Murder Charge | പൊലീസ് വെടിവയ്പ്പില്‍ കടയുടമ കൊല്ലപ്പെട്ട സംഭവം; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി ബംഗ്ലദേശ്
ധാക്ക: (KVARTHA) മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ (Sheik Haseena) കൊലക്കുറ്റം ചുമത്തി (Murder Case) ബംഗ്ലദേശ്. ധാക്ക ചീഫ് മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹസീനയ്‌ക്കെതിരെ കുറ്റം ചുമത്തുന്നതിന് അനുമതി നല്‍കിയത്. ബംഗ്ലദേശില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ പലചരക്കുകട ഉടമയായ അബു സെയ്ദ് എന്നയാള്‍ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിലാണു ഹസീനയ്‌ക്കെതിരെ കുറ്റം ചുമത്തിയത്.
കൂടാതെ, അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഉബൈദുല്‍ ഖാദര്‍, മുന്‍ ആഭ്യന്തര മന്ത്രി അസദുസ്മാന്‍ ഖാന്‍ കമല്‍, മുന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ചൗധരി അബ്ദുല്ല അല്‍ മാമൂന്‍ എന്നിവരുള്‍പ്പെടെ 6 പേരും കേസില്‍ പ്രതികളാണ്.
അബു സെയ്ദിന്റെ പരിചയക്കാരന്‍ അമീര്‍ ഹംസ ഷട്ടീലാണ് കോടതിയെ സമീപിച്ചത്. ഹസീന ബംഗ്ലദേശ് വിട്ടതിനുശേഷം അവരുടെ പേരില്‍ ചുമത്തപ്പെടുന്ന ആദ്യത്തെ കേസാണിത്.
ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർഥിപ്രക്ഷോഭത്തിൽ 91 പേർ കൊല്ലപ്പെട്ടിരുന്നു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് അഞ്ചിനാണ് ഷെയ്ഖ് ഹസീന സ്ഥാനം രാജിവെച്ച് രാജ്യത്തുനിന്നും പലായനം ചെയ്തത്. സൈന്യത്തിന്‍റെ അന്ത്യശാസനം ലഭിച്ചതിന് പിന്നാലെയായിരുന്നു രാജ്യം വിട്ടത്.#SheikhHasina, #Bangladesh, #PoliceShooting, #MurderCharge, #LegalAction, #AbuSyed