Theft | സിനിമാനടി അനുശ്രീയുടെ പിതാവിന്റെ കാര്‍ മോഷ്ടിച്ച് പലയിടങ്ങളില്‍ മോഷണം നടത്തിയ 29 കാരന്‍ പിടിയിലായി; ചോദ്യം ചെയ്യലില്‍ ചുരുളഴിഞ്ഞത് സംസ്ഥാനത്തുടനീളം നടത്തിയ കവര്‍ചാ പരമ്പര

 
Actor Anusree's Father's Car Stolen, Used in Series of Thefts
Actor Anusree's Father's Car Stolen, Used in Series of Thefts

Representational Image Generated by Meta AI

● തേന്‍കുറിശ്ശിയിലെ പെയ്ന്റ് കടയിലും ആലത്തൂരിലെ യൂസ്ഡ് കാര്‍ ഷോറൂമിലും മോഷണം.
● കാസര്‍കോട്ടെ യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്നും കാറുകള്‍ മോഷ്ടിച്ചു. 
● ഷൊര്‍ണൂരിലെ കാര്‍ ഷോറൂമില്‍നിന്ന് പിക്കപ് വാനും മോഷ്ടിച്ചു.

കൊട്ടാരക്കര: (KVARTHA) സിനിമാ നടി അനുശ്രീയുടെ പിതാവിന്റെ കാര്‍ മോഷ്ടിച്ച് പലയിടങ്ങളില്‍ മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. തിരുവനന്തപുരം സ്വദേശിയായ പ്രബീന്‍ (29) എന്നയാളാണ് പിടിയിലായത്. കാര്‍ മോഷ്ടിച്ച് നമ്പര്‍ പ്ലേറ്റ് മാറ്റിയശേഷം ഇയാള്‍ റബര്‍ ഷീറ്റുകള്‍ ഉള്‍പ്പെടെ മോഷ്ടിച്ചിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയും മോഷ്ടിച്ച വസ്തുക്കള്‍ തിരിച്ചെടുക്കുകയും ചെയ്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഇക്കഴിഞ്ഞ 7ന് അര്‍ധരാത്രി അനുശ്രീയുടെ പിതാവ് മുരളീധരന്‍പിള്ളയുടെ പേരിലുള്ള കാര്‍ ഇഞ്ചക്കാട്ടെ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പന ഷോറൂമില്‍ നിന്നു മോഷണം പോയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രബിനെ കുടുക്കിയത്. ഇതോടെ കേരളത്തിലുടനീളം നടത്തിയ മോഷണങ്ങളുടെ പരമ്പരയാണ് ചോദ്യം ചെയ്യലില്‍ ചുരുളഴിഞ്ഞത്. 

വാഹനമോഷണം നടത്തി അതിവിദഗ്ധമായി തെളിവ് നശിപ്പിക്കുന്ന പ്രബിന്‍ ഓണ്‍ലൈന്‍ വഴിയാണ് മോഷ്ടിക്കാന്‍ വാഹനങ്ങള്‍ കണ്ടെത്തുന്നത്. മോഷണം നടത്തുന്ന സ്ഥലങ്ങളിലും പരിസരങ്ങളിലും ഉള്ള നിരീക്ഷണ ക്യാമറകളും ഹാര്‍ഡ് ഡിസ്‌കും നീക്കം ചെയ്ത് സമീപത്തെ വെള്ളക്കെട്ടുകളില്‍ കളയും. വാഹനങ്ങളുമായി ഇയാള്‍ പെട്രോള്‍ പമ്പുകളില്‍ കയറാറില്ല. പകരം രാത്രി റോഡരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്ന് ഇന്ധനം മോഷ്ടിക്കുകയായിരുന്നു പതിവ്. പകല്‍ വാഹനത്തില്‍ കറങ്ങി നടന്ന് മോഷണ സ്ഥലങ്ങള്‍ കണ്ടെത്തി രാത്രി മോഷണം നടത്തുന്നതാണ് പതിവ്. മോഷ്ടിച്ച ശേഷം കാറിന്റെ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റും.

