Assault | ബിജെപി പ്രവർത്തകനെ വെട്ടി പരുക്കേൽപിച്ചെന്ന പരാതിയിൽ 16 സിപിഎമ്മുകാർക്കെതിരെ കേസെടുത്തു
തിങ്കളാഴ്ച രാത്രി കണ്ണപുരത്താണ് വെച്ചാണ് ഒരു സംഘം ആക്രമിച്ചത്
കണ്ണൂർ: (KVARTHA) കണ്ണപുരത്ത് ബിജെപി പ്രവർത്തകനെ വെട്ടി പരുക്കേൽപ്പിക്കുകയും സുഹൃത്തുക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ 16 സിപിഎം പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കണ്ണപുരം പൊലീസ് കേസെടുത്തു. ബിജെപി പ്രവർത്തകൻ കല്യാശേരി സെൻട്രലിലെ പി സി ബാബുവിൻ്റെ (42) പരാതിയിലാണ് കേസ്.
കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ റോഷിത്തും മറ്റു കണ്ടാലറിയാവുന്ന 15 പേരുമാണ് കേസിലെ പ്രതികൾ. തിങ്കളാഴ്ച രാത്രി 7.15 മണിയോടെ കരിക്കാട്ട് മുത്തപ്പൻ ക്ഷേത്രപരിസരത്ത് വെച്ചാണ് പരാതിക്കാരനെ സംഘം ആക്രമിച്ചത്. ഇടിക്കട്ട കൊണ്ട് തലക്കടിക്കുകയും കൂടെ ഉണ്ടായിരുന്ന ബിജെപി പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
അക്രമത്തിൽ തലക്ക് സാരമായി പരിക്കേറ്റ ബാബു കണ്ണൂരിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പരാതിയിൽ അന്യായക്കാരൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.