Mystery | പൊതുദര്‍ശനത്തിന് ശേഷം മഹാസമാധി; ഗോപനുവേണ്ടി പുതിയ അറ 'ഋഷിപീഠം'; വിവാദ പരാമര്‍ശങ്ങളില്‍ ക്ഷമ ചോദിച്ച് മകന്‍

 
Exhumed a body from a concrete chamber in Neyyattinkara
Exhumed a body from a concrete chamber in Neyyattinkara

Photo Credit: X/Hate Detector

● നാമജപ ഘോഷയാത്രയോടെ പൊതുദര്‍ശനം.
● സന്യാസിമാരുടെ നേതൃത്വത്തില്‍ സംസ്‌ക്കാര ചടങ്ങുകള്‍.
● കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും എടുക്കുമെന്ന് പൊലീസ്.
● ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം നിര്‍ണായകം.

തിരുവനന്തപുരം: (KVARTHA) ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെ മൃതദേഹം വെള്ളിയാഴ്ച മഹാസമാധിയിലൂടെ അടക്കം ചെയ്യുമെന്ന് മകൻ സനന്ദൻ അറിയിച്ചു. നെയ്യാറ്റിൻകര ഗോപനുവേണ്ടി വീട്ടുവളപ്പിൽ, കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയ സമാധിയറയുടെ അതേ സ്ഥലത്ത് 'ഋഷിപീഠം' എന്ന് പേരുള്ള പുതിയ സമാധിമണ്ഡപം ഒരുങ്ങി.

ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഗോപന്റെ മൃതദേഹം ഘോഷയാത്രയായി കൊണ്ടുവന്ന് വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷമാകും സമാധിയിരുത്തുക. വിപുലമായ ചടങ്ങുകളാണ് കുടുംബവും ഹിന്ദു ഐക്യവേദി, വി.എസ്.ഡി.പി. ഉൾപ്പെടെയുള്ള സംഘടനകളും ആലോചിക്കുന്നത്.

മോർച്ചറിയിൽനിന്ന് മൃതദേഹം പുറത്തെടുത്ത് നാമജപ ഘോഷയാത്രയോടെ വീട്ടിലെത്തിക്കുമെന്ന് വി.എസ്.ഡി.പി. നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു. തുടർന്ന് സന്യാസിമാരുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങുകൾ നാല് മണിക്ക് സമാപിക്കും. മഹാസമാധി ചടങ്ങിൽ സന്യാസിവര്യന്മാർ പങ്കെടുക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. വീടിന് മുന്നിൽ പന്തൽ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

സമാധി വിഷയം വിവാദമായപ്പോൾ ഒരു വിഭാഗത്തിനെതിരെ നടത്തിയ പരാമർശങ്ങളിൽ മാപ്പ് ചോദിക്കുന്നുവെന്ന് ഗോപന്റെ മകൻ സനന്ദൻ പറഞ്ഞു. വൈകാരികമായി നടത്തിയ പ്രതികരണമായിരുന്നു അതെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും സനന്ദൻ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ കേരളത്തിലാകമാനം വിവാദം സൃഷ്ടിച്ച കേസാണ് നെയ്യാറ്റിൻകര സമാധി. പിതാവിനെ മക്കൾ സമാധിയിരുത്തിയ സംഭവം വിവാദമായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം കല്ലറ തുറന്ന് നെയ്യാറ്റിൻകര ഗോപന്റെ മൃതദേഹം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തിൽ പ്രത്യക്ഷത്തിൽ കാണാനില്ലെന്നാണ് പോലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട്. സ്വാഭാവിക മരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടും. അതിനാൽ സംഭവത്തിൽ ദുരൂഹത ഏറെയായിരുന്നുവെങ്കിലും ഗോപൻസ്വാമിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, അന്തിമ റിപ്പോർട്ടിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് പോലീസ് പറഞ്ഞു. ആന്തരിക അവയവങ്ങൾ വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ഗോപൻ സ്വാമി മരിച്ച ശേഷം അദ്ദേഹം സമാധിയായതായുള്ള പോസ്റ്റർ പ്രിന്റ് ചെയ്തുവെന്നാണ് മകന്റെ മൊഴി. ഈ പോസ്റ്റർ പതിച്ചപ്പോഴാണ് മരണവിവരം അയൽവാസികൾ അറിഞ്ഞത്. പിന്നാലെ നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയെ കാണാനില്ലെന്ന പരാതിയിൽ നെയ്യാറ്റിൻകര പോലീസ് അന്വേഷണം നടത്തുകയായിരുന്നു.

ആന്തരാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാലേ മരണകാരണം അറിയാൻ കഴിയൂ എന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘം പോലീസിനെ അറിയിച്ചു. തലയിൽ കരുവാളിച്ച പാടുകളുണ്ട്. അത് പരുക്കിന്റേതാണോ എന്നും പരിശോധിക്കണം. ശ്വാസകോശത്തിൽ ഭസ്മം കലർന്നിട്ടുണ്ടോയെന്നും സംശയമുണ്ട്. വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോയെന്ന് അറിയണമെങ്കിൽ ആന്തരാവയവങ്ങളുടെ പരിശോധനാഫലവും പുറത്തുവരണം. ഇതിന് ദിവസങ്ങൾ വേണ്ടിവരുമെന്നാണ് പോലീസ് വിലയിരുത്തൽ.

ആർ.ഡി.ഒ. കൂടിയായ സബ് കളക്ടർ ഒ.വി. ആൽഫ്രഡിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ ആറിന് ഗോപന്റെ വസതിയിലെത്തിയ സംയുക്ത സംഘം മൂന്ന് മണിക്കൂറിനുള്ളിൽ മൃതദേഹം പുറത്തെടുത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കി. കല്ലറയ്ക്കുള്ളിൽ ചമ്രംപടിഞ്ഞിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴുത്ത് ഭാഗം വരെ പൂജാദ്രവ്യങ്ങളാൽ മൂടിയിരുന്നു. ശരീരമാസകലം ഭസ്മം പൂശി, കർപ്പൂരം വിതറിയ നിലയിലായിരുന്നു.

താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സമാധിയിരുത്തണമെന്ന അച്ഛന്റെ ആഗ്രഹം നിറവേറ്റുക മാത്രമാണ് താനും കുടുംബവും ചെയ്തതെന്നും മരിച്ച ഗോപൻസ്വാമിയുടെ മകൻ രാജസേനൻ നേരത്തെ പറഞ്ഞിരുന്നു.

കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും എടുക്കാനാണ് പോലീസ് തീരുമാനം. ഭാര്യയുടെയും മക്കളുടെയും മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. ഗോപൻ സ്വാമിയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാ ഫലം നിർണായകമാണെന്നും പോലീസ് പറഞ്ഞു.

#Neyyattinkara #Samadhi #Kerala #mystery #death #investigation #postmortem

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia