Bribery | അലക്സ് മാത്യുവിൻ്റെ കൈക്കൂലി കേസ്: കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്

 
Image Representing More Revelations Surface in Alex Mathew Bribery Case
Image Representing More Revelations Surface in Alex Mathew Bribery Case

Representational Image Generated by Meta AI

● അലക്സ് മാത്യു മുൻപും കൈക്കൂലി വാങ്ങിയതായി പരാതിക്കാരൻ മനോജ് വെളിപ്പെടുത്തി.
● ഇടുക്കിയിലെ ഏജൻസിയിൽ നിന്ന് അഞ്ചുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് അറിവെന്നും പരാതിക്കാരൻ കൂട്ടിച്ചേർത്തു.
● 'ഗ്യാസ് ഏജൻസിയിൽ നിന്നും ഉപഭോക്താക്കളെ മറ്റു ഏജൻസിയിലേക്ക് മാറ്റാതിരിക്കുന്നതിനാണ് 10 ലക്ഷം രൂപ അലക്‌സ് മാത്യു ആവശ്യപ്പെട്ടത്.'
● അലക്സ് മാത്യു 2013 മുതൽ തന്നിൽ നിന്നും പണം വാങ്ങുന്നുണ്ട് എന്ന് പരാതിക്കാരൻ മൊഴി നൽകി.

തിരുവനന്തപുരം: (KVARTHA) ഐ.ഒ.സി. ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിൻ്റെ കൈക്കൂലി കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. അലക്സ് മാത്യു മുൻപും കൈക്കൂലി വാങ്ങിയതായി പരാതിക്കാരനായ മനോജ് വെളിപ്പെടുത്തി. ബിസിനസ് തകർക്കാൻ ശേഷിയുള്ള ഉദ്യോഗസ്‌ഥനായതിനാൽ വഴങ്ങേണ്ടി വന്നുവെന്നും കൈക്കൂലി വാങ്ങി പുതിയ ഏജൻസികൾക്ക് ഉപഭോക്താക്കളെ മാറ്റി നൽകിയിട്ടുണ്ടെന്നും മനോജ് പറഞ്ഞു. ഇത്തരത്തിൽ ഇടുക്കിയിലെ ഏജൻസിയിൽ നിന്ന് അഞ്ചുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് അറിവെന്നും മനോജ് കൂട്ടിച്ചേർത്തു. ഐ.ഒ.സി.യിലെ ഉയർന്ന ഉദ്യോഗസ്‌ഥരെ ഇക്കാര്യം അറിയിക്കാൻ ശ്രമിച്ചുവെങ്കിലും അവസരം ലഭിച്ചില്ലെന്നും മനോജ് വ്യക്തമാക്കി. ഏജൻസി മാറ്റത്തിലൂടെ നൂറുകണക്കിന് ഉപഭോക്‌താക്കളെയും ഉദ്യോഗസ്ഥ‌ൻ ദ്രോഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാസ് ഏജൻസിയിൽ നിന്നും ഉപഭോക്‌താക്കളെ മറ്റു ഏജൻസിയിലേക്ക് മാറ്റാതിരിക്കുന്നതിനാണ് 10 ലക്ഷം രൂപ അലക്‌സ് മാത്യു ആവശ്യപ്പെട്ടത്. പണം നൽകില്ലെന്ന് അറിയിച്ചതോടെ അലക്‌സ് മാത്യു കുറച്ചു ഉപഭോക്‌താക്കളെ മാറ്റി കൈക്കൂലി നൽകാൻ തുടർച്ചയായി സമ്മർദ്ദം ചെലുത്തി. ഇന്നലെ രാവിലെ വിളിച്ച്, താൻ തിരുവനന്തപുരത്ത് വരുന്നുണ്ടെന്നും അപ്പോൾ പണം നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്നാണ് മനോജ് വിജിലൻസിനെ വിവരം അറിയിച്ചത്. അലക്സ് മാത്യു 2013 മുതൽ തന്നിൽ നിന്നും പണം വാങ്ങുന്നുണ്ട് എന്ന് പരാതിക്കാരൻ മൊഴി നൽകി.

പരാതിക്കാരൻ ഭാര്യയുടെ പേരിൽ കൊല്ലം കടയ്ക്കലിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലൈസൻസുള്ള ഒരു ഗ്യാസ് ഏജൻസി നടത്തുകയാണ്. രണ്ടു മാസം മുൻപ് അലക്‌സ് മാത്യു പരാതിക്കാരനെ ഫോണിൽ വിളിച്ച് ഒരു കാര്യം പറയാനുണ്ടെന്നും വീട്ടിലെത്താൻ ആവശ്യപ്പെടുകയും ചെയ്‌തു. അതുപ്രകാരം വീട്ടിലെത്തിയപ്പോൾ കടയ്ക്കലിലെ ഏജൻസിയിൽനിന്ന് ഉപഭോക്താക്കളെ അടുത്തുള്ള മറ്റ് ഏജൻസികളിലേക്കു മാറ്റാതിരിക്കാൻ പത്തുലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. എന്നാൽ, പരാതിക്കാരൻ തുക നൽകാൻ സാധിക്കില്ലെന്നു മറുപടി പറഞ്ഞു. ഇതിനെത്തുടർന്ന് കടയ്ക്കലെ ഏജൻസിയിൽനിന്ന് ഏകദേശം 1200 കണക്ഷൻ അലക്‌സ് മാത്യു മാറ്റി മറ്റൊരു ഏജൻസിക്കു നൽകി. ശേഷം പരാതിക്കാരനെ വിളിച്ച് ഇയാൾ തിരുവനന്തപുരത്തേക്കു വരുന്നെന്നും തുക അവിടെ വച്ചു നൽകണമെന്നും ആവശ്യപ്പെട്ടു. ഇതിനെത്തുടർന്ന് പരാതിക്കാരൻ പൂജപ്പുരയിലെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് സൂപ്രണ്ടിനെ വിവരമറിയിക്കുകയായിരുന്നു.

അലക്സ‌് മാത്യുവിനെതിരേ ഗതികെട്ടാണ് പരാതി നൽകിയതെന്നും പരാതിക്കാരൻ പറഞ്ഞു. ഒരുപാട് ഏജൻസികളിൽ നിന്ന് അലക്‌സ് മാത്യു പൈസ വാങ്ങിക്കാറുണ്ട്. പൈസ വാങ്ങാനുള്ള സാഹചര്യം പുള്ളി സൃഷ്ടിക്കും. പൈസ കൊടുത്താലും ഇത് അവസാനിക്കില്ല. അദ്ദേഹത്തിന് ഇനിയും ഒന്നരവർഷക്കാലം സർവീസുണ്ട്. ഒരുപാട് ആലോചിച്ചു. ഒടുവിൽ സഹികെട്ടാണ് വിജിലൻസിൽ പരാതി നൽകിയത്.

അലക്സ് മാത്യുവിൻ്റെ കൊച്ചി ചെലവന്നൂരിലെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഏഴ് ലിറ്റർ വിദേശമദ്യവും 29 ലക്ഷം രൂപയുടെ നിക്ഷേപവും കണ്ടെത്തിയിരുന്നു. കൊച്ചിയിലെ ഐഒസിയുടെ ഓഫീസിലും വിജിലൻസ് സംഘം രാത്രി പരിശോധന നടത്തിയിരുന്നു. അലക്‌സിനെതിരെ കൂടുതൽ പരാതികളുണ്ടോയെന്ന് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. ഐഒസി. ഡിജിഎം അലക്സ് മാത്യുവിനെ സസ്പെൻ്റ് ചെയ്തതായും സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തുമെന്നും ഐഒസി മാനേജ്‌മെൻ്റ് അറിയിച്ചു.

ഈ വാർത്ത നിങ്ങൾക്ക് ഉപകാരപ്രദമായെങ്കിൽ ഷെയർ ചെയ്യുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.

More revelations have surfaced in the Alex Mathew bribery case, with the complainant alleging past bribes and coercion. Vigilance investigations found foreign liquor and significant cash deposits at his residence. IOC management has suspended him and initiated an internal probe.

#Bribery, #Corruption, #IOC, #Vigilance, #Kerala, #Investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia