Capture | റെയിൽവേ ഉദ്യോഗസ്ഥരുടെ വേഷത്തിലെത്തി സാഹസിക ഓപ്പറേഷൻ; മലയാളിയായ ലഹരി മാഫിയ തലവനെ ഒഡീഷയിലെ ഒളിസങ്കേതത്തിൽ നിന്ന് പൊക്കി കേരള പൊലീസ്
കഞ്ചാവ് കൃഷി ചെയ്ത് കേരളത്തിലേക്ക് കടത്തിയിരുന്നു
തിരുവനന്തപുരം: (KVARTHA) അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തലവനായ മലയാളിയെ ഒഡീഷയിലെ ഒളിസങ്കേതത്തിലെത്തി പൊക്കി കേരള പൊലീസ്. ഒഡീഷയിലെ കൊരപുട് ജില്ലയിലെ ബാൽഡ ഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞ അനീസ് എന്ന ജഅഫറിനെയാണ് തിരുവനന്തപുരം റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം സ്വദേശിയായ ഇയാൾ വർഷങ്ങളായി ഒഡീഷയിലെ കൊരപുട് ജില്ലയിലെ ബാൽഡ ഗ്രാമത്തിൽ മാവോയിസ്റ്റ് സ്വാധീനമുള്ള വനമേഖലയിൽ ഒളിവിൽ കഴിയുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കിരൺ നാരായണിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും വെള്ളറട പൊലീസും ചേർന്ന് നടത്തിയ സാഹസിക ഓപറേഷനിലാണ് ജഅഫർ കുടുങ്ങിയത്.
കഴിഞ്ഞ മാർച്ചിൽ വെള്ളറടയിൽ നടത്തിയ വാഹന പരിശോധനയിൽ 47 കിലോ കഞ്ചാവുമായി അഞ്ചു പേരെ പിടികൂടിയതിനെ തുടർന്നാണ് അന്വേഷണം ജഅഫറിലേക്ക് എത്തിയത്. ജഅഫർ മാവോയിസ്റ്റ് സ്വാധീനമുള്ള വനമേഖലയിൽ കഞ്ചാവ് കൃഷി ചെയ്ത് കേരളത്തിലേക്ക് കടത്തുന്ന സംഘത്തിന്റെ തലവനായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ബാൽഡ ഗ്രാമവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ ആയിരുന്നു പണമിടപാടുകൾ. കൂടാതെ പിടിക്കപ്പെടാതിരിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കാതെയും സ്വന്തമായി സിം കാർഡ് ഉപയോഗിക്കാതെയുമാണ് ഇയാൾ കഴിഞ്ഞത്. കഴിഞ്ഞ അഞ്ചു മാസമായി അന്വേഷണ സംഘം ഇയാളെ തേടുകയായിരുന്നു.
ഒഡിഷയിലെ ഗ്രാമത്തിൽ രണ്ടു പ്രാവശ്യം കേരള പൊലീസിന്റെ സാന്നിധ്യം മനസിലാക്കിയ ഇയാൾ വനമേഖലയിലേക്ക് മുഉൾവലിയുകയായിരുന്നു. ഇത് മനസിലാക്കിയ അന്വേഷണ സംഘം റെയിൽവേ ഉദ്യോഗസ്ഥരുടെ വേഷത്തിൽ ബാൽഡ ഗ്രാമത്തിൽ എത്തി ദിവസങ്ങളോളം തങ്ങി അതിസാഹസികമായാണ് ഇയാളെ പിടികൂടിയത്.
നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി പി.കെ. പ്രദീപ്, നെയ്യാറ്റിൻകര ഡിവൈഎസ്‌പി ഷാജി എസ്, വെള്ളറട സബ് ഇൻസ്‌പെക്ടർ ആർ. റസൽ രാജ്, സിപിഒ ഷൈനു ആർ. എസ്, ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ ആർ. ബിജുകുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ആർ. സതികുമാർ, എസ്‌സിപിഒ കെ. ആർ. അനീഷ് എന്നിവരായിരുന്നു പൊലീസ് സംഘത്തിലെ മറ്റ് അംഗങ്ങൾ.
#drugtrafficking #arrest #Odisha #Kerala #police