലാക്കുന്നത്.
അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വില മതിക്കുന്ന അരിമണികളെ ആകർഷിക്കുന്ന ഇറിഡിയം കോപ്പർ എന്നാണ് സംഘത്തിൻ്റെ വാദം. പെട്ടെന്ന് സമ്പന്നരാകാൻ ആഗ്രഹിക്കുന്നവരെയാണ് ഇത്തരക്കാർ ലക്ഷ്യമിടുന്നത്. റൈസ് പുള്ളർ ലോഹത്തിന്റെ ഉപയോഗങ്ങളും മൂല്യവും ഇറിഡിയം വിൽക്കുന്ന കമ്പനിയിലെ മേധാവി എന്ന പേരിൽ എത്തുന്നയാൾ ഇരയെ ബോധ്യപ്പെടുത്തും. ഇതിന് പിന്നാലെ എത്തുന്ന മറ്റൊരാൾ തന്റെ കൈവശം റൈസ് പുള്ളർ ഉണ്ടെന്ന് വിശ്വസിപ്പിക്കും. മൂന്നാമത് ശാസ്ത്രജ്ഞൻ ആണെന്ന വ്യാജേന ഇറിഡിയത്തിന്റെ ശക്തി പരിശോധിക്കാൻ ഒരാൾ വരും. വലയിൽ വീഴുന്ന ഇര മറിച്ചു വിറ്റാൽ കിട്ടുന്ന വലിയ ലാഭം സ്വപ്നം കണ്ട് ലക്ഷങ്ങൾ നല്കി ലോഹം സ്വന്തമാക്കും.

അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വിലമതിക്കുന്ന ലോഹമാണ് ഇറിഡിയം. എന്നാൽ, കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭിക്കുന്ന ലോഹങ്ങളാണ് ഇറിഡിയമെന്ന പേരിൽ കാണിച്ച് തട്ടിപ്പ് നടത്തുന്നതെന്നാണ് വിവരം. ഇറിഡിയത്തിന് അണുവിഘടന ശക്തി ഉണ്ടെന്നും നാസയ്ക്ക് വിറ്റാൽ ഒരു ലക്ഷം കോടി ലഭിക്കുമെന്നും വിശ്വസിപ്പിച്ച് ഏതാനും വർഷം മുമ്പ് ക്രൈം ചീഫ് എഡിറ്റർ ടി.പി നന്ദകുമാറിൽ നിന്നും 80 ലക്ഷം തട്ടിയതായി പരാതി ഉയർന്നിരുന്നു. അതേസമയം റൈസ് പുള്ളർ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി റിസർവ് ബാങ്കും രംഗത്ത് വന്നിരുന്നു. തട്ടിപ്പുസംഘങ്ങൾ ആളുകളെ കബളിപ്പിക്കാൻ റിസർവ് ബാങ്കിൻ്റെ പേരിൽ വ്യാജ രേഖ ചമയ്ക്കുന്നുണ്ട്. പൊതുജനങ്ങൾ ഇത്തരം തട്ടിപ്പുകളിൽ പ്രതികരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും റിസർവ് ബാങ്ക് പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.
