കേരളാ മോഡൽ ആരോഗ്യം വെന്റിലേറ്ററിൽ!

 
Kerala's Health Crisis A Divided Future
Kerala's Health Crisis A Divided Future

Representational Image Generated by GPT

● ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ വ്യാപക പ്രതിഷേധം.
● സി.പി.എം. പ്രാദേശിക നേതാക്കൾ പോലും മന്ത്രിക്കെതിരെ രംഗത്ത്.
● തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണ ക്ഷാമം വിവാദമായി.
● ഡോക്ടർ ഹാരിസ് ചിറയ്ക്കലിൻ്റെ വെളിപ്പെടുത്തൽ സർക്കാരിന് തിരിച്ചടി.
● സി.പി.ഐ.യും സി.പി.എം. നിലപാടുകൾക്കെതിരെ രംഗത്തുവന്നു.

നവോദിത്ത് ബാബു 

കണ്ണൂർ: (KVARTHA) കോവിഡ് കാലത്ത് കേരളത്തിലെ ആരോഗ്യ വകുപ്പ് ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിന് തന്നെ മാതൃകയാണെന്നായിരുന്നു ഇടതു സൈബർ കേന്ദ്രങ്ങളും സർക്കാരിനെ അനുകൂലിക്കുന്ന സ്തുതിപാഠകരും പ്രചരിപ്പിച്ചിരുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ തുടർച്ചയ്ക്കു കാരണം ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനങ്ങളായിരുന്നു. 

സർക്കാർ ആശുപത്രികളെ സാധാരണക്കാർക്ക് ഏറ്റവും മികച്ച ചികിത്സ കിട്ടുന്ന സൂപ്പർ സ്പെഷ്യാലിറ്റികളാക്കി മാറ്റുക എന്നതായിരുന്നു സർക്കാരിന്റെ നയം. ഇതിനായി ആർദ്രം പദ്ധതിയുൾപ്പെടെ നടപ്പിലാക്കി. കിഫ്ബിയിൽനിന്നും കോടികൾ ചെലവഴിച്ച് താലൂക്ക്, ജനറൽ ആശുപത്രികൾക്കും ജില്ലാ ആശുപത്രികൾക്കും പുതിയ കെട്ടിടങ്ങൾ നിർമിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ മുഖച്ഛായ തന്നെ മാറ്റാൻ നവീകരണ പ്രവൃത്തികൾ നടത്തി. ഭൗതിക സാഹചര്യങ്ങൾക്ക് ഊന്നൽ കൊടുത്താണ് ഇത്തരം കാര്യങ്ങൾ ചെയ്തത്.

എന്നാൽ കോട്ടയം മെഡിക്കൽ കോളജിലെ പഴഞ്ചൻ കെട്ടിടം തകർന്നു വീണ് മകൾക്ക് കൂട്ടിരിപ്പിനായെത്തിയ വീട്ടമ്മ ദാരുണമായി മരിച്ചത് കേരളത്തെ യാകെ നടുക്കിയിരിക്കുകയാണ്. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവാണ് അതിദാരുണമായി മരിച്ചത്. മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. 

വ്യാഴാഴ്ച രാവിലെ കുളിക്കുന്നതിനായി അപകടം നടന്ന കെട്ടിടത്തിലെ ശുചിമുറിയിൽ എത്തിയതായിരുന്നു ബിന്ദു. ഇതിനിടെയാണ് അപകടം നടന്നത്. അമ്മയെ കാണാതായതോടെ മകൾ നവമി ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ പ്രതികരണമുണ്ടായില്ല. ഇതിനിടെ ബിന്ദുവിനെ അന്വേഷിക്കുകയായിരുന്നു ഭർത്താവ് വിശ്രുതൻ. രണ്ടു മണിക്കൂറിനു ശേഷമാണ് തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിയ ഇവരുടെ മൃതദേഹം തിരച്ചിലിൽ കണ്ടെത്തിയത്.

അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ മന്ത്രി വി.എൻ. വാസവനും പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജും അപകടസ്ഥലത്തെത്തിയിരുന്നു. ആരും തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നില്ല എന്നായിരുന്നു മന്ത്രി വീണാ ജോർജ് ആദ്യഘട്ടത്തിൽ നൽകിയ പ്രതികരണം. മന്ത്രി വി.എൻ. വാസവന്റെ നിർദേശം അനുസരിച്ച് ജെ.സി.ബി. എത്തിച്ച് നടത്തിയ പരിശോധനയിലാണ് ബിന്ദുവിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിനു പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി വീണാ ജോർജ്, ആരും കുടുങ്ങിയിട്ടില്ലെന്ന് പറഞ്ഞത് ആദ്യം കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വിശദീകരിച്ചു. സംഭവത്തിന് പിന്നാലെ മന്ത്രി വീണാ ജോർജിനെതിരെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകൾ സംസ്ഥാനമാകെ നടത്തിയത്.

തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരെ സ്വന്തം നാട്ടിൽനിന്നും സി.പി.എം. പ്രാദേശിക നേതാക്കൾ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. സി.പി.എം. പത്തനംതിട്ട ഇലന്തൂർ എൽ.സി. അംഗം ജോൺസൺ, സി.പി.എം. ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗം എൻ. രാജീവ് എന്നിവരാണ് മന്ത്രിക്കെതിരെ രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇരുവരുടെയും വിമർശനം.

‘കൂടുതൽ പറയുന്നില്ലെന്നും ഇനി പറയിപ്പിക്കരുതെന്നുമായിരുന്നു’ ജോൺസൺ പറഞ്ഞത്. ഒരു എം.എൽ.എ. ആയി ഇരിക്കാൻ പോലും മന്ത്രിക്ക് അർഹതയില്ലെന്നും എൽ.സി. അംഗം പറഞ്ഞു. എസ്.എഫ്.ഐ. മുൻ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോൺസൺ. മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ ചികിത്സ തേടിയതിനെയായിരുന്നു പത്തനംതിട്ട സി.ഡബ്ല്യു.സി. മുൻ ചെയർമാൻ കൂടിയായ എൻ. രാജീവ് പരോക്ഷമായി വിമർശിച്ചത്. 

‘സ്കൂളിൽ കേട്ടെഴുത്ത് ഉണ്ടെങ്കിൽ വയറുവേദന വരുമെന്നും വയറുവേദനയെന്ന് പറഞ്ഞ് വീട്ടിൽ തന്നെ ഇരിക്കുമെന്നും’ രാജീവ് പരിഹസിച്ചു. ‘ഒത്താൽ രക്ഷപ്പെട്ടുവെന്നാണ് അവസ്ഥ’യെന്നും എൻ. രാജീവ് ചൂണ്ടിക്കാട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ഭരണ തുടർച്ച പ്രതീക്ഷിക്കുന്ന രണ്ടാം പിണറായി സർക്കാരിന് തലവേദനയായി മാറിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

ആരോഗ്യരംഗത്ത് കേരളം കൈവരിച്ച പുരോഗതിക്ക് തുരങ്കം വയ്ക്കുകയാണെന്ന ഗുരുതരമായ ആരോപണമാണ് സർക്കാർ നേരിടുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്ന ഡോക്ടർ ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തലിൽ നേരത്തെ സർക്കാർ അടിമുടി ഉലഞ്ഞിരുന്നു. 

ആരോഗ്യമന്ത്രിക്കെതിരെ മാധ്യമങ്ങൾ സംഘടിത നീക്കം നടത്തുന്നു എന്നായിരുന്നു ആരോപണം. സി.പി.എം. നേതൃത്വവും മുഖ്യമന്ത്രിയും ഡോക്ടർ ഹാരിസ് ചിറയ്ക്കലിന്റെ സാമൂഹിക മാധ്യമത്തിലെ ഒരു കുറിപ്പിനെ പ്രതിരോധിക്കാൻ അരയും തലയും മുറുക്കി രംഗത്തുവന്നത് ഇതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

കേരളത്തിലെ ആരോഗ്യമേഖലയെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഡോക്ടർ ഹാരിസ് ചിറയ്ക്കലിന്റെ ഇടപെടലെന്നാണ് ഭരണനേതൃത്വത്തിന്റെ വിമർശനം. ‘ഒറ്റപ്പെട്ട കാര്യങ്ങൾ പർവതീകരിച്ച് കൊണ്ട് ഡോക്ടറുടെ സോഷ്യൽ മീഡിയ കുറിപ്പ് പ്രതിപക്ഷത്തെ സഹായിക്കുന്നതാണ്’ എന്നാണ് സി.പി.എം. നിലപാട്. ഡോക്ടർ സർക്കാർ ഉദ്യോഗസ്ഥനായതിനാൽ അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന നിലപാടിലാണ് സർക്കാരും സി.പി.എമ്മും. ഇതോടെ ഡോക്ടർ തെറ്റുകാരനല്ലെന്ന ആരോഗ്യവകുപ്പ് മന്ത്രിയുടെ മുൻനിലപാട് തിരുത്തേണ്ടിവരുന്ന സാഹചര്യമാണുള്ളത്. 

