Crime | വ്യാജചികിത്സകൻമാർ വിളയാടുന്ന കേരളം; ആരോഗ്യ രംഗത്തിനേറ്റ കറുത്തപാടായി മലപ്പുറത്തെ ഗർഭിണിയുടെ മരണം; പിന്തിരിഞ്ഞു നടക്കുന്ന മലയാളിയുടെ പ്രയാണം എങ്ങോട്ട്?

 
Fraudulent Practitioners Running Rampant in Kerala; Death of a Pregnant Woman in Malappuram as a Stain on Healthcare; Where is the Malayalee's Journey Heading?
Fraudulent Practitioners Running Rampant in Kerala; Death of a Pregnant Woman in Malappuram as a Stain on Healthcare; Where is the Malayalee's Journey Heading?

Representational Image Generated by Meta AI

● കേരളത്തിൽ അശാസ്ത്രീയ ചികിത്സ വർധിച്ചു വരുന്നു. 
● യൂട്യൂബ് നോക്കി ചികിത്സിക്കുന്നവരുണ്ട്. 
● ആശുപത്രി ചികിത്സ നിഷേധിക്കപ്പെടുന്നു. 
● വീട്ടിലെ പ്രസവം അപകടം ക്ഷണിച്ചു വരുത്തുന്നു. 
● സുരക്ഷിതമായ ചികിത്സ ഉറപ്പാക്കേണ്ടത് കടമയാണ്.

ഭാമനാവത്ത്

(KVARTHA) കേരളത്തിലെ ആരോഗ്യ രംഗത്തുള്ള ചുവടുവയ്പ്പുകൾ തിരുവിതാംകൂർ രാജവംശത്തിൻ്റെ ഭരണകാലത്ത് തുടങ്ങിയതാണ്. പിന്നീട് ജനാധിപത്യ സർക്കാരിൻ്റെ കാലത്ത് അതു വളർന്ന് പന്തലിക്കുകയായിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ലോകത്തിലെ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാണ് നമ്മുടെ നാട്ടിലെ പൊതു ചികിത്സാ രംഗം. ആർദ്രം പദ്ധതിയടക്കമുള്ള വ നടപ്പിലാക്കി നമ്മുടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ജനറൽ ആശുപത്രികളും സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന രീതിയിൽ വളർന്നു കഴിഞ്ഞു. 

ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരിൽ വിമർശനങ്ങൾ ഉയരാറുണ്ടെങ്കിൽ ജീവിതശൈലി രോഗങ്ങൾക്കെതിരെ ആരോഗ്യ വകുപ്പ് നടത്തുന്ന പോരാട്ടങ്ങൾ ജനകീയ പിൻതുണയോടെ തുടർന്നുകൊണ്ടിരിക്കുകയാണ്. പ്രസവം ഒരു രോഗമല്ലെന്നും ഒരു കുഞ്ഞിന് ജന്മം നൽകുന്ന സ്വാഭാവിക പ്രക്രിയയാണെന്നും ആധുനിക സമൂഹത്തിന് അറിയാം മികച്ച പരിചരണവും ജാഗ്രതയുമുണ്ടെങ്കിൽ മാതൃ-ശിശു മരണ നിരക്കുകൾ കുറയ്ക്കുകയും ചെയ്യാം. 

ഈ സാഹചര്യത്തിലാണ് വാളെടുത്തവരെല്ലാം വെളിച്ചപ്പാടൻ മാരാകുന്ന ചില വിചിത്ര ചികിത്സാ രീതികളുമായി മതത്തിൻ്റെ മേലങ്കി അണിഞ്ഞ് ചിലർ രംഗത്തുവരുന്നത്. യൂട്യൂബ് നോക്കിയാണ് ഇവർ പ്രായോഗിക ചികിത്സ നടത്തുന്നത്. മലപ്പുറത്ത് ഒരു യുവതിക്ക് ജീവൻ നഷ്ടപ്പെടാൻ കാരണം ഭർത്താവിൻ്റെ വ്യാജചികിത്സയാണ്. അഞ്ച് പ്രസവം, അതില്‍ ആദ്യ രണ്ടെണ്ണം ആശുപത്രിയിലും ബാക്കിയുള്ള മൂന്നും വീട്ടില്‍ വെച്ചുമാണ് ഇയാൾ ഭാര്യയ്ക്കായി വിധിച്ചത്.

