Complaint | ഓണ്‍ലൈന്‍ വെബ്സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും മറവിൽ മാധ്യമപ്രവര്‍ത്തനമെന്ന പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കോം ഇന്ത്യ

 
 Image Representing Action Against Fraudulent Online Media
 Image Representing Action Against Fraudulent Online Media

Image: Arranged

●  ബ്ലാക്ക് മെയിലിംഗും പണപ്പിരിവും വ്യാപകമാകുന്നു.
●  മാധ്യമ രംഗത്ത് പരിചയമോ അക്കാദമിക് പരിജ്ഞാനമോ ഇല്ലാത്തവരാണ് തട്ടിപ്പ് നടത്തുന്നത്.
●  വ്യവസായികളെയും രാഷ്ട്രീയ നേതാക്കളെയും ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടുന്നു.
●  നിയമനടപടി ഭയന്ന് പലരും തട്ടിപ്പുകാരുടെ കെണിയിൽ വീഴുന്നു.

തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത്  ഓണ്‍ലൈന്‍ വെബ്സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും മറവിൽ മാധ്യമപ്രവര്‍ത്തനമെന്ന പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കോം ഇന്ത്യ പരാതി നൽകി. മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. തട്ടിപ്പ് വെബ്സൈറ്റുകളും യൂട്യൂബ് ചാനലുകളും ഉപയോഗിച്ച് ബ്ലാക്‌മെയിലിംഗും പണപ്പിരിവും നടത്തുന്ന സംഘങ്ങൾക്കെതിരെ അടിയന്തര അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെ വ്യവസ്ഥാപിതമായ രീതിയില്‍ അന്തസോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനനങ്ങള്‍ക്ക് പോലും മാനക്കേട് ഉണ്ടാക്കുന്ന വിധമാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ പ്രവര്‍ത്തനമെന്നും ഇത് തടയണമെന്നും, ഇത്തരം തട്ടിപ്പുകൾ നടത്തുന്നവരുടെ  പൂർവകാല ചരിത്രം അന്വേഷിക്കണമെന്നും കോം ഇന്ത്യ ആവശ്യപ്പെട്ടു. യാതൊരുവിധ മാധ്യമ പ്രതിബദ്ധതയും മാധ്യമപ്രവര്‍ത്തന പാരമ്പര്യവും ഇല്ലാതെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കുവേണ്ടി മാത്രം നടത്തപ്പെടുന്ന ഇത്തരം പല ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പിന്നിലും ക്വട്ടേഷന്‍ സംഘങ്ങള്‍ മുതല്‍ മറ്റ് സാമൂഹ്യവിരുദ്ധ ശക്തികള്‍ വരെയുണ്ടെന്നും കോം ഇന്ത്യ സംശയം പ്രകടിപ്പിച്ചു.  

മാത്രമല്ല, ഇവർക്ക്  മാധ്യമപ്രവർത്തന രംഗത്ത്  പരിചയമോ അക്കാദമിക് പരിജ്ഞാനമോ  പോലുമില്ല. വെബ്സൈറ്റ് ഇല്ലാത്ത പലരും ഫേസ്ബുക്ക് പേജിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്. ഇവര്‍ വ്യവസായികൾ, രാഷ്ട്രീയ നേതാക്കൾ, സംരംഭകർ തുടങ്ങിയവരെ ന്യൂനതകൾ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടുന്നതായി വ്യാപകമായ പരാതികളുണ്ട്. നിയമനടപടി ഭയന്ന് പലരും ഇവരുടെ കെണിയിൽ വീഴുന്നതിനാൽ ലക്ഷക്കണക്കിന് രൂപയാണ് ആളുകൾക്ക് നഷ്ടമാകുന്നത്. മാധ്യമപ്രവര്‍ത്തന രംഗത്ത് ഒരു മുന്‍ പരിചയവും ഇല്ലാതെയാണ് ഇവയില്‍ ബഹുഭൂരിപക്ഷം മീഡിയകളും പ്രവര്‍ത്തിക്കുന്നത്. 

