Legal Victory | 'ബോഡി ഷെയ്മിങ് അംഗീകരിക്കാനാവില്ല, വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കും'; ബോബിക്ക് ആശ്വാസമായി ഹൈകോടതി ഉത്തരവ് പുറത്തിറങ്ങി


● 50,000 രൂപയുടെ ബോണ്ടും രണ്ട് പേരുടെ ആൾജാമ്യവുമാണ് പ്രധാന ഉപാധികൾ.
● സ്റ്റീവ് മർബോളിയുടെ വാക്കുകൾ കോടതി ഉദ്ധരിച്ചു.
● ബോബി ചെമ്മണൂർ നടത്തിയത് ദ്വയാർത്ഥ പ്രയോഗമാണെന്ന് കോടതി.
കൊച്ചി: (KVARTHA) നടി ഹണി റോസിനെതിരായ അശ്ലീല അധിക്ഷേപ പരാമർശ കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈകോടതി ഉത്തരവ് പുറത്തിറങ്ങി. 50,000 രൂപയുടെ ബോണ്ടും രണ്ട് പേരുടെ ആൾജാമ്യവുമാണ് പ്രധാന ഉപാധികൾ. ബോഡി ഷെയ്മിങ് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് കോടതി ശക്തമായി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും, ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
വേഷത്തിലൂടെയോ രൂപത്തിലൂടെയോ ഒരാൾ സ്ത്രീയെ വിലയിരുത്തുമ്പോൾ, യഥാർത്ഥത്തിൽ വിലയിരുത്തപ്പെടുന്നത് സ്ത്രീയെയല്ല, സ്വയം അയാളെ തന്നെയാണെന്നാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു. അമേരിക്കൻ മോട്ടിവേഷൻ സ്പീക്കറായ സ്റ്റീവ് മർബോളിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. മറ്റുള്ളവരെക്കുറിച്ച് അഭിപ്രായം പറയുമ്പോൾ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു. കേസ് നിലനില്‍ക്കില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ജാമ്യഹർജി പരിഗണിക്കുന്ന വേളയിൽ, ബോബി ചെമ്മണൂരിന്റെ ചില ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. പ്രോസിക്യൂഷനും പ്രതിഭാഗവും നൽകിയ ദൃശ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ബോബി ചെമ്മണൂർ നടത്തിയത് ദ്വയാർത്ഥ പ്രയോഗമാണെന്ന് കോടതി തുറന്നടിച്ചു. ഹണി റോസ് ചടങ്ങിൽ എതിർക്കാതിരുന്നത് അവരുടെ മാന്യത കൊണ്ടാണെന്നും കോടതി കൂട്ടിച്ചേർത്തു.
ഹണി റോസിന്റെ പരാതിയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ബോബി ചെമ്മണൂർ അറസ്റ്റിലായത്. തുടർന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും, അടിയന്തര പ്രാധാന്യമില്ലെന്ന് കണ്ട് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. റിമാൻഡിലായി ആറാം ദിവസമാണ് ഹൈക്കോടതി ബോബിക്ക് ജാമ്യം അനുവദിച്ചത്.
#BobyChemmannur #HoneyRose #BodyShaming #KeralaNews #JusticeForWomen #NoToBodyShaming