എന്നാല്‍ വീട്ടിലെ അഞ്ചാമത്തെ പ്രസവത്തിനിടെ അമ്മ മരിക്കുന്നു. ചോരക്കുഞ്ഞാകട്ടെ, അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലും. ഈക്കഴിഞ്ഞ ദിവസം മലപ്പുറത്തെ ചട്ടിപ്പറമ്പില്‍ നടന്ന സംഭവമാണിത്. 35 കാരിയായ അസ്മ എന്ന യുവതി സ്വയം ആശുപത്രിയില്‍ പോകാതിരുന്നതായിരുന്നില്ല, ഭര്‍ത്താവ് സിറാജുദ്ദീന്‍, ആശുപത്രിയില്‍ പോകാന്‍ സമ്മതിക്കാതെ യുവതിക്ക് ചികിത്സ നിഷേധിച്ച്, കൊലയ്ക്ക് കൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം.

അസ്മയുടെ മരണം ഒരു ഒറ്റപ്പെട്ട സംഭവമല്ല. പ്രസവത്തിന് ആശുപത്രിയില്‍ പോകുന്നത് തെറ്റാണെന്നുള്ള പ്രചാരണങ്ങള്‍ നടത്തി, സ്ത്രീകളെയും നവജാത ശിശുക്കളെയും വലിയ അപകടങ്ങളിലേക്കും, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്കും തള്ളിവിടുന്ന ചില സംഘടിത ശക്തികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിശ്വാസങ്ങളുടെ മറവില്‍ ഇവര്‍ നടത്തുന്ന അശാസ്ത്രീയ പ്രചരണങ്ങളില്‍ വീണ് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത് ആവര്‍ത്തിക്കുകയാണ്.

രാജ്യത്ത് ശിശു മരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമായ, ആരോഗ്യ രംഗത്ത് നമ്പര്‍ വണ്ണായ കേരളത്തിലാണ് അന്ധവിശ്വാസങ്ങളില്‍ പെട്ട് മനുഷ്യര്‍ മരിക്കേണ്ടി വരുന്നത്. അക്യുപങ്ചറിന്റെ മറവിലാണ് പലയിടങ്ങളിലും ഇത്തരം അശാസ്ത്രീയ പ്രചാരണങ്ങള്‍ നടക്കുന്നത്. മൂന്ന് മാസവും നാല് മാസവുമൊക്കെയുള്ള ചില തട്ടിപ്പ് കോഴ്‌സുകള്‍ ഓണ്‍ലൈനിലും അല്ലാതെയും പഠിച്ച്, ആളുകള്‍ സ്വയം ചികിത്സിക്കുകയാണ്. വെല്ലുവിളി ഏറെയുള്ള പ്രസവം പോലും ആളുകള്‍ സ്വയം നടത്തുന്ന സ്ഥിതിയാണ് നമ്മുടെ നാട്ടിലുള്ളത്. മതത്തെ കൂട്ടുപിടിച്ചാണ് ഇത്തരം അശാസ്ത്രീയതയ്ക്ക് എളുപ്പത്തില്‍ പ്രചാരം നേടിയെടുക്കുന്നത്. 

