Blame | കേരളത്തിൽ ലഹരി മാഫിയ വളരുന്നുണ്ടെങ്കിൽ അതിന് മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമല്ല, പ്രതിപക്ഷവും കെ സുധാകരനും കുറ്റക്കാർ


● കേരളത്തിൽ ലഹരി മാഫിയ വളരുന്നതിൽ രാഷ്ട്രീയ പാർട്ടികൾക്ക് പങ്കുണ്ട്.
● പ്രതിപക്ഷം രാഷ്ട്രീയ നേട്ടങ്ങൾക്കായി ഈ വിഷയം ഉപയോഗിക്കുന്നു.
● കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ നിന്നാണ് കൂടുതൽ മയക്കുമരുന്ന് വരുന്നത്.
● ലഹരി മാഫിയയെ നിയന്ത്രിക്കാൻ രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് പ്രവർത്തിക്കണം.
(KVARTHA) 'ഏത് ദുരന്തമുണ്ടായാലും അതിന് കാരണക്കാരൻ മുഖ്യമന്ത്രി പിണറായി വിജയൻ', ഇപ്പോൾ ഇവിടുത്തെ പ്രതിപക്ഷത്തിൻ്റെയും കെപിസിസി പ്രസിഡൻ്റിൻ്റെയും ഒക്കെ പതിവ് പല്ലവി ഇങ്ങനെ ആയിരിക്കുന്നു. പലപ്പോഴും മലർന്ന് കിടന്ന് തുപ്പുകയാണെന്ന് അവർ അറിയുന്നില്ല. എന്ത് പ്രതിപക്ഷ ധർമ്മമാണ് കേരളത്തിലെ പ്രതിപക്ഷം ചെയ്യുന്നതെന്നും ചിന്തിക്കണം. ഭരണപക്ഷത്തോട് ഇവിടുത്തെ ജനതയ്ക്ക് എത്രമാത്രം എതിർപ്പുണ്ടോ അതിലും ഏറെ എതിർപ്പുണ്ട് ഇവിടുത്തെ പ്രതിപക്ഷത്തോടും. പ്രതിപക്ഷത്തിന് പ്രത്യേകിച്ച് ഇവിടുത്തെ കോൺഗ്രസ് നേതാക്കൾക്ക് എങ്ങനെയെങ്കിലും അടുത്ത തവണയെങ്കിലും അധികാരത്തിൽ തിരിച്ചെത്താനല്ല താല്പര്യം. പലരും മുഖ്യമന്ത്രി പദം സ്വപ്നം കണ്ടു കഴിയുകയും ചെയ്യുന്നു.
മുഖ്യമന്ത്രി കേരളത്തിലെ മുഴുവൻ ക്രിമിനലുകളുടെയും റോൾ മോഡൽ ആണെന്നും ലഹരി മാഫിയയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരൻ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയാകുന്നത്. കേരളത്തെ ഏറ്റവും മോശമായി ചിത്രീകരിക്കുമ്പോൾ യോഗി ഭരിക്കുന്ന ഉത്തർപ്രദേശിൽ നടക്കുന്ന കൊലപാതകളും ആക്രമങ്ങളും എല്ലാം എന്തേ കണ്ടില്ലെന്ന് നടിക്കുന്നുവെന്നാണ് മറുചോദ്യം ഉയരുന്നത്. ഈ കേരളം മാത്രമോ ഇത്രമോശം. താമരശ്ശേരിൽ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ട ഷഹബാസിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് കെ സുധാകരന്റെ വിമർശനം.
പ്രായപൂര്‍ത്തി ആവുന്നതിനു മുന്‍പേ കൂടെ പഠിക്കുന്ന സഹപാഠിയെ ടാര്‍ഗറ്റ് ചെയ്ത് ആക്രമിച്ചു കൊലപ്പെടുത്തുന്ന നിലയിലേക്ക് നമ്മുടെ നാട് മാറിയിരിക്കുന്നുവെന്ന് കെ സുധാകരന്‍ പറയുന്നു. അധികാരം നിലനിര്‍ത്തുന്നതിനായി നാടിനെ ലഹരി മാഫിയയ്ക്ക് തീറെഴുതിയിരിക്കുന്ന സര്‍ക്കാരും അതിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥ വൃന്ദവുമാണ് കേരളത്തിലെ ക്രമസമാധാന തകര്‍ച്ചയ്ക്ക് ഉത്തരവാദികളെന്നും കെ സുധാകരന്‍ പറഞ്ഞു.
'ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്ന നിരുത്തരവാദപരമായ സമീപനമാണ് കഴിഞ്ഞ 9 വര്‍ഷങ്ങളിലും പിണറായി വിജയന്‍ സ്വീകരിച്ചു പോരുന്നത്. കണ്‍ മുൻപിൽ അക്രമങ്ങള്‍ നടക്കുമ്പോള്‍ നിറഞ്ഞ ചിരിയോടെ അതൊക്കെ രക്ഷാപ്രവര്‍ത്തനമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളത്തിലെ മുഴുവന്‍ ക്രിമിനലുകളുടെയും ഊര്‍ജവും റോള്‍ മോഡലുമാണ്. സംസ്ഥാനത്തെ ഒരു എംഎല്‍എയുടെ മകനെ കഞ്ചാവുമായി പിടികൂടിയതിനു കേസ് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടുന്ന സാഹചര്യമടക്കം ഉണ്ടായി എന്നത് സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണ് നിലകൊള്ളുന്നത് എന്നതിന് ഉദാഹരണമാണ്', കെ സുധാകരൻ കുറിച്ചു.
ഇരന്നു വാങ്ങിയ മരണം എന്ന് ഒരു 20 കാരന്റെ ശവശരീരത്തെ നോക്കി അട്ടഹസിച്ച കെ സുധാകരൻ തന്നെയാണോ മുഖ്യമന്ത്രിയ്ക്കെതിരെ ഇങ്ങനെ പറയുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ എങ്ങനെ കുറ്റം പറയാനാവും. ഈ അവസരത്തിൽ കഴിഞ്ഞ നാളിൽ ലഹരി മാഫിയയുമായി ബന്ധപ്പെട്ട് പുറത്തു വന്ന പല കേസുകളിലും പ്രതികളായി വന്നവർ കോൺഗ്രസിൻ്റെ ആളുകൾ ആയിരുന്നുവെന്ന് മറക്കരുത്. സമീപ ദിവസങ്ങളിലെ മാത്രം കണക്ക് പരിശോധിക്കാം.
1. കഞ്ചാവ് ശേഖരവുമായി കെ എസ് യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയെ പോലീസ് പിടികൂടി.
2. 40 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഷൈജു വിനെ പോലീസ് പിടികൂടി
3. വിദ്യാർത്ഥികൾക്ക് നൽകാൻ വെച്ച എംഡിഎംഎ ശേഖരവുമായി ബാലുശ്ശേരി മണ്ഡലം യൂത്ത് കോൺ നേതാവിനെ പോലീസ് പിടികൂടി.
ഇതൊക്കെ നമ്മൾ മാധ്യമങ്ങളിലൂടെ വായിച്ച വാർത്തകൾ തന്നെ ആയിരുന്നു. വസ്തുത പരിശോധിച്ചാൽ മനസ്സിലാവുന്ന കാര്യം എന്തെന്നാൽ സൗത്തിൽ മാത്രമല്ല ഇന്ത്യയിലൊട്ടാകെ വിപണനം ചെയ്യപ്പെടുന്ന മെത്തും, എം.ഡിഎംഎയും പോലുള്ള ഡ്രഗ്സുകളുടെ നല്ലൊരു ശതമാനവും കുക്ക് ചെയ്യുന്നത് ബാംഗ്ലൂരിലും കർണാടകയിലും ആണെന്നുള്ളതാണ്. കർണാടകയിലെ ഇത്തരത്തിലുള്ള ഡ്രഗ് ലാബുകളെ അവിടത്തെ കോൺഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഗവണ്മെന്റിന് നിയന്ത്രിക്കാൻ ആയാൽ കേരളത്തിലേക്കടക്കമുള്ള മയക്കുമരുന്നുകളുടെ ഒഴുക്കിൽ വലിയ രീതിയിൽ കുറവുണ്ടാകും എന്നതാണ് യാഥാർഥ്യം. കേരളത്തിൽ മയക്കുമരുന്ന് ഉത്പാദനം നടത്തുന്നില്ല. വിൽപ്പന നടത്താനുള്ള അധികാരം ആർക്കും സംസ്ഥാന സർക്കാർ നൽകിയിട്ടില്ല.