നാമമാത്ര വായനക്കാര്‍ പോലുമില്ലെങ്കിലും ലക്ഷക്കണക്കിന് വായനക്കാരുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. ചില മാധ്യമങ്ങൾ അസോസിയേഷനുകൾ രൂപീകരിച്ച് കൂട്ടായ പണപ്പിരിവും നടത്തുന്നുണ്ട്. കഴിഞ്ഞ 4-5 വർഷത്തിനിടയിൽ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇത്തരം ബ്ലാക്ക്മെയിലിംഗ് പരാതികൾ ധാരാളമുണ്ടെന്നും കോം ഇന്ത്യ ചൂണ്ടിക്കാട്ടി. ഇത്തരം തട്ടിപ്പുകൾ വ്യക്തിഗത നഷ്ടങ്ങൾക്ക് പുറമെ,  സംസ്ഥാനത്ത് വ്യവസ്ഥാപിതമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് വായനക്കാരുള്ള ഓണ്‍ലൈന്‍ മീഡിയകള്‍ക്കുപോലും അത് മാനക്കേടുണ്ടാക്കുന്നതായും കോം ഇന്ത്യയ്ക്കുവേണ്ടി പ്രസിഡന്‍റ്  സാജ് കുര്യന്‍, സെക്രട്ടറി കെകെ ശ്രീജിത് എന്നിവര്‍ നൽകിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.

ജേണലിസം പഠിക്കുകയോ പ്രാവര്‍ത്തികമാക്കുകയോ മനസിലാക്കുകയോ ചെയ്യാത്തവരാണ് സോഷ്യല്‍ മീഡിയ സംവിധാനം ഉപയോഗിച്ച് നവമാധ്യമ പ്രവര്‍ത്തകരെന്ന ലേബല്‍ സ്വയം ചാര്‍ത്തി തട്ടിപ്പ് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നത്. മിക്കവര്‍ക്കും മാധ്യമ പ്രവര്‍ത്തനത്തില്‍ അക്കാദമിക് പരിജ്ഞാനമോ പ്രവര്‍ത്തന പരിചയമോ ഇല്ലാതെയാണ് വ്‌ലോഗര്‍ എന്ന പേരിന്റെ പരിധിയില്‍ നിന്ന് മീഡിയ എന്ന വിശേഷണം സ്വയം ചാര്‍ത്തിയെടുക്കുന്നതെന്നും കോം ഇന്ത്യ വ്യക്തമാക്കി. 

ഇത്തരം തട്ടിപ്പ് ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുംവരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കോം ഇന്ത്യ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്. ഫെബ്രുവരി 20ന് എറണാകുളത്ത് ചേര്‍ന്ന കോം ഇന്ത്യയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. സംസ്ഥാന ട്രഷറര്‍ കെ കെ ബിജ്‌നുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സാജ് കുര്യന്‍, സെക്രട്ടറി കെ കെ ശ്രീജിത്, മുന്‍ പ്രസിഡന്റും കേരള മീഡിയ അക്കാദമി ഭരണസമിതി അംഗവുമായ വിന്‍സെന്റ് നെല്ലിക്കുന്നേല്‍, ഷാജൻ സ്കറിയ, ആര്‍ രതീഷ്,  സോയിമോൻ എന്നിവര്‍ സംസാരിച്ചു.

ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കാനും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കല്ലേ!

Com India has filed a complaint seeking action against fraudulent online media in Kerala. The complaint highlights the blackmail and extortion tactics used by these outlets, which lack journalistic ethics and often have links to criminal activities. The organization calls for a thorough investigation and strict measures to protect the credibility of legitimate online media.

#FakeMedia #OnlineFraud #KeralaNews #ComIndia #Blackmail #MediaEthics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia