Excess | ആവേശങ്ങള്‍ അതിര് വിടുമ്പോള്‍; നിയന്ത്രണമില്ലാതെ കണ്ണൂരിലെ വിവാഹ ആഭാസങ്ങള്‍


● 18 മാസം പ്രായമുള്ള പിഞ്ചു കുട്ടി ആശുപത്രിയിലായി.
● അപസ്മാരമുള്‍പ്പെടെയുള്ള അസുഖങ്ങളുമായി അതിതീവ്ര പരിചരണത്തില്‍.
● സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തതിന് കണ്ടാലറിയുന്നവര്‍ക്കെതിരെ കേസ്.
കനവ് കണ്ണൂര്‍
കണ്ണൂര്‍: (KVARTHA) ചെറിയൊരു ഇടവേളയ്ക്കു ശേഷം കണ്ണൂരിലെ വിവാഹ ആഭാസങ്ങള്‍ വീണ്ടും തിരിച്ചു വരുന്ന കാഴ്ചയാണ് കൊളവല്ലൂരിലെ തൃപ്പങ്ങോട്ടൂരില്‍ കണ്ടത്. വെടിക്കെട്ടിന്റെയും ബാന്‍ഡ് മേളങ്ങളുടെയും അകമ്പടിയോടെയായിരുന്നു വരനെ വധൂഗൃഹത്തിലേക്ക് ആനയിച്ചു കൊണ്ടുള്ള യുവാക്കളുടെ ആഘോഷയാത്ര. വിവാഹ വേളയിലുണ്ടാകേണ്ട സന്തോഷത്തിന്റെ പൂത്തിരിയല്ല അവര്‍ കത്തിച്ചത്. മറിച്ച് പ്രദേശവാസികളില്‍ അലോസരമുണ്ടാക്കുന്ന വെടിക്കെട്ടാണ് അവര്‍ നടത്തിയത്.
രണ്ടു ദിവസങ്ങളിലായി നടത്തിയ ഈ വിവാഹ ആഘോഷങ്ങള്‍ കാരണം 18 മാസം പ്രായമുള്ള പിഞ്ചു കുട്ടി ആശുപത്രിയില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെടിയും പുകയും ഉഗ്രസ്‌ഫോടനങ്ങളുമാണ് അപസ്മാരമുള്‍പ്പെടെയുള്ള അസുഖങ്ങള്‍ വന്ന് കുഞ്ഞിനെ ആശുപത്രിയിലാക്കിയത്. ഘോരശബ്ദങ്ങളുണ്ടാക്കുന്ന വെടിക്കെട്ടും ഡിജെ പാര്‍ട്ടിയും ബാന്‍ഡ് മേളവും വീടിന് സമീപത്തുനിന്നും ഒഴിവാക്കണമെന്ന് പല തവണ അഭ്യര്‍ത്ഥിച്ചിട്ടും കേട്ടില്ലെന്ന് കുഞ്ഞിന്റെ മാതാപിതാക്കളായ അഷ്‌റഫും റഫാനയും പറയുന്നു.
ഇതോടെ വയ്യാതായ കുഞ്ഞിനെയും കൊണ്ടു ഇവര്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. അഷ്‌റഫിന്റെ പരാതിയില്‍ സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തതിന് കണ്ടാലറിയുന്നവര്‍ക്കെതിരെ കൊളവല്ലൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റുചെയ്തിട്ടില്ല. സാമൂഹിക ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയാണ് വിവാഹത്തിന്റെ പേരില്‍ ചിലര്‍ നടത്തുന്ന ആഭാസങ്ങളിലൂടെ. പൊലീ സും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും പള്ളി കമ്മിറ്റികളും നേരത്തെ ഇതിനെതിരെ ബോധവല്‍ക്കരണം നടത്തിയിരുന്നുവെങ്കിലും ന്യൂ ജനറേഷന്റെ വിനാശം വിതയ്ക്കുന്ന ആവേശത്തിന് ഇതുവരെ കുറവൊന്നുമുണ്ടായിട്ടില്ല.
വിവാഹ ആഭാസത്തിനിടെയിലുണ്ടായ ബോംബേറില്‍ ഒരു യുവാവ് കൊല്ലപ്പെട്ട അതിദാരുണമായ സംഭവവും കണ്ണൂരില്‍ നടന്നിരുന്നു. കോര്‍പറേഷന്‍ പരിധിയിലെ തോട്ടട പന്ത്രണ്ടു കണ്ടിയിലാണ് വിവാഹ വീട്ടില്‍ തലേന്ന് പാട്ടുവയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം പിറ്റേന്ന് ഉച്ചയ്ക്ക് വധുവിനെ വരന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ ബോംബേറില്‍ കലാശിച്ചത്. ഏച്ചൂര്‍ സ്വദേശിയായ യുവാവാണ് ബോംബേറില്‍ തല ചിതറി മരിച്ചത്. കേരളമാകെ ഞെട്ടിച്ച ഈ സംഭവം കണ്ണൂരിന്റെ മുഖത്ത് ഏല്‍പ്പിച്ച കരി അത്ര ചെറുതൊന്നുമല്ല. ഇതിനു ശേഷം ജനകീയ ബോധവത്കരണം അതിശക്തമാവുകയും പൊലീസ് നടപടി ശക്തമാക്കുകയും ചെയ്തപ്പോള്‍ ആവേശക്കാര്‍ അല്‍പ്പം അടങ്ങിയെങ്കിലും പിന്നീട് വീണ്ടും തല പൊക്കി.
കണ്ണൂര്‍ നഗരത്തിനടുത്തെ വാരത്ത് ഒട്ടകത്തിന്റെ പുറത്ത് യാത്ര ചെയ്തായിരുന്നു വരന്റെയും കൂട്ടരുടെയും വിവാഹ ആഭാസം. ഇതുകാരണം മണിക്കൂറുകളോളമാണ് പൊതുഗതാഗതം മുടങ്ങിയത്. ഇത്തരം സംഭവങ്ങളില്‍ മൃദുസമീപനം കാണിക്കാതെ കര്‍ശന നടപടി പൊലീസ് സ്വീകരിക്കണം. വിവാഹ ആഭാസക്കാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കുകയും കനത്ത പിഴ ചുമത്തുകയും വേണം. ഇനിയും ദുരന്തങ്ങള്‍ ഇല്ലാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും മത സാമൂഹ്യ സംഘടനകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. വ്യക്തിഗതമായ ആഘോഷങ്ങള്‍ പൊതു ശല്യമായി മാറുകയും മറ്റുള്ളവരുടെ സമാധാന ജീവിതത്തെ തകര്‍ക്കുകയും ചെയ്യരുത്.
വിവാഹ ആഭാസങ്ങള്‍ കാരണം തകര്‍ന്ന എത്രയോ ദാമ്പത്യ ബന്ധങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. മക്കളുടെ ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തങ്ങള്‍ അലങ്കോലമായതു കണ്ടു ഹൃദയം പൊട്ടിക്കരയുന്ന രക്ഷിതാക്കളുടെ എണ്ണവും വളരെ വലുതാണ്. ഇത്തരം സാഡിസ്റ്റ് ആഘോഷങ്ങള്‍ തമാശയും സന്തോഷവും നല്‍കുന്നതല്ല. അതില്‍ പങ്കെടുക്കുന്നവര്‍ക്ക് മാത്രമാണ് ഇതില്‍ ആനന്ദം. ബോളിവുഡ് സിനിമകളെ പകര്‍ത്തുന്ന ഇത്തരം കോപ്രായങ്ങള്‍ ഉരുക്കു മുഷ്ടി ഉപയോഗിച്ചു നേരിടുകയാണ് വേണ്ടത്. ഇതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന പ്രവര്‍ത്തിക്കണം. അവനവന്റെ ആനന്ദത്തിന് ആചരിക്കുന്നവ മറ്റുള്ളവര്‍ക്ക് ദോഷമായി മാറരുത്. പുരോഗമന ചിന്തകളുടെ പ്രബുദ്ധമായ മണ്ണാണ് കണ്ണൂരിലേത്. ഇത്തരം ആഭാസങ്ങള്‍ നമ്മുടെ പാരമ്പര്യത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ് ചെയ്യുന്നത്.
#Kannur #weddingcelebrations #noisepollution #Kerala #socialissues #community #environment