Investigation | ഗുളികക്ക് ഉള്ളില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതി; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്


● ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയിലാണ് മൊട്ടുസൂചി കണ്ടെത്തിയത്.
● ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്നാണ് മരുന്ന് വാങ്ങിയത്.
● രോഗിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടോയെന്ന് അധികൃതര്‍ പരിശോധിച്ചു.
തിരുവനന്തപുരം: (KVARTHA) വിതുര താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്നും വിതരണം ചെയ്ത ഗുളികയില്‍ ചെറിയ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്. മേമല ഉരുളുകുന്ന് സ്വദേശിനി വസന്തയാണ് പരാതിയുമായി രംഗത്തെത്തിയത്.
ബുധനാഴ്ച വൈകിട്ട് ശ്വാസംമുട്ടലിന് ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്ന് വാങ്ങിയ ഗുളികയിലാണ് മൊട്ടുസൂചി കണ്ടെത്തിയത്. സി-മോക്‌സ് ഗുളികക്ക് ഉള്ളില്‍ ആയിരുന്നു മൊട്ടുസൂചി. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും വസന്ത ഈ ഗുളിക കഴിച്ചിരുന്നു. വ്യാഴാഴ്ച്ച രാത്രി കഴിക്കാനെടുത്ത ഗുളികയിലാണ് മൊട്ടുസൂചി കണ്ടത്തിയത്.
പിന്നാലെ വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് വസന്തയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ എന്ന് അധികൃതര്‍ പരിശോധിച്ചു. ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ഹെല്‍ത്ത് സര്‍വീസ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ എസ് ഷിനുവിന്റെ നേതൃത്വത്തിലുള്ള സംഘം വസന്തയുടെ മൊഴിയെടുത്തു.
മൊട്ടുസൂചിയും ക്യാപ്‌സ്യൂളും വിശദമായ പരിശോധനയ്ക്കായി സംഘം കസ്റ്റഡിയില്‍ എടുത്തു. ഗുളിക പുറത്തിറക്കിയ മെഡിക്കല്‍ കമ്പനിയെ അടക്കം കക്ഷിയാക്കി അന്വേഷണം നടത്താനും സാംപിളുകള്‍ ശേഖരിക്കാനും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പ്രത്യേകം സംഘത്തെ നിയോഗിച്ചു.
#ContaminatedMedicine, #HealthScare, #KeralaHealth, #MedicalNegligence, #Investigation