Assault | ഭക്ഷണശാലയില്‍ വെച്ച് വിദ്യാര്‍ഥികളെ മര്‍ദിച്ചതായി പരാതി; 2 പേര്‍ അറസ്റ്റില്‍
● പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
● പ്രതികള്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്ന് പൊലീസ്.
● ശ്രീദേവി കുപ്പത്തെ ഭക്ഷണശാലയിലാണ് സംഭവം.
ചെന്നൈ: (KVARTHA) മദ്യലഹരിയില്‍ ഭക്ഷണശാലയില്‍ വെച്ച് വിദ്യാര്‍ഥികളെ മര്‍ദിച്ചെന്ന പരാതിയില്‍ നാല് പേര്‍ക്കെതിരെ വല്‍സരവാക്കം (Valasaravakkam) പൊലീസ് കേസെടുത്തു. ഗായകന്‍ മനോയുടെ മക്കളായ സഹീര്‍, റഫീഖ് എന്നിവരും ഇവരുടെ സുഹൃത്തുക്കളായ വിഘ്‌നേഷ്, ധര്‍മ എന്നിവര്‍ക്കെതിരെയുമാണ് നടപടി.
വല്‍സരവാക്കം പൊലീസ് പറയുന്നത്: വധഭീഷണി, മര്‍ദനം, അസഭ്യം പറയല്‍ തുടങ്ങിയ 4 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് വിഘ്നേഷിനെയും ധര്‍മയെയും അറസ്റ്റ് ചെയ്തു. സഹീറും റഫീഖും ഒളിവിലാണ്. ചൊവ്വാഴ്ച രാത്രി ശ്രീദേവി കുപ്പത്തെ ഭക്ഷണശാലയില്‍ വെച്ച് 16 കാരന്‍ ഉള്‍പ്പെടെ രണ്ടുപേരാണ് അതിക്രമത്തിന് ഇരയായത്.
ആലപ്പാക്കത്തെ കിരുബാകരന്‍ (20), മധുരവോയല്‍ സ്വദേശിയായ 16 വയസ്സുള്ള ആണ്‍കുട്ടി എന്നിവര്‍ ചൊവ്വാഴ്ച കായിക പരിശീലനത്തിന് ശേഷം വല്‍സരവാക്കത്തെ ശ്രീദേവി കുപ്പത്തെ ഭക്ഷണശാലയിലേക്ക് പോയതായിരുന്നു. ഈ സമയം, യുവാക്കള്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍, ഇവരുടെ സുഹൃത്തുക്കളോടൊപ്പം ഭക്ഷണശാലയില്‍ ഉണ്ടായിരുന്നു. ഇവരും വിദ്യാര്‍ഥികളും തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളെ മര്‍ദിച്ച ശേഷം പ്രതികള്‍ സ്ഥലംവിടുകയായിരുന്നു. പരുക്കേറ്റ വിദ്യാര്‍ഥികളെ കില്‍പോക്ക് സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
#singermano #assault #arrest #chennai #crime #news #india