Tragedy | മലപ്പുറത്ത് വീടിന് തീപ്പിടിച്ച് ഒരു കുടുംബത്തിലെ 2 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു
മലപ്പുറം: (KVARTHA) പൊന്നാനി പെരുമ്പടപ്പില്‍ (Ponnani, Perumbadappu) പുറങ്ങില്‍ വീടിന് തീപിടിച്ച് (Fire) ഒരു കുടുംബത്തിലെ രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പൊള്ളലേറ്റു. പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപത്ത് താമസിക്കുന്ന ഏറാട്ട് വീട്ടില്‍ സരസ്വതി, മകന്‍ മണികണ്ഠന്‍, ഭാര്യ റീന, മക്കളായ അനിരുദ്ധന്‍, നന്ദന എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. മൂന്നുപേരുടെ നില ഗുരുതരമെന്നാണ് വിവരം.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വീടിന്റെ ഒരു മുറിയിലാണ് തീപിടുത്തം ഉണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കടന്നാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊള്ളലേറ്റവരില്‍ മണികണ്ഠന്‍, റീന, സരസ്വതി എന്നിവരുടെ നില ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ബേണ്‍സ് ഐസിയുവില്‍ മൂന്ന് പേരും ചികിത്സയില്‍ കഴിയുകയാണ്.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ ജീവനൊടുക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
#housefire #malappuram #kerala #tragedy #financialhardship #family #support