Crime | തെളിവില്ല, തുമ്പില്ല, റിജോയുടെ പദ്ധതികളെല്ലാം കിറുകൃത്യം; എന്നിട്ടും പോട്ട ബാങ്ക് കവർച്ചയുടെ ചുരുളഴിച്ചത് ഇങ്ങനെ!


● ഹിന്ദി വാക്കുകൾ ഉപയോഗിച്ച് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.
● വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചും വേഷം മാറിയും രക്ഷപ്പെടാൻ ശ്രമിച്ചു.
● പ്രതിയുടെ ഷൂസ് അന്വേഷണത്തിൽ തുമ്പായി
● സംഭവത്തിന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ പ്രതിയെ പിടികൂടി.
തൃശൂർ: (KVARTHA) ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ കവർച്ച നടത്തിയ പ്രതിയെ മൂന്ന് ദിവസത്തിനുള്ളതിൽ പിടികൂടാൻ സഹായിച്ചത് കേരള പൊലീസിന്റെ അന്വേഷണ മികവ്. കഴിഞ്ഞ ഫെബ്രുവരി 14-ന് ചാലക്കുടിയിലെ പൊട്ടയിൽ പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിന്റെ ശാഖയിൽ നടന്ന കൊള്ള നാടിനെ നടുക്കിയിരുന്നു. തെളിവുകളും സൂചനകളുമില്ലാത്ത കേസിൽ മൂന്ന് ദിവസം ഉറക്കമൊഴിച്ചുള്ള മികവാർന്ന അന്വേഷണത്തിൽ ബാങ്കിന്റെ ഏതാനും കിലോമീറ്റർ മാത്രം ദൂരെയുള്ള റിജോ ആന്റണിയാണ് (റിന്റോ–49) പ്രതിയെന്ന് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
നാടിനെ നടുക്കിയ കവർച്ച
ഫെബ്രുവരി 14-ന് ഉച്ചയ്ക്ക് 2.15-ന് ബാങ്കിലെത്തിയ പ്രതി ജീവനക്കാരെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി, അവരെ ബാങ്കിലെ ശുചിമുറിയിൽ പൂട്ടിയിട്ട് പണം കവരുകയായിരുന്നു. ക്യാഷ് കൗണ്ടർ തകർത്ത് 15 ലക്ഷം രൂപയാണ് ഇയാൾ കൊള്ളയടിച്ചത്. മലയാളിയായ പ്രതി ബാങ്കിൽ എത്തിയത് മുതൽ 'ക്യാഷ് കിദർ ഹേയ്, ചാവി ദേദോ' തുടങ്ങിയ ഹിന്ദി വാക്കുകളാണ് സംസാരിച്ചത്. മൂന്ന് മിനിറ്റിനുള്ളിൽ കവർച്ച പൂർത്തിയാക്കി പ്രതി കടന്നുകളഞ്ഞു.
വിദഗ്ധമായ ആസൂത്രണം
തെളിവുകളൊന്നും അവശേഷിപ്പിക്കാതെ അതിസമർഥമായി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് പ്രതി ബാങ്ക് കൊള്ള നടത്തിയത്. ഇതിനായി അയാൾ മുൻപ് ബാങ്ക് സന്ദർശിക്കുകയും അവിടുത്തെ രീതികളും മറ്റും മനസ്സിലാക്കുകയും ചെയ്തിരുന്നു. സ്വന്തം സ്കൂട്ടറിലാണ് മോഷണത്തിന് എത്തിയത്. എന്നാൽ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചായിരുന്നു വാഹനം ഓടിച്ചത്. വാഹനത്തിന്റെ സൈഡ് മിറർ കൃത്യത്തിനു വരുമ്പോൾ ഊരി മാറ്റിയിരുന്നു. അന്വേഷണം വഴി തിരിച്ചുവിടുന്നതിനും പ്രതി ബോധപൂർവം ശ്രമിച്ചിരുന്നു. കവർച്ചയ്ക്ക് ഉപയോഗിച്ച ജാക്കറ്റും കയ്യുറകളും വീട്ടിലേക്ക് പോകുന്ന വഴിയിൽ തന്നെ കത്തിച്ചു കളഞ്ഞു.
നമ്പർ പ്ലേറ്റ് ഉപേക്ഷിക്കപ്പെട്ട ഒരു ക്വാറിയിൽ എറിഞ്ഞു. ജാക്കറ്റിന്റെ അടിയിൽ രണ്ട് ഷർട്ടുകൾ ധരിച്ചിരുന്നു. തിരികെ പോകുമ്പോൾ ഷർട്ടുകൾ മാറ്റി ധരിച്ചു. കവർച്ചയ്ക്ക് ശേഷം പ്രതി പല വഴികൾ മാറി സഞ്ചരിച്ചു. പൊലീസ് സാന്നിധ്യമുള്ള വഴികൾ ഒഴിവാക്കി ചെറുവഴികളിലൂടെയായിരുന്നു യാത്ര. സിസിടിവി ഇല്ലാത്ത സ്ഥലത്ത് വസ്ത്രം മാറ്റി. കവർച്ചയ്ക്ക് ശേഷം മൂന്നാമത്തെ വസ്ത്രമാണ് പ്രതി ധരിച്ചത്. 400 മീറ്റർ കഴിഞ്ഞ ശേഷം പ്രതി സ്കൂട്ടറിൽ റിയർവ്യൂ മിറർ ഫിറ്റ് ചെയ്തു. ഇതടക്കം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമുണ്ടായി.
പ്രതിയെ തേടി അന്വേഷണം
കൊള്ളയുടെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ പൊലീസ് അന്വേഷണം ഊർജിതമാക്കി. തൃശൂർ റൂറൽ എസ് പി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പിമാരായ സുമേഷ് കെ, വി കെ രാജു എന്നിവരടങ്ങുന്ന 36 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്. ബാങ്ക് ജീവനക്കാരെ കേന്ദ്രീകരിച്ചും സിസിടിവി ക്യാമറകൾ പരിശോധിച്ചും ഇടപാടുകാരെ നിരീക്ഷിച്ചും അന്വേഷണം നടത്തി.
പൊലീസ് ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത് സ്കൂട്ടറിലായിരുന്നു. എൻടോർക്ക് മോഡൽ സ്കൂട്ടറുകൾ ആ പ്രദേശത്ത് 500-ൽ താഴെ മാത്രമാണുള്ളതെന്ന് കണ്ടെത്തി. തുടർന്ന് പള്ളിയുടെ അടുത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ആ മോഡൽ സ്കൂട്ടർ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞു. ഒരു സ്കൂട്ടർ ഉച്ചയ്ക്ക് 1.30-ന് ഒരു വീട്ടിൽ നിന്ന് ഇറങ്ങി മൂന്ന് മണിക്ക് തിരിച്ചെത്തുന്നതായി കണ്ടെത്തി. സമയം കുറ്റകൃത്യം നടന്നതുമായി ഒത്തുനോക്കിയപ്പോൾ സംശയം ബലപ്പെട്ടു. ആ സ്കൂട്ടർ അങ്കമാലി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളുടെ കൂട്ടത്തിൽ ഉണ്ടോയെന്ന് പരിശോധിച്ചു. എന്നാൽ കാണാനില്ലായിരുന്നു.
ബാങ്കിന്റെ പരിസരവും, ബാങ്കിന്റെ സുരക്ഷാ ക്രമീകരണങ്ങളിലെ പാളിച്ചകളും അറിയുന്ന ഒരാളാണ് കൊള്ള നടത്തിയതെന്ന് പൊലീസിന് മനസ്സിലായി. ആൾത്തിരക്ക് കുറഞ്ഞ സമയമായ ഉച്ചഭക്ഷണം കഴിക്കുന്ന സമയം തന്നെ പ്രതി കവർച്ചയ്ക്ക് തിരഞ്ഞെടുത്തു. കൗണ്ടറിൽ നിന്ന് മൂന്ന് കെട്ട് പണമാണ് പ്രതി എടുത്തത്. പ്രതിയെ പിടികൂടാൻ ശാസ്ത്രീയ മാർഗങ്ങൾ പലതും ഉപയോഗിച്ചു. നാല് പൊലീസ് ടീമുകളാണ് രൂപീകരിച്ചത്. ഒരു ടീം വാഹനങ്ങളുടെ രേഖകൾ പരിശോധിച്ചു, മറ്റൊരു ടീം ഫീൽഡ് വർക്ക് ചെയ്തു, മറ്റു രണ്ടു ടീമുകൾ കോൾ ഡാറ്റ റെക്കോർഡുകളും രേഖകളും പരിശോധിച്ചു.
പ്രതിയിലേക്ക് എത്തുന്നു
അന്വേഷണം പുരോഗമിക്കവേ, പ്രതിയുടെ വ്യക്തിഗത വിവരങ്ങൾ പൊലീസ് മനസിലാക്കി. അന്വേഷണത്തിൻ്റെ ഭാഗമായി ആശാരിപ്പാറ ഭാഗത്ത് പൊലീസ് എത്തി. ആ പ്രദേശത്തുള്ളവരോട് ബാങ്ക് കവർച്ചയുടേയും സ്കൂട്ടറിൽ പ്രതി പോകുന്നതിൻ്റെയും സിസിടിവി ദൃശ്യം കാണിച്ച് ഇങ്ങനെ ഒരാളെ അറിയുമോ എന്ന് ചോദിച്ചു. വ്യക്തമാകുന്നില്ലെന്ന് മറുപടി ലഭിച്ചപ്പോൾ ദൃശ്യത്തിൽ കാണുന്നതിനോട് സാമ്യമുള്ള ആരെയെങ്കിലും അറിയുമോ എന്നും പൊലീസുകാർ ചോദിച്ചു. തൊട്ടടുത്ത റിജോയുടെ വീട്ടിൽ ഇത്തരത്തിൽ ഒരു സ്കൂട്ടറുണ്ടെന്ന് അവരിലൊരാൾ മറുപടി നൽകി.
ഇതോടെയാണ് റിജോയുടെ വീട്ടിലേക്ക് പൊലീസ് വേഷം മാറിയെത്തിയത്. മോഷണ സമയത്ത് റിജോ ധരിച്ച ഷൂസ് വീടിന് പുറത്ത് കണ്ടെത്തി. ഇതോടെ പ്രതിയിലേക്ക് പൂർണമായി എത്തിയെന്ന് പൊലീസ് ഉറപ്പിച്ചു. വൈകാതെ റിയോ ആൻ്റണി എന്നയാളാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചത് സ്കൂട്ടറിൽ നിന്നാണ്. തുടർന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വിവരങ്ങൾ ലഭിച്ചു. സംഭവത്തിന് നാല് ദിവസം മുൻപു പ്രതി ബാങ്കിലെത്തിയിരുന്നു. കാലാവധി കഴിഞ്ഞ എടിഎം കാർഡുമായെത്തി ഇതു ഉപയോഗിക്കാൻ കഴിയുന്നില്ലെന്നു ജീവനക്കാരോടു പറഞ്ഞിരുന്നു. ഈ വരവിലാണ് സാഹചര്യങ്ങൾ മനസിലാക്കിയത്.
റിയോയുടെ വീട്ടിൽ പൊലീസ് എത്തിയപ്പോൾ അയാൾ കുറ്റം സമ്മതിച്ചു. കവർച്ച നടത്താൻ ഉപയോഗിച്ച സ്കൂട്ടർ വീടിന്റെ മുന്നിൽ തന്നെ പാർക്ക് ചെയ്തിരുന്നു. റിജോ ആന്റണി ആഢംബരജീവിതമാണ് നയിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. റിജോ ആന്റണിയുടെ ഭാര്യ വിദേശത്ത് നിന്ന് അയച്ച പണം ഇയാൾ ഇവിടെ ധൂർത്തടിച്ച് കളയുകയായിരുന്നു. ഏകദേശം അരക്കോടിയോളം രൂപയുടെ കടം പ്രതിക്ക് ഉണ്ടെന്നാണ് വിവരം. ഭാര്യ തിരിച്ച് നാട്ടിലെത്തുന്നതിന് മുൻപ് കടം വീട്ടാനാണ് കൊള്ള നടത്തിയത് എന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്.
മോഷണ മുതൽ കണ്ടെത്തി
റിയോ മോഷ്ടിച്ച പണം കണ്ടെത്തിയിട്ടുണ്ട്. ഒരു കടക്കാരന് റിയോ നൽകിയ 2.9 ലക്ഷം രൂപ ഞായറാഴ്ച ചാലക്കുടി ഡിവൈഎസ്പി ഓഫീസിൽ തിരികെ നൽകി. ബാക്കി 12 ലക്ഷം രൂപ പ്രതിയുടെ ബെഡ്‌റൂമിന് മുകളിലെ ഷെൽഫിൽ നിന്നാണ് കണ്ടെത്തിയത്. കവർച്ചയ്ക്ക് ഉപയോഗിച്ച കത്തിയും വസ്ത്രങ്ങളും അയാളുടെ വീട്ടിലെ കിച്ചണിൽ നിന്നും കണ്ടെടുത്തു.
അതിനിടെ, പ്രതി ചാലക്കുടി പള്ളിയിലെ ഉത്സവത്തിൽ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കവർച്ച നടത്തുന്നതിന് മുൻപ് ഇയാൾ ഉത്സവ സ്ഥലത്ത് നിന്ന് ഒരു ബൈക്കിന്റെ നമ്പർ പ്ലേറ്റ് മോഷ്ടിച്ച് തന്റെ വാഹനത്തിൽ വെച്ചതായും കണ്ടെത്തിയിട്ടുണ്ട്. റിയോയുടെ സാമ്പത്തിക പ്രശ്നങ്ങളാണ് കൊള്ളയിലേക്ക് നയിച്ചത് എന്ന് പൊലീസ് പറയുന്നു. മറ്റെന്തെങ്കിലും ബന്ധങ്ങൾ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
Kerala Police’s efficient investigation led to the arrest of Rijo Antony, who carried out a well-planned heist at the Chalakudy Federal Bank.
#ChalakudyHeist, #KeralaPolice, #BankRobbery, #InvestigationSuccess, #RijoAntony, #ChalakudyNews