Bribery Case | 'പ്രവാസി മലയാളിയില്‍ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍'
● അറസ്റ്റിലായത് വൈക്കം ഡപ്യൂട്ടി തഹസില്‍ദാര്‍ ടികെ സുഭാഷ് കുമാര്‍.
● ആവശ്യപ്പെട്ടത് അറുപതിനായിരം രൂപ.
● പിടിവീണത് എടിഎമ്മില്‍ പണം നിക്ഷേപിക്കാന്‍ എത്തിയപ്പോള്‍.
● കൈക്കൂലി വാങ്ങിയത് വസ്തു പോക്കുവരവ് പ്രശ്‌നം പരിഹരിക്കാന്‍.
വൈക്കം: (KVARTHA) പ്രവാസി മലയാളിയില്‍ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡപ്യൂട്ടി തഹസില്‍ദാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. വൈക്കം ഡപ്യൂട്ടി തഹസില്‍ദാര്‍ ടികെ സുഭാഷ് കുമാര്‍ (54) ആണ് അറസ്റ്റിലായത്. വൈക്കം താലൂക്ക് ഓഫിസിന് സമീപമുള്ള എസ് ബി ഐയുടെ എടിഎമ്മില്‍ വച്ച് പ്രവാസി മലയാളിയില്‍ നിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സിന്റെ പിടിയിലായത്.
ഉച്ചയ്ക്ക് 12.30ന് ആയിരുന്നു സംഭവം. പരാതിക്കാരന്റെ ഭാര്യയുടെ പേരിലുള്ള 24 സെന്റ് വസ്തു പോക്കുവരവ് ചെയ്യാന്‍ വില്ലേജ് ഓഫിസില്‍ എത്തിയപ്പോള്‍ പോക്കുവരവ് ചെയ്ത് ലഭിച്ചത് 11 സെന്റ് മാത്രമായിരുന്നു. ഇത് പരിഹരിക്കാനായി താലൂക്ക് ഓഫിസില്‍ അപേക്ഷ നല്‍കിയപ്പോള്‍ ഡപ്യൂട്ടി തഹസില്‍ദാരായ സുഭാഷ് കുമാര്‍ അറുപതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്ന് പരാതിക്കാരന്‍ പറയുന്നു. ഇതിന്റെ ആദ്യ പടിയായ 25,000 രൂപ ബുധനാഴ്ച നല്‍കാനായിരുന്നു ആവശ്യപ്പെട്ടത്.
എടിഎമ്മില്‍ പണം നിക്ഷേപിക്കാനായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ എടിഎമ്മില്‍ പണം നിക്ഷേപിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ പരാതിക്കാരനെയും കൂട്ടി സുഭാഷ് തന്നെ നേരിട്ട് എടിഎമ്മില്‍ എത്തുകയായിരുന്നു. ഈ സമയത്താണ് വിജിലന്‍സ് പിടികൂടിയത്.
#KeralaNews #Corruption #BriberyCase #Vaikom #Vigilance #CrimeNews