Hoax | ദീപാവലി തിരക്കുകള്‍ക്കിടെ തിരുപ്പതിയിലെ ക്ഷേത്രങ്ങള്‍ക്കും സമീപത്തെ ഹോട്ടലുകള്‍ക്കും ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് കണ്ടെത്തി


● പരിശോധനയില്‍ വ്യാജമെന്ന് തെളിയുകയായിരുന്നു
● ഇമെയിലുകള്‍ വഴിയായിരുന്നു സന്ദേശം ലഭിച്ചത്.
● ഞായറാഴ്ച മാത്രം 50 വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി.
തിരുപ്പതി: (KVARTHA) ദീപാവലി തിരക്കുകള്‍ക്കിടെ അന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ (Tirupati) രണ്ട് ഹോട്ടലുകള്‍ക്കും ഒരു ക്ഷേത്രത്തിനും നേരെയുണ്ടായ ബോംബ് ഭീഷണി സന്ദേശം വ്യാജമാണെന്ന് (Hoax) കണ്ടെത്തി. തീവ്രവാദ സംഘടനകളുടെ പേരിലാണ് ഞായറാഴ്ച ബോംബ് ഭീഷണിയെത്തിയത്. പിന്നീട് പൊലീസ് വിശദമായ അന്വേഷണം നടത്തുകയും ഒടുവില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയുമായിരുന്നു.
നഗരത്തിലെ രണ്ട് ഹോട്ടലുകള്‍ക്കും വരദരാജ ക്ഷേത്രത്തിലും ബോംബുകള്‍ സ്ഥാപിച്ചതായി ഇമെയിലുകള്‍ ലഭിക്കുകയായിരുന്നു. ഹോട്ടലുകളുടെയും ക്ഷേത്രത്തിന്റെയും മാനേജ്‌മെന്റ് പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്‌നിഫര്‍ ഡോഗ്, ബോംബ് സ്‌ക്വാഡ് എന്നിവയുടെ സഹോയത്തോടെ നിയമപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സ്‌ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല.
അതേസമയം, തിരുപ്പതിയിലെ ഹോട്ടലുകള്‍ക്ക് തുടര്‍ച്ചയായ മൂന്ന് ദിവസമാണ് ഭീഷണി സന്ദേശങ്ങള്‍ അടങ്ങിയ ഇ-മെയിലുകള്‍ ലഭിച്ചത്. ഏറ്റവും ഒടുവില്‍ ലഭിച്ച സന്ദേശമായിരുന്നു രണ്ട് ഹോട്ടലുകളുടെയും നഗരത്തിലെ വരദരാജ ക്ഷേത്രത്തിന്റെയും പരിസരങ്ങളില്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നത്. ഡിഎംകെ നേതാവ് ജാഫര്‍ സാദിഖിന്റെയും പാകിസ്ഥാന്റെ ഐ.എസ്.ഐയുടെയും പേരിലായിരുന്നു സന്ദേശങ്ങള്‍ എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ശനിയാഴ്ചയും സമാനമായ തരത്തില്‍ നഗരത്തിലെ രണ്ട് ഹോട്ടലുകള്‍ക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനകള്‍ നടന്നെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഇതിന് ശേഷമാണ് ഞായറാഴ്ച വീണ്ടും രണ്ട് ഹോട്ടലുകള്‍ക്കും ഒരു ക്ഷേത്രത്തിനും കൂടി ഭീഷണി സന്ദേശം കിട്ടിയത്. അതേസമയം ഞായറാഴ്ച മാത്രം രാജ്യത്ത് അന്‍പതോളം വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി ലഭിക്കുകയും ചെയ്തു.
#Tirupati #BombThreat #Hoax #India #AndhraPradesh #SecurityAlert