ഭർത്താവിന് സംശയരോഗം, അടിമയാക്കി; അതുല്യയുടെ മരണത്തിൽ ദുരൂഹതയേറുന്നു

 
Family Alleges Abuse and Suspicion in Sharjah Woman's Death
Family Alleges Abuse and Suspicion in Sharjah Woman's Death

Image Credit: Facebook/Sabu Issac

● മകളെ വളർത്താൻ വേണ്ടിയാണ് യുവതി പീഡനങ്ങൾ സഹിച്ചത്.
● കൊലപാതകക്കുറ്റത്തിന് പുറമേ സ്ത്രീധന പീഡനത്തിനും കേസ്.
● മരണം പ്രത്യേക പോലീസ് സംഘം അന്വേഷിക്കും.
● ഭർത്താവിനെ നാട്ടിലെത്തിക്കാൻ പോലീസ് ശ്രമം തുടങ്ങി.

കൊല്ലം: (KVARTHA) തേവലക്കര കോയിവിള മേലേഴത്ത് ജംക്ഷനിലെ അതുല്യ ഭവനിൽ എസ്. രാജശേഖരൻ പിള്ളയുടെ മകൾ ടി. അതുല്യ ശേഖറിനെ (30) ഷാർജയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിന് സംശയരോഗമുണ്ടായിരുന്നതായും, അതുല്യയെ ആരുമായും സംസാരിക്കാൻ അനുവദിച്ചിരുന്നില്ലെന്നും ബന്ധുക്കൾ വെളിപ്പെടുത്തി.

സ്ത്രീകളെ അടിമകളെപ്പോലെയാണ് സതീഷ് കണ്ടിരുന്നതെന്നും, അതുല്യയെ ആണുങ്ങളോടും പെണ്ണുങ്ങളോടും സംസാരിക്കുന്നതിൽനിന്ന് വിലക്കിയിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. അതുല്യ ഒരിക്കലും ജീവനൊടുക്കില്ലെന്നും, ജോലി ചെയ്ത് ജീവിക്കണമെന്ന് എപ്പോഴും പറയുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. മകളെ വളർത്താൻ വേണ്ടിയാണ് ഭർത്താവിന്റെ എല്ലാ ഉപദ്രവങ്ങളും അതുല്യ സഹിച്ചതെന്നും, സതീഷ് ഓഫീസിൽ പോകുമ്പോൾ ഷൂസ് വരെ ധരിപ്പിച്ചു കൊടുത്തിരുന്നത് അതുല്യയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. പുറമെ സന്തോഷം കാണിച്ച് ജീവിക്കുകയായിരുന്നു അതുല്യ എന്നും അവർ വ്യക്തമാക്കി.

സതീഷ് നാട്ടിലും പ്രശ്നക്കാരനായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. അതുല്യ പിണങ്ങി വീട്ടിലെത്തിയ സമയത്ത് പുലർച്ചെ 3 മണിക്ക് ഒരു സംഘം ചെറുപ്പക്കാരുമായി സതീഷ് മതിൽ ചാടി കടന്നതായി അയൽവാസി പോലീസിനോട് പറഞ്ഞു. വീട്ടുകാരെയും അതുല്യയെയും ഉപദ്രവിക്കാനായിരുന്നു ഇയാളുടെ വരവെന്നും, അന്ന് അത് തടസ്സപ്പെടുത്തിയെന്നും അയൽവാസി വ്യക്തമാക്കി. മദ്യപിച്ച് ഓഫീസിലെത്തിയതിന് സതീഷിന് താക്കീത് ലഭിച്ചിരുന്നതായി ഒപ്പം ജോലി ചെയ്തയാൾ വെളിപ്പെടുത്തി. വിദേശത്തും മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും ഡ്യൂട്ടിക്ക് കൃത്യമായി ഹാജരായിരുന്നില്ലെന്നും ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു.

അതുല്യയുടെ മരണം പ്രത്യേക പോലീസ് സംഘം അന്വേഷിക്കും. ചവറ എസ്എച്ച്ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സതീഷിനെ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്. തെക്കുംഭാഗം എസ്ഐ എൽ. നിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് കഴിഞ്ഞ ദിവസം രാത്രി അതുല്യയുടെ വീട്ടിലെത്തി മാതാവ് തുളസിഭായിയുടെ മൊഴി രേഖപ്പെടുത്തി. കൊലപാതകക്കുറ്റത്തിനു പുറമേ സ്ത്രീധന പീഡനം, കൈ കൊണ്ടും ആയുധം കൊണ്ടും ശരീരത്തിൽ മാരകമായി പരുക്കേൽപ്പിക്കൽ ഉൾപ്പെടെ ആറിലധികം വകുപ്പുകൾ സതീഷിനെതിരെ ചുമത്തിയിട്ടുണ്ട്. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.

അതേസമയം, അതുല്യയുടെ പോസ്റ്റ്‌മോർട്ടം തിങ്കളാഴ്ച (21.07.2025) ഷാർജയിൽ നടക്കും. മൃതദേഹം നാട്ടിലെത്തിച്ച ശേഷം ബന്ധുക്കൾ ആവശ്യപ്പെട്ടാൽ വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തുന്നത് ആലോചിക്കുമെന്ന് പോലീസ് വ്യക്തമാക്കി. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ഇന്ന് ഷാർജ പോലീസിലും പരാതി നൽകുന്നുണ്ട്. 2014-ലായിരുന്നു അതുല്യയുടെയും സതീഷിന്റെയും വിവാഹം. 43 പവൻ സ്വർണവും ബൈക്കും സ്ത്രീധനം വാങ്ങിയാണ് മകളെ വിവാഹം കഴിച്ചതെന്നും, ശാരീരികമായും മാനസികമായും മകളെ പീഡിപ്പിച്ചിരുന്നെന്നും, ജൂലൈ 19-ന് പുലർച്ചെ ഫ്‌ളാറ്റിൽ വെച്ച് മകളെ കൊലപ്പെടുത്തിയെന്നുമാണ് അതുല്യയുടെ അമ്മ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊലപാതകക്കുറ്റത്തിന് കേസെടുത്തിട്ടുള്ളത്.
 

ഈ ഞെട്ടിക്കുന്ന സംഭവം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

Article Summary: Family alleges severe abuse by husband in Sharjah woman's death; murder case filed.

#AthulyaDeath #SharjahCrime #DomesticViolence #KeralaJustice #WomenRights #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia