BNS | ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തു; ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള കേരളത്തിലെ ആദ്യ കേസ് മലപ്പുറത്ത്


രാജ്യത്തെ ആദ്യ കേസ് രെജിസ്റ്റര്‍ ചെയ്തത് മധ്യപ്രദേശിലെ ഗ്വാളിയറില്‍.
നേരത്തെ പുറത്തുവന്ന റിപോര്‍ടുകളില്‍ ഡെല്‍ഹി കമല മാര്‍കറ്റ് പൊലീസ് സ്റ്റേഷനിലാണ് ആദ്യ കേസ് രെജിസ്റ്റര്‍ ചെയ്തതെന്നായിരുന്നു.
രണ്ടാമത്തെ കേസ് രെജിസ്റ്റര്‍ ചെയ്തത് ഛത്തീസ്ഗഢില്‍.
മലപ്പുറം: (KVARTHA) ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള കേരളത്തിലെ ആദ്യ കേസ് രെജിസ്റ്റര്‍ ചെയ്തത് മലപ്പുറത്ത്. ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തതിനാണ് കൊണ്ടോട്ടി സ്റ്റേഷനില്‍ ആദ്യമായി ഭാരതീയ ന്യായ് സംഹിത പ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്തത്. ക്രൈം നമ്പര്‍ 936 പ്രകാരം, കര്‍ണാടകയിലെ കൊടക് മടിക്കേരി സ്വദേശിയായ മുഹമ്മദ് ശാഫിക്കെതിരെയാണ് കേസെടുത്തത്.
തിങ്കളാഴ്ച പുലര്‍ചെ 12.19നാണ് യുവാവിനെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തത്. കൊളത്തൂര്‍ സ്ഥലത്തുവച്ചാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട്- പാലക്കാട് റോഡിലൂടെ പാലക്കാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് ഹെല്‍മറ്റ് ധരിക്കാതെയും അശ്രദ്ധയോടെയും വാഹം ഓടിച്ചതിനാണ് കേസ്.
ഭാരതീയ ന്യായ സംഹിത 2023 ലെ വകുപ്പ് 281, മോടോര്‍ വെഹികിള്‍ ആക്ട് 1988 ലെ വകുപ്പ് 194 ഡി എന്നിവ ചുമത്തിയാണ് എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തത്. പുതുതായി നിലവില്‍ വന്ന ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ വകുപ്പ് 173 പ്രകാരമാണ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. കെഎല്‍-65-എ-2983 ആയിരുന്നു മുഹമ്മദ് ശാഫിയുടെ വണ്ടി നമ്പര്‍. കേസെടുത്ത ശേഷം ഇയാളെ നോടസ് നല്‍കി വിട്ടയച്ചു.
അതേസമയം, ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള രാജ്യത്തെ ആദ്യ കേസ് രെജിസ്റ്റര്‍ ചെയ്തത് മധ്യപ്രദേശിലെ ഗ്വാളിയറിലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പുലര്‍ചെ 12.10-ന് മധ്യപ്രദേശിലെ ഗ്വാളിയര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനില്‍ മോടോര്‍ സൈകിള്‍ മോഷണത്തിനാണ് ആദ്യ കേസ് എടുത്തതെന്ന് അമിത് ഷാ അറിയിച്ചു.
ഡെല്‍ഹി കമല മാര്‍കറ്റ് പൊലീസ് സ്റ്റേഷനിലാണ് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് രെജിസ്റ്റര്‍ ചെയ്തതെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപോര്‍ടുകള്‍. ന്യൂഡെല്‍ഹി റെയില്‍വേ സ്റ്റേഷന്റെ ഫുട്ഓവര്‍ പാലത്തിനടിയില്‍ തടസ്സം സൃഷ്ടിച്ചതിന് തെരുവ് കച്ചവടക്കാരനെതിരെയാണ് ഭാരതീയ ന്യായ് സംഹിത സെക്ഷന്‍ 285 പ്രകാരം എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഈ എഫ്ഐആര്‍ പരിശോധിച്ച ശേഷം ഒഴിവാക്കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ഡെല്‍ഹിയില്‍ ആദ്യ കേസ് രെജിസ്റ്റര്‍ ചെയ്തത് പുലര്‍ചെ 1.57-നാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
രണ്ടാമത്തെ കേസ് രെജിസ്റ്റര്‍ ചെയ്തത് ഛത്തീസ്ഗഢിലാണ്. കബീര്‍ധാം ജില്ലയിലെ പൊലീസ് സ്റ്റേഷനില്‍ പുലര്‍ചെ 12.30-നാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്.