കേരളത്തിൽ വരുന്ന മയക്കുമരുന്ന് വിഭാഗങ്ങളിൽ മുഴുവൻ അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നതാണ്. പ്രത്യേകിച്ചും ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന്. കോൺഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മയക്കുമരുന്ന് ഉത്പാദനവും വിൽപ്പനയും തടഞ്ഞാൽ തന്നെ ഇന്ത്യയിൽ മയക്കുമരുന്ന് പൂർണമായും ഇല്ലാതാക്കാം. ഇതൊന്നും പറയാതെ കേരളത്തിലെ അല്പ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മുഖ്യമന്ത്രി എല്ലാ ക്രിമിനലുകളുടെ റോൾ മോഡൽ ആണെന്ന് പറയുന്നതിൽ എന്ത് വാസ്തവമാണ് ഉള്ളത്. ഇതുപോലെയുള്ള കാര്യങ്ങളിൽ രാഷ്ട്രീയ മുതലെടുപ്പിന് കെ.പി.സി.സി പ്രസിഡൻ്റ് ശ്രമിക്കുകയല്ല വേണ്ടത്. കോൺഗ്രസിന് അകത്തുള്ള യുവജന സംഘടനകളെയെല്ലാം വിളിച്ച് ചേർത്ത് മയക്കുമരുന്നിന് എതിരെ നമുക്ക് എന്ത് ചെയ്യാം പറ്റും എന്ന് ആലോചിക്കുകയാണ് വേണ്ടത്.
അതിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് ചർച്ച ചെയ്ത് കെ.പി.സി.സി പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ പൊതുരംഗത്ത് ഇറങ്ങുകയാണ് വേണ്ടത്. അങ്ങനെയെങ്കിലും പൊതു സമൂഹത്തിന് പ്രതിപക്ഷത്ത് ഇരിക്കുന്ന യു.ഡി.എഫിനെ കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകട്ടെ. അല്ലാതെ അങ്ങാടിയിൽ തോറ്റതിന് തമ്മയുടെ നേർക്ക് കയറാതെ. ഈ വിഷയത്തിൽ രാഷ്ട്രീയം നേട്ടം കൊയ്യാൻ നോക്കിയാൽ അടുത്ത തവണയും പ്രതിപക്ഷത്ത് തന്നെ ഇരിക്കാം. പ്രതിപക്ഷത്തിൻ്റെ ധർമ്മവും ഇതല്ല.
എന്തിനും ഏതിനും ഭരിക്കുന്നവരെ കുറ്റപ്പെടുത്തുന്ന തറ രാഷ്ട്രീയ സംസ്‌കാരം അവസാനിപ്പിക്കാൻ സമയമായെന്നും നേതാക്കൾ തിരിച്ചറിയുക. വഴി തെറ്റി പോകുന്ന യുവ തലമുറയെ നേരായ മാർഗ്ഗത്തിൽ കൊണ്ട് വരാനുള്ള തയ്യാറെടുപ്പ് എടുക്കുകയാണ് ഇപ്പോൾ പ്രതിപക്ഷവും ഭരണപക്ഷവും നടത്തേണ്ടത്. അതിന് വേണ്ടി പ്രയത്നിക്കുകയാണ് വേണ്ടത്. ജനങ്ങളെ ശ്രദ്ധിക്കാതെ പോയാൽ, യു.ഡി.എഫ് ഇനിയും ജനസമ്പർക്കമില്ലാതെ പോയാൽ, കോൺഗ്രസ് വട്ട പൂജ്യം ആയ ഡൽഹി ആകും കേരളം.
ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക.
Pinarayi Vijayan, the opposition, and K Sudhakaran are blamed for the rise of the drug mafia in Kerala, with critics pointing out lax policies and failures to control criminal activities.
#PinarayiVijayan #DrugMafia #KeralaPolitics #Sudhakaran #KPCC