Legal Issue | ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്; ജാമ്യം കിട്ടിയിട്ടും ജയിലില്‍ തുടര്‍ന്നതിന് സ്വമേധയാ നടപടിയെടുത്ത് കോടതി


● പ്രതിഭാഗം അഭിഭാഷകര്‍ അടക്കമുള്ളവരോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം.
● 'ചെമ്മണ്ണൂരിന്റെ പ്രതികരണം നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന തരത്തിലുളളതായിരുന്നു.'
● ജാമ്യത്തുക അടയ്ക്കാന്‍ സാധിക്കാത്ത 15 റിമാന്‍ഡ് തടവുകാര്‍ ഒപ്പമുണ്ട്.
കൊച്ചി: (KVARTHA) നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ജാമ്യം കിട്ടിയിട്ടും ജയിലില്‍ തുടര്‍ന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈകോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും. സ്വമേധയാ നടപടിയെടുത്ത ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ മറ്റ് കേസുകളെല്ലാം പരിഗണിക്കും മുമ്പേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു.
പ്രതിഭാഗം അഭിഭാഷകര്‍ അടക്കമുള്ളവരോട് രാവിലെ കോടതിയില്‍ ഹാജരാകാന്‍ ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ ആവശ്യപ്പെട്ടു. ജാമ്യം നല്‍കിയതിന് പിന്നാലെയുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതി ഈ കേസ് പരിഗണിക്കുന്നത്.
ജാമ്യം ലഭിച്ചതിനുശേഷമുളള ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം, നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന തരത്തിലുളളതായിരുന്നുവെന്നാണ് കോടതിയുടെ നിരീക്ഷണം. ബോഡി ഷെയിമിംഗ് അനുവദിക്കാനാകില്ലെന്ന് നിലപാടെടുത്ത ഹൈകോടതി കര്‍ശന ഉപാധികളോടെയാണ് ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചത്. നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസില്‍ ആറ് ദിവസമായി കാക്കനാട് ജില്ലാ ജയിലിലാണ് ബോബി.
ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ജയിലില്‍ തുടരുകയാണെന്നാണ് ചൊവ്വാഴ്ച അഭിഭാഷകരോട് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്. ഇതേത്തുടര്‍ന്ന് ജാമ്യം നടപ്പാക്കാനാകാതെ അഭിഭാഷകര്‍ മടങ്ങി. ജാമ്യത്തുക അടയ്ക്കാന്‍ സാധിക്കാത്ത 15 റിമാന്‍ഡ് തടവുകാര്‍ ഒപ്പമുണ്ട്. ഇവര്‍ക്ക് ജാമ്യത്തുകയും അഭിഭാഷകരെയും ഏര്‍പ്പാടാക്കും. തുടര്‍ന്ന് ഇവര്‍ക്കൊപ്പം ബോബി ബുധനാഴ്ച ഇറങ്ങുമെന്നായിരുന്നു സൂചന. എന്നാല്‍ കൂടുതല്‍ മാധ്യമശ്രദ്ധ കിട്ടുന്നതിന് വേണ്ടിയാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയതെന്നാണ് പറയപ്പെടുന്നത്.
#BobyChemmannur #KeralaNews #Bail #CourtCase #Justice #IndiaNews