Allegation | 3 മണിക്കൂര്‍ പ്രത്യേക പൊസിഷനില്‍ നിര്‍ത്തി റാഗിങ് ചെയ്തതായി പരാതി; എംബിബിഎസ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു
● 18 കാരനായ അനില്‍ മെതാനിയ ആണ് മരിച്ചത്.
● പരിചയപ്പെടാനെന്ന പേരിലാണ് അതിക്രമം നേരിട്ടത്.
● 15 വിദ്യാര്‍ത്ഥികളെ പ്രതികളാക്കി എഫ്‌ഐആര്‍.
അഹ് മദാബാദ്: (KVARTHA) ഗുജറാത്ത് ആസ്ഥാനമായുള്ള മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി, മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ റാഗിംഗിന്റെ ഭാഗമായി മൂന്ന് മണിക്കൂര്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചതായി പരാതി. ധര്‍പൂര്‍ പതാനിലെ (Dharpur Patan) ജിഎംഇആര്‍എസ് മെഡിക്കല്‍ കോളേജിലാണ് ദാരുണ സംഭവം.
18 കാരനായ എംബിബിഎസ് വിദ്യാര്‍ത്ഥി അനില്‍ മെതാനിയ ആണ് മരിച്ചത്. റാഗിങിനായി അനില്‍ ഉള്‍പ്പെടെയുള്ള ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ മൂന്ന് മണിക്കൂറോളം പ്രത്യേക പൊസിഷനില്‍ നിര്‍ത്തിയെന്നാണ് ആരോപണം. വിഷയത്തില്‍ കോളേജില്‍ നിന്ന് പൊലീസ് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 15 സീനിയര്‍ വിദ്യാര്‍ത്ഥികളെ പ്രതിയാക്കി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
അനിലിന്റെ ഒരു ബന്ധു ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയില്‍ താമസിക്കുന്നുണ്ട്. അദ്ദേഹത്തെയാണ് ആദ്യം വിവരം അറിയിച്ചത്. കോളേജില്‍ നിന്ന് വിളിച്ച് അനില്‍ കുഴഞ്ഞുവീണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അറിയിക്കുകയായിരുന്നുവെന്നും ആശുപത്രിയില്‍ എത്തിയപ്പോഴാണ് ക്രൂരമായ റാഗിങ് നടന്നതായി മനസിലായതെന്നും ബന്ധു പറഞ്ഞു.
പുതിയ വിദ്യാര്‍ത്ഥികളെ പരിചയപ്പെടാനെന്ന പേരിലാണ് റാഗിങ് നടന്നതെന്നും ഏറെ നേരം നിര്‍ത്തിയിരുന്നപ്പോള്‍ അനില്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്നുമാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷമേ മരണ കാരണം വ്യക്തമാവൂവെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
അതേസമയം, വിദ്യാര്‍ത്ഥി കുഴഞ്ഞുവീണപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതായും പൊലീസിലും ബന്ധുക്കളെയും വിവരമറിയിച്ചതായും കോളേജ് ഡീന്‍ ഹര്‍ദിക് ഷാ പറഞ്ഞു. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
#ragging #medicalstudent #death #Gujarat #India #studentsafety