Assault | ബെംഗളൂരു റോഡില്‍ ആക്രമണത്തിനിരയായി മലയാളി കുടുംബം; വാഹനത്തിലുണ്ടായിരുന്ന 5 വയസ്സുകാരന് തലയ്ക്ക് പരുക്ക്; ഒരാള്‍ അറസ്റ്റില്‍
● ദീപാവലി ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ആക്രമണം.
● കസവനഹള്ളിയില്‍ അമൃത കോളേജിന് സമീപമാണ് സംഭവം.
● കല്ലു കൊണ്ട് കാറിന്റെ ഗ്ലാസ് തകര്‍ത്തു.
● പരുക്കേറ്റ കുട്ടിയുടെ തലയ്ക്ക് മൂന്ന് സ്റ്റിച്ച്.
● മറ്റൊരു പ്രതിക്കായി തിരച്ചില്‍ തുടരുന്നുവെന്ന് പൊലീസ്.
ബെംഗളൂരു: (KVARTHA) ദീപാവലി ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി കുടുംബം ബെംഗളൂരു റോഡില്‍ ആക്രമണത്തിനിരയായി. ഐടി ജീവനക്കാരന്‍ അനൂപ് ജോര്‍ജിനും (Anoop George) കുടുംബത്തിനുമാണ് ആക്രമണം നേരിടേണ്ടി വന്നത്. വാഹനത്തിലുണ്ടായിരുന്ന ഇവരുടെ അഞ്ച് വയസ്സുള്ള മകന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
പരുക്കേറ്റ കുട്ടിയുടെ തലയ്ക്ക് മൂന്ന് സ്റ്റിച്ചുണ്ടെന്ന് ആശുപത്രിയില്‍ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസിനെ ടാഗ് ചെയ്ത് അനൂപ് സമൂഹ മാധ്യമങ്ങളിലൂടെ അക്രമത്തിന്റെ ദൃശ്യം പങ്കുവെക്കുകയായിരുന്നു. പിന്നാലെ കേസെടുത്ത പൊലീസ്, പരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂര്‍ത്തിയെ അറസ്റ്റ് ചെയ്തു.
കൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത്: കസവനഹള്ളിയില്‍ അമൃത കോളേജിന് സമീപം രണ്ട് ദിവസം മുന്‍പ് രാത്രി 9.30-യോടെയാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ അക്രമികള്‍ കാര്‍ തടഞ്ഞ് നിര്‍ത്താന്‍ ശ്രമിച്ചു. വാഹനം മുന്നോട്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കല്ലു കൊണ്ട് കാറിന്റെ ഗ്ലാസ് തകര്‍ത്തു. ഇതോടെയാണ് കാറിലുണ്ടായിരുന്ന കുട്ടിക്ക് പരുക്കേറ്റത്.
ആക്രമണത്തിന് ഇരയായവരുടെ കയ്യില്‍, പ്രതികളുടെ ദൃശ്യമുണ്ടായിരുന്നതിനാല്‍ അക്രമികളെ വേഗം തിരിച്ചറിഞ്ഞു. കാര്‍ ബൈക്കില്‍ ഉരസിയെന്നും എന്നിട്ട് വാഹനം നിര്‍ത്താതെ പോയതോടെയാണ് ആക്രമിച്ചതെന്നുമാണ് അറസ്റ്റിലായ ആളുടെ മൊഴി. മറ്റൊരു പ്രതിക്കായി തിരച്ചില്‍ തുടരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
#BengaluruAttack #MalayaliFamily #RoadRage #ChildSafety #IndiaNews #Karnataka