കേരളത്തിലെ ആരോഗ്യരംഗത്തെ നേട്ടങ്ങളെ തുരങ്കംവെക്കുന്നതാണ് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ വിവാദം എന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. ഇത്തരം പ്രവണതകൾ ആവർത്തിക്കുന്നത് സർക്കാരിന് തന്നെ തലവേദനയായി മാറുമെന്ന നിലപാടിലാണ് സി.പി.എം. ഇതേസമയം, ഡോക്ടർ ഹാരിസ് ചിറയ്ക്കലിനെ അനുകൂലിച്ച് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയത് എൽ.ഡി.എഫിലും വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ആരോഗ്യവകുപ്പിനെതിരെ തുടർച്ചയായി ആരോപണങ്ങൾ ഉയരുന്നത് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ ഗുണകരമാവില്ലെന്ന നിലപാടിലാണ് സി.പി.എം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെ ക്ഷാമം സംബന്ധിച്ചുയർന്ന വിവാദം സർക്കാരിന് വൻ തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് പാർട്ടി സംസ്ഥാന നേതൃത്വം. ഇതോടെയാണ് വിവാദത്തിൽ കടുത്ത പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

കോവിഡ് കാലത്ത് ഏറെ പ്രകീർത്തിക്കപ്പെട്ട വകുപ്പായിരുന്നു ആരോഗ്യവകുപ്പ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജ രാജ്യത്തുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട മന്ത്രിയായിരുന്നു. ആരോഗ്യമേഖലയിലെ കേരളാ മോഡലിന് വിദേശത്തുനിന്നടക്കം അംഗീകാരങ്ങൾ ലഭിച്ചു. 

കോവിഡ് വ്യാപനം തടയുന്നതിൽ കേരളത്തിലെ ആരോഗ്യപ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങളാണ് മന്ത്രി കെ.കെ. ശൈലജയ്ക്ക് അംഗീകാരങ്ങൾ നേടിക്കൊടുത്തത്. എന്നാൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പ് മന്ത്രിയുടെ ചുമതല വീണാ ജോർജിനെ ഏൽപ്പിക്കുകയായിരുന്നു. ഇതിനുശേഷം ആരോഗ്യമേഖലയിൽ തുടർച്ചയായി തിരിച്ചടിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നാണ് സി.പി.ഐ. വിലയിരുത്തിയിരിക്കുന്നത്. 

കഴിഞ്ഞ പാർട്ടി സമ്മേളനങ്ങളിൽ ഏറ്റവും കൂടുതൽ ആരോപണങ്ങൾ ഏൽക്കേണ്ടിവന്ന മന്ത്രിയും വീണാ ജോർജായിരുന്നു. എൽ.ഡി.എഫിന് ഭരണത്തുടർച്ചയുണ്ടാകാനുള്ള ഒരു കാരണം ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളായിരുന്നുവെന്ന വിലയിരുത്തലിനാണ് ഇതോടെ മങ്ങലേറ്റത്.

കോഴിക്കോട് മെഡിക്കൽ കോളജിലുണ്ടായ ചികിത്സാ പിഴവ്, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളജിലുണ്ടായ ചികിത്സാ പിഴവുകളും തുടങ്ങി ഒരു ഡസനിലേറെ ആരോപണങ്ങളാണ് ആരോഗ്യമേഖലയ്‌ക്കെതിരെ ഉയർന്നത്. ഇതിൽ പലതും ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടവയായിരുന്നുവെങ്കിലും മന്ത്രിതലത്തിൽ അത്തരത്തിൽ വിഷയത്തെ സമീപിക്കാൻ മന്ത്രി തയ്യാറായിരുന്നില്ല. 

ഇപ്പോഴിതാ ഒടുവിൽ കേരളത്തിലെ ആരോഗ്യമേഖലയെ ആകമാനം പ്രതിസന്ധിയിലാക്കിക്കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നും ഒരു വകുപ്പ് മേധാവി നടത്തിയ ഇടപെടൽ പാർട്ടിയെയും സർക്കാരിനെയും കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോ സർജനും യൂറോളജി ഡിപ്പാർട്‌മെന്റ് തലവനുമായ ഡോ. ഹാരിസ് ചിറക്കൽ നടത്തിയ ഇടപെടലാണ് സർക്കാരിനെ പ്രതിരോധത്തിലാക്കിയത്. ശസ്ത്രക്രിയയ്ക്ക് അത്യാവശ്യമായ ഉപകരണങ്ങൾപോലും ലഭ്യമല്ലെന്നും, ഇതുമൂലം ശസ്ത്രക്രിയകൾ മുടങ്ങുകയാണെന്നുമായിരുന്നു ഹാരിസ് സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. സംഭവം വിവാദമായതോടെ മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തു, ഇതോടെ ഡോ. ഹാരിസ് ഉന്നയിച്ച വിഷയം സത്യമാണെന്ന് വ്യക്തമായി.

