Murder | ഒഴിവാക്കാൻ പലവിധ നീക്കം; ഒടുവിൽ കഷായത്തിൽ വിഷം കലർത്തി നൽകിയ കാമുകി! മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഷാരോൺ വധം


● കാമുകനെ കൊലപ്പെടുത്തിയ കേസിൽ ഗ്രീഷ്മ കുറ്റക്കാരി.
● അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു.
● ശനിയാഴ്ച ശിക്ഷാവിധി പ്രഖ്യാപിക്കും.
തിരുവനന്തപുരം: (KVARTHA) പാറശ്ശാല സ്വദേശിയായ ഷാരോൺ രാജിന്റെ കൊലപാതകം കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. പ്രണയം കൊലപാതകത്തിന് വഴിമാറിയ ഈ കേസിൽ, കാമുകി ഗ്രീഷ്മയും അമ്മാവൻ നിർമ്മൽ കുമാറും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ് എഎം ബഷീറാണ് വിധി പ്രസ്താവിച്ചത്. കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഗ്രീഷ്മക്കെതിരെ തെളിഞ്ഞതായി കോടതി വിലയിരുത്തി. പ്രതികൾക്കുള്ള ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും.
പ്രണയത്തിൽ നിന്ന് പ്രതികാരത്തിലേക്ക്
കന്യാകുമാരി ജില്ലയിലെ രാമവർമ്മചിറ സ്വദേശിനിയായ ഗ്രീഷ്മയും ഷാരോണും പ്രണയത്തിലായിരുന്നു. എന്നാൽ, മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ ഷാരോണുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഗ്രീഷ്മ ശ്രമിച്ചു. തമിഴ്നാട്ടുകാരനായ സൈനികന്റെ വിവാഹാലോചന വന്നതോടെ ഒന്നര വർഷത്തിലേറെ പ്രണയിച്ച ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചു. ഈ തീരുമാനമാണ് ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചത്.
ഷാരോണുമായുള്ള പ്രണയത്തിൽ നിന്ന് പിന്മാറാൻ ജാതി വ്യത്യാസം മുതൽ ഭർത്താവ് മരിക്കുമെന്ന ജാതകദോഷം വരെയുള്ള നുണക്കഥകൾ ഗ്രീഷ്മ പറഞ്ഞുനോക്കി. എന്നാൽ ഷാരോൺ പ്രണയത്തിൽ ഉറച്ചുനിന്നു. തുടർന്നാണ് കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയതെന്ന് ഗ്രീഷ്മ പൊലീസിനോട് സമ്മതിച്ചത്. ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു ഗ്രീഷ്മ. ഷാരോൺ റേഡിയോളജി വിദ്യാർത്ഥിയുമായിരുന്നു.
ദുരൂഹത നിറഞ്ഞ മരണം
2022 ഒക്ടോബർ 14ന് ഷാരോൺ ഗ്രീഷ്മയുടെ വീട്ടിൽ പോയിരുന്നു. അവിടെ വെച്ച് വേദന കുറയ്ക്കുന്നതിനുള്ള കഷായമാണെന്ന് പറഞ്ഞ് ഗ്രീഷ്മ ഷാരോണിന് വിഷം കലർത്തിയ കഷായം നൽകി. കഷായത്തിന്റെ കയ്പ് കാരണം മാങ്ങാ ജ്യൂസും നൽകി. വീട്ടിൽ നിന്ന് മടങ്ങിയ ഷാരോണിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു.
തുടർന്ന് പാറശാല സർക്കാർ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്തപരിശോധനയിൽ കാര്യമായ പ്രശ്നങ്ങളില്ലെന്ന് കണ്ടതിനെ തുടർന്ന് വീട്ടിലേക്ക് തിരിച്ചയച്ചു. എന്നാൽ ഒക്ടോബർ 15ന് ഷാരോണിന്റെ ആരോഗ്യനില കൂടുതൽ മോശമായി. വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒക്ടോബർ 25ന് ഷാരോൺ മരിച്ചു. ആന്തരിക അവയവങ്ങളുടെ തകരാറാണ് മരണകാരണമെന്ന് ഡോക്ടർമാർ കണ്ടെത്തി.
അന്വേഷണവും അറസ്റ്റും
ഷാരോണിന്റെത് ആസൂത്രിത കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചതിനെ തുടർന്ന് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ഡി.വൈ.എസ്.പി ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 2022 ഒക്ടോബർ 31ന് ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് അമ്മ സിന്ധുവിനെയും അമ്മാവൻ നിർമൽ കുമാറിനെയും അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്.
ഷാരോണിന്റെ മരണത്തിന് ശേഷം ഗ്രീഷ്മ ദുഃഖം അഭിനയിച്ചതായും പൊലീസ് കണ്ടെത്തി. ഷാരോണിന്റെ ഫോണിൽ തന്റെ സ്വകാര്യ ചിത്രങ്ങൾ ഉണ്ടെന്നും അത് പുറത്തുവിടുമെന്ന് ഭയന്നാണ് കൊലപാതകം നടത്തിയതെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞിരുന്നു. ഷാരോണും ഗ്രീഷ്മയും തമ്മിലുള്ള വിവാഹ വീഡിയോയും പൊലീസ് കണ്ടെത്തിയിരുന്നു. ഗ്രീഷ്മ കൊലപാതകത്തിനുള്ള ആസൂത്രണങ്ങൾ ആരംഭിച്ചു. ആദ്യ അഞ്ച് വധശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് കഷായത്തിൽ വിഷം കലർത്തുക എന്ന രീതിയിലേക്ക് ഗ്രീഷ്മ എത്തിയത്.
ആയിരത്തിലേറെ തവണ ഗൂഗിളിൽ സെർച്ച് ചെയ്താണ് കഷായത്തിലോ ജ്യൂസിലോ കളനാശിനി കലർത്തുകയെന്ന ആശയം ഗ്രീഷ്മ കണ്ടെത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. പെൺകുട്ടിയുടെ ശബ്‌ദസന്ദേശങ്ങളടക്കം മാധ്യമങ്ങളിലൂടെ പുറത്തെത്തിയതോടെയാണ് റൂറൽ എസ്.പി ഡി. ശിൽപ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ഇതോടെ കേസന്വേഷണം വേഗത്തിലാകുകയും ചെയ്തു.
കോടതി വിചാരണയും അന്തിമ വിധിയും
2022 നവംബര്‍ ഒന്നിന് നിര്‍ണായക തെളിവായ കീടനാശിനിയുടെ കുപ്പിയും അതിലെ ലേബലും പ്രത്യേക അന്വേഷണസംഘം കണ്ടെടുത്തു. 2023 ജനുവരി 25-ന് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 2023 ജൂണ്‍ രണ്ടിന് ഗ്രീഷ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി. 2023 സെപ്റ്റംബര്‍ 15-ന് ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് മാവേലിക്കര സ്പെഷ്യല്‍ ജയിലിലേക്ക് മാറ്റി. 2024 ഒക്ടോബര്‍ 15-ന് വിചാരണ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. 2025 ജനുവരി മൂന്നിന് കേസില്‍ അന്തിമവാദം പൂര്‍ത്തിയായി.
കേസിൽ ഗ്രീഷ്മയുടെ അമ്മാവൻ നിർമൽ കുമാറിനെ ഇന്ത്യൻ ശിക്ഷാ നിയമം 201 പ്രകാരം (തെളിവ് നശിപ്പിക്കൽ) കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഗ്രീഷ്മയെ കൊലപാതകം, കൊലപാതക ശ്രമത്തോടുകൂടിയ തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷിച്ചത്. ഗ്രീഷ്മയുടെ പ്രതിശ്രുത വരൻ ഉൾപ്പെടെ 68 സാക്ഷികളാണ് കേസിൽ ഉണ്ടായിരുന്നത്. വിചാരണ വേളയിൽ പ്രതികൾക്കെതിരെ 95 സാക്ഷികളെ വിസ്തരിച്ചു. 323 രേഖകളും 51 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
#SharonMurderCase #KeralaCrime #Greeshma #CourtVerdict #CrimeNews #Justice