Accident | കാര്‍ സ്‌കൂള്‍ മതിലിലേക്ക് ഇടിച്ചുകയറി 8 വയസുകാരന് ദാരുണാന്ത്യം; 5 വയസുകാരിക്ക് ഗുരുതര പരുക്ക്
● കാറില്‍ ഉണ്ടായിരുന്നവര്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ്.
● കളിക്കുകയായിരുന്ന 2 കുട്ടികളെയാണ് കാര്‍ ഇടിച്ചിട്ടത്.
● ഒരാള്‍ പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചു.
ലക്‌നൗ: (KVARTHA) കാര്‍ സ്‌കൂള്‍ മതിലിലേക്ക് ഇടിച്ചുകയറി എട്ട് വയസുകാരന് ദാരുണാന്ത്യം. അഞ്ച് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ താകൂര്‍ വിശംഭര്‍ നാഥ് ഇന്റര്‍ കോളേജിന് (Thakur Vishambhar Nath Inter College) സമീപത്തായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.
കാണ്‍പൂര്‍ ദേഹാതിലെ ഗുജൈനി ഗ്രാമവാസിയായ ആര്യന്‍ സചാന്‍ എന്ന എട്ട് വയസുകാരനാണ് മരിച്ചത്. ബൈസോയ ഗ്രാമത്തില്‍ നിന്നുള്ള ഖുഷി എന്ന അഞ്ച് വയസുകാരിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.
അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് സ്‌കൂളിന്റെ മതിലിലേക്ക് ഇടിച്ച് കയറുന്നതിന് മുമ്പാണ് രണ്ട് കുട്ടികളെ ഇടിച്ചിട്ടതെന്നും വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് സമീപത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഗുരുതരാവസ്ഥയില്‍ രണ്ട് കുട്ടികളെയും ആശുപത്രിയില്‍ എത്തിച്ചെന്നും ഒരു കുട്ടി ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ മഞ്ജയ് സിങ് പറഞ്ഞു.
കാറില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള നാല് പേരും മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വാഹനത്തില്‍ പിന്നീട് പരിശോധന നടത്തിയപ്പോള്‍ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ കണ്ടെടുത്തു. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
ജെസിബി എത്തിച്ചാണ് സ്‌കൂള്‍ പരിസരത്തുനിന്ന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്തത്. സംഭവത്തിനുശേഷം സ്ഥലത്ത് പ്രദേശവാസികള്‍ പ്രതിഷേധിച്ചു.
#schoolaccident #childdeath #drunkdriving #India #tragedy