Tragedy | 'ഇതേ ക്യാമ്പില്‍ നേരത്തെയും ഇത്തരം സംഭവങ്ങള്‍ അരങ്ങേറി'; അരീക്കോട് പൊലീസ് ഉദ്യോഗസ്ഥന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
● മരിച്ചത് വയനാട് കല്‍പ്പറ്റ ചെങ്ങഴിമ്മല്‍ വീട്ടില്‍ വിനീത്.
● ഒരു കമാന്‍ഡോ ജോലി സമ്മര്‍ദം കാരണം ക്യാമ്പ് വിട്ട് പോയിരുന്നു.
● മറ്റൊരു വനിതാ കമാന്‍ഡോ ജീവനൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
മലപ്പുറം: (KVARTHA) അരീക്കോട് പൊലീസ് ക്യാമ്പില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉദ്യോഗസ്ഥന്‍ ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാന്‍ അവധി ലഭിക്കാത്തതില്‍ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. വിഷയത്തില്‍ ഉന്നതല അന്വേഷണത്തിന് ഉത്തരവിട്ടേക്കും.
അരീക്കോട് സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്ഒജി) കമാന്‍ഡോ ആയ വയനാട് കല്‍പ്പറ്റ ചെങ്ങഴിമ്മല്‍ വീട്ടില്‍ വിനീത് (35) ആണ് ക്യാമ്പിലെ ശുചിമുറിയല്‍ വെടിയേറ്റ് മരിച്ചത്. ക്യാമ്പിലെ ജോലി സമ്മര്‍ദ്ദമാണ് ജീവനൊടുക്കാന്‍ ഇടയാക്കിയതെന്നാണ് സൂചന. നേരത്തെ, ഇതേ ക്യാമ്പില്‍ ഒരു കമാന്‍ഡോ ജോലി സമ്മര്‍ദം കാരണം ക്യാമ്പ് വിട്ട് പോയിരുന്നുവെന്നും മറ്റൊരു വനിതാ കമാന്‍ഡോ ജീവനൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നുവെന്നും വിവരമുണ്ട്.
ഞായറാഴ്ച രാത്രി എട്ടരയോടെ അരീക്കോട്ടെ എംഎസ്പി ക്യാംപില്‍വച്ച് എകെ 47 റൈഫിള്‍ ഉപയോഗിച്ചു സ്വയം വെടിവയ്ക്കുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഉടനെ അരീക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ലീവിന് അപേക്ഷിച്ചെങ്കിലും നല്‍കിയില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. വിനീതിന്റെ ഭാര്യ മൂന്ന് മാസം ഗര്‍ഭിണിയാണ്. ഭാര്യയുടെ പരിചരണത്തിന് വേണ്ടിയാണ് ലീവിന് അപേക്ഷ നല്‍കിയത്. അവധി ചോദിച്ചെങ്കിലും ലഭിക്കാത്തതിന്റെ മനോവിഷമത്തിലായിരുന്നു വിനീതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. 45 ദിവസത്തോളം വിനീത് അവധി ലഭിക്കാതെ ജോലി ചെയ്‌തെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അവധി ആവശ്യപ്പെട്ട് മേലുദ്യോഗസ്ഥരോട് സംസാരിച്ചെങ്കിലും നല്‍കിയില്ല എന്നാണ് വിവരം.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി നിലവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. മാവോയിസ്റ്റ് വേട്ടയ്ക്കും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി രൂപീകരിച്ച സേനയാണ് എസ്ഒജി.
#police #Kerala #Areekode #SOJG #mentalhealth #stress #leave #investigation #tragedy