സ്ത്രീകളുടെ ശരീരം അന്യപുരുഷന്മാരായ ഗൈനക്കോളജിസ്റ്റുകള്‍ കാണുന്നത് പാപമാണെന്നും, വീട്ടില്‍ നിന്ന് പ്രസവിക്കലാണ് അതിന് പരിഹാരമെന്നും പറഞ്ഞ്, അങ്ങേയറ്റം പ്രാകൃതമായ ചിന്തകള്‍ പ്രചരിപ്പിച്ചാണ്, സ്ത്രീകളെയും നവജാത ശിശുക്കളെയും ഇക്കൂട്ടര്‍ കൊല്ലാക്കൊല ചെയ്യുന്നത്.
ഇപ്പോള്‍ മരണപ്പെട്ട അസ്മയുടെ കേസ് മാത്രം പരിശോധിക്കാം. ഇവരുടെ ഭര്‍ത്താവ് സിറാജുദ്ദീന്റെ ജോലിയെന്താണെന്ന് നാട്ടുകാര്‍ക്ക് പോലുമറിയില്ല. ഒന്നര വര്‍ഷമായി ഇയാള്‍ മലപ്പുറത്തെ ചട്ടിപ്പറമ്പിലാണ് താമസം. നാട്ടുകാരുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. 

എന്തിന് അസ്മ ഗര്‍ഭിണിയാണെന്ന വിവരം, ആശ വര്‍ക്കര്‍മാരോടോ വാര്‍ഡ് മെമ്പറോടോ അറിയിച്ചില്ല, അതായത് ഗര്‍ഭിണികള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നല്‍കേണ്ട യാതൊരു പരിപാലനവും ആനുകൂല്യവും ഇവര്‍ കൈപ്പറ്റിയിട്ടുമില്ല. ഗര്‍ഭ സമയത്ത് ഒരു സ്ത്രീക്ക് ലഭിക്കേണ്ട ചികിത്സ മുഴുവന്‍ അസ്മയ്ക്ക് നിഷേധിക്കപ്പെടുകയായിരുന്നു. അറുപത്തിനാലായിരം പേര്‍ സബ്സ്‌ക്രൈബേഴ്‌സായുള്ള ഒരു യുട്യൂബ് ചാനല്‍ നടത്തുന്നയാളാണ് സിറാജുദ്ദീന്‍. 

സിറാജുദ്ദീന്‍ മാത്രമല്ല, അക്യുപങ്ചര്‍ പഠിച്ചെന്ന് അവകാശപ്പെട്ട് വീട്ടില്‍ വെച്ച് പ്രസവം നടത്തുന്ന നിരവധി പേരെ സമീപ കാലത്ത് കാണാം. വീട്ടില്‍ വെച്ച് പ്രസവിച്ചതിനാല്‍, ജനനസര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന പരാതിയുമായി ദമ്പതികള്‍ വന്ന വാര്‍ത്ത നാമെല്ലാവരും ഈയിടെ ശ്രദ്ധിച്ചതാണ്. ഇവരും അക്യുപങ്ചര്‍ പഠിച്ചവരായിരുന്നു. മാത്രമല്ല, ഇരുവരും ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബ്ലേഡ് ഉപയോഗിച്ചാണ് പ്രസവം നടത്തിയെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സര്‍ജിക്കല്‍ ഉപകരണങ്ങള്‍ മാത്രമുപയോഗിച്ച് ചെയ്യേണ്ട പ്രക്രിയകളെയാണ് ഇവര്‍ ഇത്തരത്തില്‍ ലഘൂകരിക്കുന്നത്.

ഈ സംഭവത്തിന് പിന്നാലെ അക്യുപങ്ചര്‍ പഠിച്ച് വീട്ടില്‍ പ്രസവം നടത്തിയ നിരവധി സ്ത്രീകളെ ഒരു ചടങ്ങില്‍ വെച്ച് ആദരിക്കുന്ന മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. പണ്ട് കാലത്ത് വീട്ടില്‍ തന്നെയായിരുന്നില്ലേ പ്രസവമെന്നും, ആശുപത്രിയില്‍ പോകാന്‍ പ്രസവം ഒരു രോഗമല്ലെന്നും, സുഖമമായി വീട്ടില്‍ നടക്കേണ്ട പ്രക്രിയയാണെന്നുമാണ് പ്രധാനമായും ഇക്കൂട്ടര്‍ ഉയര്‍ത്തുന്ന വാദം. എന്നാല്‍ അന്നത്തെ സാഹചര്യമല്ലെന്ന് മാത്രമല്ല, അന്നത്തെ ശിശു-മാതൃ മരണ നിരക്കിനെക്കുറിച്ചും ഇക്കൂട്ടര്‍ ബോധ്യരല്ല.

ഒരു കുഞ്ഞിന് ഒരു സ്ത്രീ ജന്മം നല്‍കുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ വേദന അനുഭവിച്ചാണ്. ജന്മം നല്‍കുന്ന അമ്മയും കുഞ്ഞും പൂര്‍ണ ആരോഗ്യത്തോടെയിരിക്കാന്‍ വേണ്ടി കൃത്യമായ ചികിത്സ പ്രസവസമയത്തും അതിന് മുമ്പും ശേഷവും നല്‍കേണ്ടതുണ്ട്. അതിന് വേണ്ടി നിരവധി പദ്ധതികള്‍ വര്‍ഷങ്ങളായി സര്‍ക്കാര്‍ തലത്തില്‍ ക്രമീകരിക്കുന്നുമുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഈ ചികിത്സകളെല്ലാം നിഷേധിച്ച് അവരെ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് തള്ളിവിടുന്നത് ക്രിമിനല്‍ കുറ്റകൃത്യമാണ്.

കേരളത്തില്‍ 2023 മാര്‍ച്ച് മുതല്‍ 2024 മാര്‍ച്ച് വരെ മാത്രം 523 വീട്ടുപ്രസവങ്ങള്‍ നടന്നതായാണ് കണക്ക്. ഇതില്‍ 253 എണ്ണം മലപ്പുറം ജില്ലയിലാണ്. ഇതില്‍ കുഞ്ഞുങ്ങള്‍ മരിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.
ഏറ്റവും ശ്രദ്ധയോടെ ചെയ്യേണ്ട ഒരു പ്രക്രിയ, രണ്ട് പേരുടെ ജീവനെ ബാധിക്കുന്ന പ്രസവത്തെ ലഘൂകരിച്ച് അതിന്റെ ഗൗരവത്തെ ഇല്ലാതാക്കുന്നവരുടെ ഒരു നിര തന്നെയുണ്ടായി വരുന്നുണ്ട്. കീശയില്‍ പണം നിറക്കാന്‍ വേണ്ടി ഇത്തരം വ്യാജ പണ്ഡിതര്‍ സോഷ്യല്‍ മീഡിയ വരെ ഉപയോഗിക്കുന്ന കാലത്ത് മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ആളുകളെ കബളിപ്പിക്കാന്‍ വലിയൊരു കൂട്ടര്‍ തന്നെ കാത്തിരിക്കുന്നുണ്ട്. 

ഈ വലയില്‍ വീഴാതെ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായ ചികിത്സ ഉറപ്പാക്കുകയെന്നത് ഓരോരുത്തരുടെയും കടമയാണ്. അല്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കും. വ്യാജചികിത്സകരുടെ അഴിഞ്ഞാട്ടങ്ങൾ ഇനിയും എത്ര ജീവൻ അപഹരിക്കുമെന്ന് പറയാൻ കഴിയില്ല. ഏതു രോഗത്തിനും തങ്ങളുടെ കൈയ്യിൽ മരുന്നുണ്ടെന്ന് വിശ്വസിപ്പിച്ച് രോഗികളെ വലയിലാക്കുന്ന ചില  സിദ്ധൻമാരെ സർക്കാർ ഉരുക്ക് മുഷ്ടി കൊണ്ടു നേരിടുക തന്നെ വേണം.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

A pregnant woman's death in Malappuram due to her husband's fake treatment highlights the dangerous rise of unqualified practitioners in Kerala, exploiting religious beliefs and social media. Despite the state's advancements in healthcare, such incidents reveal a concerning trend of people turning away from modern medicine towards unscientific practices, endangering mothers and newborns.

#FakeTreatmentKerala #MaternalDeath #MalappuramTragedy #HealthCrisis #SuperstitionKills #KeralaHealth

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia