Crime | 'ബ്രോ ഡാഡി' സെറ്റില്‍വെച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി; അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് അറസ്റ്റില്‍
● കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
● 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
● നിലവില്‍ സംഗറെഡ്ഡി ജില്ലയിലെ കണ്‍ടി ജയിലിലാണ് മന്‍സൂര്‍ റഷീദ് ഉള്ളത്.
കൊച്ചി: (KVARTHA) 'ബ്രോ ഡാഡി' (Bro Daddy) എന്ന സിനിമയുടെ സെറ്റില്‍വെച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെ (Assistant Director Mansoor Rasheed) അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയില്‍ മന്‍സൂര്‍ കീഴടങ്ങുകയായിരുന്നു. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
സംഗറെഡ്ഡി ജില്ലയിലെ കണ്‍ടി ജയിലിലാണ് നിലവില്‍ മന്‍സൂര്‍ റഷീദ് ഉള്ളത്. മന്‍സൂറിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് ഗച്ചിബൗളി പൊലിസ് അറിയിച്ചിട്ടുണ്ട്. കുക്കട്പള്ളി കോടതിയും തെലങ്കാന ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് മന്‍സൂര്‍ റഷീദ് ഒളിവില്‍ ആയിരുന്നു.
2021ല്‍ ഹൈദരാബാദിലായിരുന്നു സംഭവം. ശീതളപാനീയത്തില്‍ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയശേഷം മന്‍സൂര്‍ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ശേഷം നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ആറരലക്ഷം രൂപം തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു.
തനിക്കുണ്ടായ ദുരനുഭവം അറിഞ്ഞിട്ടും അണിയറ പ്രവര്‍ത്തകര്‍ മന്‍സൂറിനെ എമ്പുരാന്റെ ഭാഗമാക്കിയെന്നും യുവതി ആരോപിച്ചിരുന്നു. ശേഷം ഇയാളെ സിനിമയില്‍ നിന്നും പുറത്താക്കിയതായി അറിഞ്ഞുവെന്നും യുവതി കൂട്ടിച്ചേര്‍ത്തിരുന്നു. അയ്യപ്പനും കോശിയും, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലും അസിസ്റ്റന്റ് ഡയറക്ടറാണ് മന്‍സൂര്‍ റഷീദ്.
അതിനിടെ, ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് ലൊക്കേഷനില്‍ ആവശ്യമായ സൗകര്യം ഉറപ്പാക്കണമെന്നും ഹേമ കമ്മിറ്റി സിനിമാ മേഖലയില്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ച ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
#malayalamcinema #india #filmindustry #womenssafety #arrest #investigation