Attack | പാക്കിസ്ഥാനില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം; 21 പേര്‍ക്ക് ദാരുണാന്ത്യം; 46 പേര്‍ക്ക് പരുക്കേറ്റു


● മരിച്ചവരുടെ എണ്ണം ഉയരാന്‍ സാധ്യത.
● ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഎല്‍എ.
● സ്റ്റേഷനിലെ ബുക്കിംഗ് ഓഫീസിലാണ് സ്ഫോടനം.
ഇസ്ലാമാബാദ്: (KVARTHA) പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തിരക്കേറിയ റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ 21 പേര്‍ക്ക് ദാരുണാന്ത്യം. ക്വറ്റ (Quetta) റെയില്‍വേ സ്റ്റേഷനിലായിരുന്നു സ്‌ഫോടനം. ശക്തമായ ബോംബ് സ്‌ഫോടനത്തില്‍ 46 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ റെയില്‍വേ സ്റ്റേഷനില്‍ ജാഫര്‍ എക്‌സ്പ്രസ് പെഷവാറിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ പ്ലാറ്റ്‌ഫോമില്‍ തടിച്ചുകൂടിയിരിക്കെയാണ് സ്‌ഫോടനം ഉണ്ടായത്. പ്രാഥമിക കണ്ടെത്തലുകള്‍ ചാവേര്‍ ബോംബാക്രമണത്തിന് സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന്
ക്വറ്റ പോലീസ് (എസ്എസ്പി) ഓപ്പറേഷന്‍സ് സീനിയര്‍ സൂപ്രണ്ട് മുഹമ്മദ് ബലോച്ച് പറഞ്ഞു. സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷന്‍ ആര്‍മി (Baloch Liberation Army - BLA)) ഏറ്റെടുത്തിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനിലെ ബുക്കിംഗ് ഓഫീസിലാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
പ്രവിശ്യാ സര്‍ക്കാര്‍ വക്താവ് ഷാഹിദ് റിന്ദ് പറയുന്നതനുസരിച്ച്, റെസ്‌ക്യൂ, ലോ എന്‍ഫോഴ്സ്മെന്റ് ടീമുകള്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുകയും പ്രദേശം സുരക്ഷിതമാക്കുകയും പരിക്കേറ്റവരെയും മരിച്ചവരെയും സിവില്‍ ഹോസ്പിറ്റല്‍ ക്വറ്റയിലേക്ക് മാറ്റുകയും ചെയ്തു.
ഗുരുതരമായി പരുക്കേറ്റ 46 പേരെ പ്രവേശിപ്പിച്ചതിനാല്‍ പരിക്കേറ്റവരെ കൈകാര്യം ചെയ്യാന്‍ അധിക മെഡിക്കല്‍ സ്റ്റാഫിനെ അധികൃതര്‍ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി.
#Pakistan, #Quetta, #bombblast, #terrorism, #SouthAsia, #Balochistan