Encounter | 'തെളിവെടുപ്പിനിടെ എസ്‌ഐമാരില്‍ ഒരാളെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം'; ആംസ്‌ട്രോങ്ങ് കൊലക്കേസ് പ്രതി ഏറ്റുമുട്ടലില്‍ മരിച്ചതായി പൊലീസ്


ഒരാഴ്ചക്കിടെ രണ്ടാമത്തെ ഏറ്റുമുട്ടല്‍ മരണം.
ഗുണ്ടകളോട് ഗുണ്ടകളുടെ ഭാഷയില്‍ സംസാരിക്കുമെന്ന് പുതിയ ചെന്നൈ കമീഷണര്‍ പറഞ്ഞിരുന്നു.
ചെന്നൈ: (KVARTHA) ബിഎസ്പി നേതാവ് കെ ആംസ്‌ട്രോങ്ങിന്റെ കൊലപാതക കേസിലെ പ്രതികളിലൊരാളായ തിരുവെങ്കടം വെടിയേറ്റ് മരിച്ചു. ഞായറാഴ്ച (14.07.2024) രാവിലെ തെളിവെടുപ്പിന്റെ ഭാഗമായി തിരുവെങ്കടത്തെ ചെന്നൈയിലെ മാധവരത്തിന് അടുത്തുള്ള സ്ഥലത്തേക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. തെളിവെടുപ്പിനിടെ എസ്‌ഐമാരില്‍ ഒരാളെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവയ്ക്കുകയായിരുന്നുവെന്നാണ് വിവരം.
കൃത്യത്തെ കുറിച്ച് ചെന്നൈ പൊലീസിന്റെ വിശദീകരണം: ആംസ്‌ട്രോങ്ങിനെ കൊല്ലാനുപയോഗിച്ച ആയുധം കണ്ടെത്താനാണ് തിരുവെങ്കടത്തെ മാധവരത്ത് എത്തിച്ചത്. തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് ഏറ്റുമുട്ടല്‍ നടന്നതും. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിയുതീര്‍ക്കേണ്ടിവന്നു.
പരുക്കേറ്റ ഇയാളെ സമീപത്തെ സര്‍കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. 2015ല്‍ തിരുവളളൂര്‍ ജില്ലയിലെ ബിഎസ്പി പ്രസിഡന്റ് തേനരശിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് സ്ഥിരം കുറ്റവാളിയായ മരിച്ച തിരുവെങ്കടമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഒരാഴ്ചക്കിടെ തമിഴ്‌നാട്ടില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടല്‍ കൊലയാണിത്. കഴിഞ്ഞ ദിവസം തിരുച്ചിറപ്പള്ളി പുതുക്കോട്ടയില്‍ ഗുണ്ടാ നേതാവ് ദുരൈയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. വനമേഖലയില്‍ ഗുണ്ടകള്‍ ഒളിച്ചിരിക്കുന്നത് അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ദുരൈയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇന്‍സ്‌പെക്ടറെ വെട്ടിയപ്പോള്‍ പ്രാണരക്ഷാര്‍ഥമാണ് തിരിച്ച് വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്.
അഞ്ച് കൊലക്കേസ് അടക്കം 69 കേസുകളില്‍ പ്രതിയാണ് ഗുണ്ടാ നേതാവായ ദുരൈ. പരുക്കേറ്റ പൊലീസുകാരന്റെ ചിത്രം ഉള്‍പെടെ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ദുരൈയുടെ ഏറ്റുമുട്ടല്‍ കൊലക്ക് പിന്നാലെയാണിപ്പോള്‍ തിരുവേങ്കടത്തെയും വെടിവെച്ച് കൊന്ന സംഭവം ഉണ്ടായത്. ഗുണ്ടകളോട് ഗുണ്ടകളുടെ ഭാഷയില്‍ സംസാരിക്കുമെന്ന് പുതിയ ചെന്നൈ കമീഷണര്‍ എ എ അരുണ്‍ പറഞ്ഞിരുന്നു.