Betrayal | 'മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ പ്രണയിച്ചിരുന്നു, സ്നേഹിക്കുന്ന ഒരാളെ ചതിച്ചു'; കോടതിയുടെ നിര്‍ണായക നിരീക്ഷണങ്ങള്‍


● ഗ്രീഷ്മയുടെ ഭാഗത്തുനിന്നുണ്ടായത് വിശ്വാസ വഞ്ചന.
● ജ്യൂസില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് ഷാരോണിന് തോന്നിയിരുന്നു.
● ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന് കോടതി.
● പ്രതിക്ക് പരമാവധി ശിക്ഷ നല്‍കുന്നതില്‍ നിയമപരമായ തടസ്സമില്ല.
തിരുവനന്തപുരം: (KVARTHA) പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള കോടതിയുടെ നിരീക്ഷണങ്ങള്‍ കേസിന്റെ ഗൗരവം വ്യക്തമാക്കുന്നതായിരുന്നു. ഷാരോണ്‍, ഗ്രീഷ്മയെ അഗാധമായി സ്‌നേഹിച്ചിരുന്നുവെന്നും മരണക്കിടക്കയില്‍ പോലും ഗ്രീഷ്മയെ സംശയിക്കാതിരുന്നത് അതിന്റെ തെളിവാണെന്നും കോടതി നിരീക്ഷിച്ചു.
ഗ്രീഷ്മയുടെ ഭാഗത്തുനിന്നുണ്ടായത് വിശ്വാസ വഞ്ചനയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് പ്രലോഭിപ്പിച്ച് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത്. ജ്യൂസില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് ഷാരോണിന് തോന്നിയിരുന്നു, അതുകൊണ്ടാണ് വീഡിയോ എടുക്കാന്‍ സമ്മതിക്കാതിരുന്നത്. എന്നിട്ടും ഗ്രീഷ്മയെ അവിശ്വസിക്കാന്‍ ഷാരോണ്‍ തയ്യാറായില്ലെന്നും കോടതി എടുത്തുപറഞ്ഞു.
ഗ്രീഷ്മയുടെ പ്രായം പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പിടിക്കപ്പെടാതിരിക്കാന്‍ ഗ്രീഷ്മ പല കൗശലങ്ങളും പ്രയോഗിച്ചു, പല കള്ളങ്ങളും പറഞ്ഞു. ഷാരോണിന് ഒരു സൂചനയും നല്‍കാതെയാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്തത്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഇര പൂര്‍ണമായും നിഷ്‌കളങ്കനായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം കേസ് വഴിതിരിച്ചുവിടാനുള്ള തന്ത്രമായിരുന്നുവെന്നും ലൈസോള്‍ കുടിച്ചാല്‍ മരിക്കില്ലെന്ന് ഗ്രീഷ്മയ്ക്ക് അറിയാമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
പ്രോസിക്യൂഷന്‍ വാദിച്ചതുപോലെ ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന് കോടതി കണ്ടെത്തി. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കുന്നതില്‍ നിയമപരമായ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിഭാഗം ഉന്നയിച്ച വാദങ്ങളെ കോടതി തള്ളി. ഷാരോണ്‍, ഗ്രീഷ്മയെ ഭീഷണിപ്പെടുത്തിയിരുന്നെന്ന വാദം കോടതി അംഗീകരിച്ചില്ല. ഷാരോണിന് സാമൂഹ്യവിരുദ്ധ പശ്ചാത്തലമുണ്ടെന്ന വാദവും കോടതി തള്ളി. ഷാരോണ്‍ പ്രണയത്തിന് അടിമയായിരുന്നുവെന്നും മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ പ്രണയിച്ചിരുന്നുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഷാരോണ്‍ അനുഭവിച്ചത് വലിയ വേദനയാണെന്നും ഇത്തരം കേസുകളില്‍ പരമാവധി ശിക്ഷ നല്‍കരുതെന്ന് നിയമമില്ലെന്നും കോടതി വ്യക്തമാക്കി. ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല എന്ന വാദം കണക്കിലെടുക്കാന്‍ സാധിക്കില്ല. കാരണം ഗ്രീഷ്മ നേരത്തെയും വധശ്രമം നടത്തി. ഗ്രീഷ്മ വീണ്ടും വീണ്ടും കുറ്റകൃത്യം ചെയ്തുവെന്നും കോടതി നിരീക്ഷിച്ചു. ഷാരോണ്‍, ഗ്രീഷ്മയെ മര്‍ദിച്ചിട്ടില്ലെന്നും കോടതി കണ്ടെത്തി. ഷാരോണിന്റെ ആന്തരിക അവയവങ്ങള്‍ അഴുകിയ നിലയിലായിരുന്നുവെന്നും ഇത് സമര്‍ത്ഥമായ കൊലപാതകമാണെന്നും കോടതി വ്യക്തമാക്കി.
ഗ്രീഷ്മയെ വാവ എന്നാണ് മരണക്കിടക്കിലും ഷാരോണ്‍ വിശേഷിപ്പിച്ചത്. കൊലപാതക പ്ലാന്‍ ഷാരോണിന് അറിയില്ലായിരുന്നു. സ്നേഹിക്കുന്ന ഒരാളെ ചതിച്ചു. സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് സമൂഹത്തിന് നല്‍കുന്നതെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു.
#SharonMurderCase #GreeshmaVerdict #Kerala #Justice #Betrayal #LoveBetrayal