Tragedy | സേലം സ്വദേശിയായ വ്യവസായി ഉള്‍പ്പെടെ അഞ്ചംഗ കുടുംബം പുതുക്കോട്ടയ്ക്കടുത്ത് കാറില്‍ മരിച്ചനിലയില്‍
● ഇവര്‍ വിഷം കഴിച്ചിരുന്നതായി പൊലീസ്.
● മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
ചെന്നൈ: (KVARTHA) സേലം സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചുപേരെ ബുധനാഴ്ച പുലര്‍ച്ചെ തിരുച്ചി-രാമേശ്വരം (Tiruchy-Rameswaram) ദേശീയപാതയ്ക്ക് സമീപം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തിരുമയം പോലീസ് (Thirumayam Police) അന്വേഷണം നടത്തിവരികയാണ്. വ്യവസായി എന്‍ മണികണ്ഠന്‍ (N Manikandan-54), ഭാര്യ നിത്യ (Nithya-48), മകന്‍ ധീരന്‍ (Dheeren-22), മകള്‍ നിഗാരിക (Nigarika-21), മണികണ്ഠന്റെ അമ്മ സരോജ (Saroja-70) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ ദേശീയപാതയില്‍ നിന്ന് 50 മീറ്റര്‍ അകലെ പുതുക്കോട്ട നമനസമുദ്രത്ത് നാഗരതര്‍ സമുദായാംഗങ്ങള്‍ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ ഉപയോഗിക്കുന്ന സ്ഥലമായ നാഗരശിവമഠത്തിന് സമീപം റോഡരികില്‍ സംശയാസ്പദമായ രീതിയില്‍ കാര്‍ കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. കാറിന്റെ വാതില്‍ തകര്‍ത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പുതുക്കോട്ട ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക ബാധ്യതയും ബിസിനസ്സ് നഷ്ടവും ഉള്‍പ്പെടെയുള്ള കാരണത്താലാണ് ജീവനൊടുക്കിയതെന്ന് വ്യക്തമാക്കുന്ന മണികണ്ഠന്‍ എഴുതിയതായി കരുതപ്പെടുന്ന ഒരു കത്ത് കാറിനുള്ളില്‍നിന്നും പൊലീസ് കണ്ടെടുത്തു. ഇവര്‍ അഞ്ചുപേരും വിഷം കഴിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
സേലത്ത് എസ്എം മെറ്റല്‍സ് എന്ന സ്ഥാപനം നടത്തിയിരുന്ന മണികണ്ഠന്‍ കൃഷ്ണഗിരി, നാമക്കല്‍ എന്നിവിടങ്ങളില്‍ ചെമ്പുമായി ബന്ധപ്പെട്ട ബിസിനസ് നടത്തിയിരുന്നുവെന്നും പുതുക്കോട്ടയില്‍ ബിസിനസ് ബന്ധങ്ങളുണ്ടായിരുന്നുവെന്നും കൂട്ടുകച്ചവടത്തെ തുടര്‍ന്നു വലിയ സാമ്പത്തിക ബാധ്യത ഉണ്ടായതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
#TamilNadu #financialcrisis #familytragedy #India #Salem #Pudukottai