Arrested | ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ പെണ്‍കുട്ടിയുടെ മരണം; ആണ്‍സുഹൃത്ത് അറസ്റ്റില്‍


പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
യുവാവ് മുന്‍പ് സ്ഥിരമായി വീട്ടില്‍ വരാറുണ്ടായിരുന്നുവെന്ന് പിതാവ്.
മരണത്തിന് കാരണം സൈബര്‍ ആക്രമണമല്ലെന്ന് അച്ഛന്‍ പറഞ്ഞു.
തിരുവനന്തപുരം: (KVARTHA) ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ പെണ്‍കുട്ടിയുടെ മരണത്തില്‍ ആണ്‍ സുഹൃത്തിനെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിനോയ് എന്ന 21 കാരനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ ജീവനെടുത്തതിലുള്ള പ്രേരണയ്‌ക്കൊപ്പം
പോക്സോ വകുപ്പുകള്‍ കൂടി ചുമത്തി.
പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫ്‌ലുവന്‍സര്‍ കുടിയായ യുവാവിനെതിരെ കേസെടുത്തത്. മുന്‍പ് സ്ഥിരമായി വീട്ടില്‍ വരാറുണ്ടായിരുന്ന യുവാവ് കഴിഞ്ഞ രണ്ട് മാസമായി വരുന്നില്ലെന്നും മരണത്തിന് കാരണം സൈബര്‍ ആക്രമണമല്ലെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.
മരണത്തില്‍ തുടക്കം മുതല്‍ ആരോപണം നീണ്ടത് ബിനോയിയുടെ നേര്‍ക്കായിരുന്നു. ഇതിനെ തുടര്‍ന്നാണ് പൂജപ്പുര പൊലീസ് ബിനോയിയെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തത്. മരണ കാരണം സൈബര്‍ ആക്രമണമല്ല, ബിനോയിയുടെ പീഡനമാണെന്ന് കുടുംബം പരാതി കൂടി നല്‍കിയതോടെ ബിനോയിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ബിനോയിയും ഇന്‍സ്റ്റഗ്രാം താരമാണ്. പെണ്‍കുട്ടിയുമായി ഏറെ കാലം അടുപ്പം ഉണ്ടായിരുന്നു ബിനോയിയ്ക്ക്. ബന്ധം അവസാനിപ്പിച്ചതോടെ പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്.
അതേസമയം, പ്രതിയുടെ മൊബൈല്‍ ഫോണടക്കം ഇനി വിശദമായ പരിശോധന നടത്തേണ്ടതുണ്ട്. സൈബറിടത്തില്‍ അധിക്ഷേപം നടന്നിട്ടില്ലെന്നാണ് നിലവില്‍ കുടുംബം പറയുന്നതെങ്കിലും പ്രത്യേക സൈബര്‍ സംഘം ആ വശവും പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ബിനോയിയുടെ സുഹൃത്തക്കളുടെയും മൊഴി എടുത്തേക്കുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്തെ സര്‍കാര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടി കഴിഞ്ഞ തിങ്കളാഴ്ചയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മരണം.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)