Bail | ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; അനുപമ പത്മന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈകോടതി


സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഇത്.
കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പിച്ചിരുന്നു.
കൊല്ലം: (KVARTHA) ഓയൂരില്‍ ബാലികയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ അനുപമ പത്മന് ഹൈകോടതി (Kerala High Court) ഉപാധികളോടെ ജാമ്യം (Bail) അനുവദിച്ചു. ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മൂന്നാം പ്രതിയാണ് അനുപമ പത്മന്‍. പഠനാവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുപമയുടെ വാദം.
കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ (Kollam Additional Sessions Court) ഈ ആവശ്യമുന്നയിച്ച് അനുപമ സമര്‍പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം (Prosecution Argument) അംഗീകരിച്ച് കൊണ്ടായിരുന്നു കോടതി അന്ന് ജാമ്യാപേക്ഷ തള്ളിയത്.
ഒരു വര്‍ഷം നീണ്ട ആസൂത്രണത്തിനും ഒന്നരമാസത്തെ അന്വേഷണത്തിനുമൊടുവിലാണ് ഇവര്‍ ഓയൂരില്‍ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു.
തുടര്‍ന്ന് പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
പത്മകുമാര്‍, ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. അമ്മ അനിതകുമാരിക്കൊപ്പം അട്ടക്കുളങ്ങര വനിത ജയിലില്‍ (Attakulangara Women's Jail) കഴിയുകയായിരുന്നു അനുപമ. അച്ഛന്‍ പത്മകുമാര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് (Poojappura Central Jail). കേസില്‍ അന്വേഷണ സംഘം കുറ്റപത്രം (Charge Sheet) സമര്‍പിച്ചിരുന്നു.