Evasion | ബലാത്സംഗം കേസ്: ഇടക്കാല ജാമ്യം അനുവദിച്ചതിന് ശേഷവും ഒളിവില്‍ തുടര്‍ന്ന് സിദ്ദീഖ്
● താരം സ്വമേധയാ ഹാജരായേക്കില്ലെന്നാണ് സൂചന.
● അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിട്ടയക്കണമെന്ന് ഉത്തരവുണ്ട്.
കൊച്ചി: (KVARTHA) യുവനടിയെ ബലാത്സംഗം (Molestation Case) ചെയ്‌തെന്ന കേസില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിന് ശേഷവും നടന്‍ സിദ്ദീഖ് (Sidhique) ഒളിച്ചുകളി തുടരുന്നു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദീഖ് ഒളിവില്‍ പോയത്. അതിനുശേഷം ഇപ്പോഴും പുറത്തുവന്നിട്ടില്ല.
സിദ്ദീഖിന്റെ ഫോണ്‍ ഇപ്പോഴും സ്വിച്ച് ഓഫ് ആയി തന്നെ തുടരുകയാണ്. സിദ്ദീഖ് എവിടെയെന്ന് അറിയില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. സുപ്രീം കോടതിയില്‍നിന്ന് ആശ്വാസ വിധി നേടുന്നതിനു മുമ്പ് സിദ്ദീഖിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ആരോപണങ്ങളുയര്‍ന്നിരുന്നു.
സിദ്ദീഖ് സ്വമേധയാ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായേക്കില്ലെന്നാണ് സൂചന. ഇത്തരത്തില്‍ ഹാജരാകണമെന്ന് സുപ്രീം കോടതിയും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടില്ല. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യത്തില്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജാമ്യവ്യവസ്ഥകളും സെഷന്‍സ് കോടതിക്ക് തീരുമാനിക്കാം. ഇത്തരത്തില്‍ മുന്‍കൂര്‍ ജാമ്യം നേടിയ മുകേഷിനെയും ഇടവേള ബാബുവിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.
അതേസമയം, പ്രത്യേക അന്വേഷണ സംഘം നോട്ടീസയച്ചാല്‍ മാത്രം ചോദ്യം ചെയ്യലിനായി ഹാജരാകുമെന്നാണ് നടന്റെ അഭിഭാഷകര്‍ അറിയിച്ചിരിക്കുന്നത്. ഇന്നോ നാളെയോ നോട്ടീസ് അയക്കുമെന്നാണ് പൊലീസിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് സിദ്ദീഖിന് സുപ്രീംകോടതി അറസ്റ്റ് തടഞ്ഞുകൊണ്ട് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട രണ്ടംഗ ബെഞ്ചാണ് സിദ്ദിഖിന് ആശ്വാസമാകുന്ന ഈ വിധി പ്രസ്താവിച്ചത്. അറസ്റ്റ് ചെയ്താല്‍ വിചാരണ കോടതിയില്‍ ഹാജരാക്കണമെന്നും വിചാരണക്കോടതി ജാമ്യം നല്‍കി വിട്ടയക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാരും അതിജീവിതയും രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും സിദ്ദീഖ് അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്നും സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
എല്ലാ വ്യവസായ മേഖലകളിലും സ്ത്രീകള്‍ക്കെതിരെ അതിക്രമമുണ്ടെന്ന് നിരീക്ഷിച്ച സുപ്രീംകോടതി എട്ട് വര്‍ഷം സര്‍ക്കാര്‍ എന്ത് ചെയ്തുവെന്നും കേസ് പരിഗണിക്കുന്നതിനിടെ ചോദിച്ചു. സമാന കേസുകളില്‍ പ്രതികളായ മറ്റ് നടന്മാര്‍ക്ക് ജാമ്യം ലഭിച്ചു, സിദ്ദീഖിന് ലഭിച്ചില്ലെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ മുഗുള്‍ റോത്തഗിയുടെ വാദം. മാത്രമല്ല അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും സിദ്ദീഖ് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
#Siddique #molestallegations #interimbail #arrest #Malayalamcinema #Indiancinema #justice #investigation