Arrested | സഹോദരന്‍ പ്രതിയായ പോക്‌സോ കേസ് ഇരയെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍


കാസര്‍കോട്: (KVARTHA) പോക്‌സോ കേസ് (POCSO Case) ഇരയെയും കുടുംബത്തെയും (Victim and Family) വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ (Life Threat) കേസില്‍ യുവാവ് അറസ്റ്റില്‍ (Arrest). കുമ്പള പൊലീസ് സ്റ്റേഷന്‍ (Kumble Police Station) പരിധിയിലെ വരുണ്‍രാജ് ഷെട്ടി (30) യാണ് പിടിയിലായത്. നാട് വിടാന്‍ ശ്രമിക്കുന്നിതിനിടെ, പ്രതിയെ വീട്ടുപരിസരത്തുനിന്നും സാഹസികമായാണ് പൊലീസ് കീഴടക്കിയത്.
കുമ്പള ഇന്‍സ്‌പെക്ടര്‍ കെപി വിനോദ് കുമാര്‍ പറയുന്നത്: കാപാ കേസില്‍ ജയിലിലുള്ള സഹോദരന്‍ പ്രതിയായ പോക്‌സോ കേസില്‍ മൊഴി മാറ്റാന്‍ ഇരയെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാണ് ജേഷ്ഠനെ പൊലീസ് സാഹസികമായി കീഴടക്കിയത്.
അനുജന്‍ കിരണ്‍ രാജിനെതിരെയുള്ള കേസില്‍ മൊഴിമാറ്റി പറയണമെന്നും ഇല്ലെങ്കില്‍ കുടുംബത്തെ വധിക്കുമെന്നായിരുന്നു ഭീഷണി. കിരണ്‍ പ്രതിയായ പോക്‌സോ കേസിന്റെ വിചാരണ കാസര്‍കോട് സെഷന്‍സ് കോടതിയില്‍ നടന്നുവരുന്നിതിനിടയിലാണ് മൊഴി മാറ്റാന്‍ ഇരയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്.
തനിക്കും കുടുംബത്തിനും ഭീഷണിയുള്ള കാര്യം പെണ്‍കുട്ടി കോടതിയില്‍ വിചാരണക്കെത്തിയപ്പോള്‍ ജഡ്ജിയോട് തുറന്ന് പറയുകയായിരുന്നു. കോടതി സംഭവം കുമ്പള പൊലീസിനോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പ്രതി വരുണ്‍ രാജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് മണിക്കൂറുകള്‍ക്കകം പ്രതിയുടെ വീട് വളഞ്ഞെങ്കിലും വിവരം അറിഞ്ഞ് പ്രതി മുങ്ങിയിരുന്നു.
പൊലീസ് തിരിച്ച് പോയെന്ന് കരുതി വീട്ടില്‍നിന്നും ബാഗുമായി ബെംഗ്‌ളൂറിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതിയെ മഫ്ടിയില്‍ വീട്ടുപരിസരത്ത് കാവല്‍ നിന്ന രണ്ട് പൊലീസുകാര്‍ കീഴ്‌പ്പെടുത്തിയത്. കുമ്പള എസ് ഐ ശ്രീ ജേഷിനാണ് അന്വേഷണ ചുമതല നല്‍കിയിട്ടുള്ളത്.
2018ലാണ് പോക്‌സോ കേസ് രെജിസ്ട്രര്‍ ചെയ്തത്. കാപാ കേസില്‍ കിരണ്‍ രാജ് ജയിലിലാണുള്ളത്. ഇരുവരും സ്ഥിരം ക്രമിനലുകളാണ്. സഹോദരങ്ങള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്നും അറസ്റ്റിലായ വരുണ്‍ രാജിനെതിരെയും കാപ ചുമത്തുമെന്നും കെ പി വിനോദ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.