ഇത്തരത്തില്‍ അനുശ്രീയുടെ പിതാവിന്റെ മോഷ്ടിച്ച കാറുമായി തിരുവനന്തപുരത്തേക്ക് പോയ മോഷ്ടാവ് കടയ്ക്കലില്‍ വര്‍ക്ഷോപ്പിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ നമ്പര്‍ പ്ലേറ്റ് ഇളക്കിയെടുത്ത് കാറില്‍ സ്ഥാപിച്ച് യാത്ര തുടര്‍ന്നു. പോകുന്ന വഴിക്ക് വെള്ളറടയിലെ റബര്‍ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 500 കിലോയിലേറെ റബര്‍ ഷീറ്റും 7000 രൂപയും മോഷ്ടിച്ചു. റബര്‍ ഷീറ്റ് വിറ്റ ശേഷം അന്ന് രാത്രി കാറില്‍ തന്നെ തങ്ങി പിറ്റേന്ന് പത്തനംതിട്ട പെരിനാട്ടെ റബര്‍ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 400 കിലോയിലേറെ റബര്‍ ഷീറ്റ് മോഷ്ടിച്ച് പൊന്‍കുന്നത്ത് വിറ്റു. 

ഈ കിട്ടിയ പണവുമായി കോഴിക്കോട്ടെ പെണ്‍സുഹൃത്തിന്റെ അടുത്തേക്ക് പോകും വഴി പാലായ്ക്ക് സമീപം മറ്റൊരു വാഹനവുമായി കൂട്ടിമുട്ടി. സ്ഥലത്ത് നിന്നു കടന്നുകളഞ്ഞ ഇയാള്‍ സമീപ സ്ഥലത്ത് ആളൊഴിഞ്ഞ പുരയിടത്തില്‍ വാഹനം നിര്‍ത്തിയിട്ട ശേഷം ബസില്‍ തിരുവനന്തപുരത്തേക്ക് പോയി. തിരുവനന്തപുരത്ത് നിന്നു സ്വന്തം മോട്ടര്‍ സൈക്കിളില്‍ കോഴിക്കോട്ടേക്ക് പോകും വഴി കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ കൊട്ടാരക്കര ഫെയ്ത്ത് ഹോം ജംക്ഷനില്‍ വച്ച് കൊട്ടാരക്കര പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്ന് 94000 രൂപയും കാര്‍ മോഷ്ടിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു. 

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി നടത്തിയ കവര്‍ചാപരമ്പരകളുടെ നീണ്ടനിരതന്നെ പൊലീസിന് ലഭിച്ചത്. 2023ല്‍ കല്ലമ്പലത്ത് നിന്നു കാര്‍ മോഷ്ടിച്ച കേസില്‍ കഴിഞ്ഞ ജൂലൈയില്‍ ജയില്‍ മോചിതനായ പ്രതി ഓഗസ്റ്റില്‍ നെടുമങ്ങാട് നിന്നു കാര്‍ മോഷ്ടിച്ച് കറങ്ങി നടന്ന് ഒട്ടേറെ മോഷണങ്ങള്‍ നടത്തി. പാലക്കാട് കുഴല്‍മന്ദത്തെ പണമിടപാട് സ്ഥാപനത്തിലും തേന്‍കുറിശ്ശിയിലെ പെയ്ന്റ് കടയിലും ആലത്തൂരിലെ യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്നും കാസര്‍കോട്ടെ യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്നും കാറുകള്‍ മോഷ്ടിച്ചു. ഷൊര്‍ണൂരിലെ കാര്‍ ഷോറൂമില്‍നിന്ന് പിക്കപ് വാനും മോഷ്ടിച്ചു.

ഇഞ്ചക്കാട് നിന്നു വാഹനം മോഷണം പോയ പരാതി ലഭിച്ച ഉടന്‍ തന്നെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മൂന്ന് ജില്ലകളിലെ നിരീക്ഷണ ക്യാമറകളും സംശയിക്കപ്പെട്ടവരുടെ ഫോണ്‍ കോളുകളും പരിശോധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ പിടികൂടുകയായിരുന്നു. മോഷ്ടിച്ച മറ്റു രണ്ടു കാറുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മറ്റൊരു കാര്‍ ബെംഗളൂരുവിലെ സുഹൃത്തിനു കൈമാറിയെന്നാണ് മൊഴി. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പ്രബിന് കാറിനെക്കുറിച്ച് നല്ല സാങ്കേതിക അറിവുണ്ട്. പ്രബിനെ കാപ്പ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ പൊലീസ് നടപടികള്‍ ആരംഭിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

#cartheft #KeralaCrime #Anusree #police #arrest #stolencar #rubbertheft

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia