Violence | സുഹൃത്തുക്കളോടൊപ്പം വാരാന്ത്യ ആഘോഷത്തിനെത്തിയ ബിരുദ വിദ്യാര്‍ത്ഥി ആള്‍കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചു; 3 പേര്‍ അറസ്റ്റില്‍


● പ്രതികള്‍ അതിക്രമിച്ച് എത്തി ആക്രമിക്കുകയായിരുന്നുവെന്ന് കൂട്ടുകാര്‍.
● ദീപാവലിക്കായി കോളേജിന് അവധി നല്‍കിയ സമയത്തായിരുന്നു സംഭവം.
കെംഗേരി: (KVARTHA) ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ചിക്കനഹള്ളിയിലെ (Chikkanahalli) ഒരു ഫാംഹൗസില്‍ സുഹൃത്തുക്കളോടൊപ്പം വാരാന്ത്യ ആഘോഷത്തിനെത്തിയ ബിരുദ വിദ്യാര്‍ത്ഥി ആള്‍കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചു. ബാസവേശ്വര നഗര്‍ സ്വദേശിയും സ്വകാര്യ കോളേജിലെ ബികോം ബിരുദ വിദ്യാര്‍ത്ഥിയുമായ പുനീത് (Puneeth-21) ആണ് ദാരുണമായി മരിച്ചത്.
സംഭവത്തില്‍ സദാചാര ഗുണ്ടകളെന്ന് സംശയിക്കുന്ന ഫാം ഹൗസിന് സമീപവാസികളായ മൂന്നുപേരെ കൊലപാതകം, അതിക്രമിച്ച് കയറല്‍, കയ്യേറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. ചന്ദ്രു, നാഗേഷ്, മുരളി എന്നിവരാണ് പൊലീസ് പിടിയിലായിട്ടുള്ളത്.
സംഭവത്തെക്കുറിച്ച് രാമനഗര റൂറല്‍ പൊലീസ് പറയുന്നത്: രണ്ട് വനിതാ സുഹൃത്തുക്കളടക്കം ഏഴ് പേരാണ് ഫാം ഹൗസില്‍ അവധി ആഘോഷിക്കാനെത്തിയത്. സുഹൃത്തിന്റെ പരിചയക്കാരന്റെ ഫാം ഹൗസായതിനാലാണ് സംഘം ഇവിടെ തിരഞ്ഞെടുത്തത്. പുനീതും സുഹൃത്തുക്കളും ഫാം ഹൗസിലെ കുളത്തില്‍ നീന്തുന്നതിനിടെ അതിക്രമിച്ച് ഇവിടെയെത്തിയ അക്രമികള്‍ പുനീതിന്റെ വനിതാ സഹപാഠികളുടെ ചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങി. പുനീത് ഇത് ചോദ്യം ചെയ്തു. അക്രമി സംഘം ഇവിടെ നിന്ന് ഇതോടെ മടങ്ങി.
രാത്രി 10.30ഓടെ വിദ്യാര്‍ത്ഥികള്‍ അന്താക്ഷരി കളിക്കുന്നതിനിടെ അക്രമികള്‍ കൂടുതല്‍ ആളുകളുമായി മടങ്ങിയെത്തി പുനീതിനെ മര്‍ദ്ദിക്കുകയും ഒപ്പമുണ്ടായിരുന്നവരെ അധിക്ഷേപിക്കുകയുമായിരുന്നു. വിറക് തടികകള്‍ കൊണ്ടുള്ള അടിയേറ്റ് അവശനായി വീണ 21കാരനെ സുഹൃത്തുക്കളാണ് കാറില്‍ ആശുപത്രിയിലെത്തിച്ചത്.
ആരോഗ്യനില വഷളായ പുനീതിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഘത്തിലെ പരിക്കേറ്റ മറ്റ് രണ്ട് പേരെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. ദീപാവലിക്കായി കോളേജിന് അവധി നല്‍കിയ സമയത്തായിരുന്നു ദാരുണ സംഭവം. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
#BengaluruCrime #FarmHouseAssault #StudentDeath #JusticeForPuneeth #StopViolence