ആരോഗ്യമേഖലയിൽ കഴിഞ്ഞ കുറച്ചുകാലമായി നിലനിൽക്കുന്ന ഇത്തരം വിഷയങ്ങൾ മാധ്യമ വാർത്തകളായിരുന്നുവെങ്കിലും ഇത്രയേറെ ചർച്ചയ്ക്ക് വിധേയമായിരുന്നില്ല. ശസ്ത്രക്രിയകൾ മുടങ്ങുന്നതിന്റെ കാരണങ്ങൾ ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടുമൂലമാണെന്ന ചർച്ചയിലേക്ക് ഡോക്ടർ ഹാരിസിന്റെ വെളിപ്പെടുത്തൽ വഴിയൊരുക്കിയത്. രോഗികളെക്കൊണ്ട് ഉപകരണങ്ങളും മറ്റും വാങ്ങിപ്പിച്ചാണ് ശസ്ത്രക്രിയകൾ നടത്തുന്നതെന്ന വെളിപ്പെടുത്തൽ ആരോഗ്യവകുപ്പിനെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിട്ടു.

സർജറിക്ക് ആവശ്യമായ ഉപകരണങ്ങൾ അടിയന്തിരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡോക്ടർ ഹാരിസ് ചിറയ്ക്കൽ മെഡിക്കൽ കോളജ് അധികൃതരോട് നിരന്തരമായി ആവശ്യപ്പെട്ടെങ്കിലും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പിടാൻ അദ്ദേഹം നിർബന്ധിതനായത്. ഡോക്ടറുടെ കുറിപ്പ് സാമൂഹിക മാധ്യമത്തിൽനിന്ന് പിൻവലിപ്പിച്ചെങ്കിലും മാധ്യമങ്ങൾക്കുമുന്നിൽ ആരോപണം ആവർത്തിക്കാൻ ഡോക്ടർ ഹാരിസ് തയ്യാറായി.

ആരോഗ്യരംഗത്തെ പ്രശ്‌നങ്ങളിൽ നേരിട്ട് ഇടപെടൽ നടത്തിയ ഡോക്ടർ ഹാരിസിന് വൻ പിന്തുണയാണ് പൊതുസമൂഹത്തിൽനിന്നും ലഭിക്കുന്നതെന്ന് മനസ്സിലാക്കിയ ആരോഗ്യമന്ത്രി വീണാ ജോർജ് ഡോക്ടർ ഹാരിസ് ചിറക്കലിനെ പ്രകീർത്തിച്ച് രംഗത്തെത്തി. 

എന്നാൽ കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന സർക്കാർ അവലോകന യോഗത്തിൽവെച്ച് മുഖ്യമന്ത്രി ഡോക്ടർ ഹാരിസിനെതിരെ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെ വിമർശനത്തിന് തൊട്ടുപിന്നാലെ പാർട്ടി മുഖപത്രമായ ദേശാഭിമാനി മുഖപ്രസംഗത്തിൽ ഡോക്ടർ ഹാരിസ് ചിറയ്ക്കലിനെതിരെ വിമർശനവുമായി രംഗത്തെത്തി. 

കേരളത്തിലെ ആരോഗ്യരംഗത്ത് കഴിഞ്ഞ ഒൻപതുവർഷമായി നേടിയെടുത്ത നേട്ടങ്ങൾ ആരും പറഞ്ഞില്ലെങ്കിലും അനുഭവങ്ങളിലൂടെ ഏറ്റുപറയുന്ന ജനലക്ഷങ്ങളുണ്ട് കേരളത്തിൽ. സർക്കാർ ആതുരാലയങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം പതിൻമടങ്ങായി വർധിച്ചു. 10 ലക്ഷത്തിലേറെ രോഗികൾ എത്തുന്ന മെഡിക്കൽ കോളജുകളുണ്ട് കേരളത്തിൽ. സൂപ്പർ സ്പെഷ്യൽറ്റി ഹോസ്പിറ്റലുകളിൽ മാത്രമുണ്ടായിരുന്ന ചികിത്സാ സൗകര്യങ്ങൾ ഇപ്പോൾ കേരളത്തിലെ മെഡിക്കൽ കോളജുകളിൽ ലഭ്യമാക്കിയെന്നും ദേശാഭിമാനി മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നുണ്ട്. ദേശാഭിമാനി എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച മന്ത്രിയുടെ അഭിമുഖത്തിൽ ആരോഗ്യമേഖലയെ മാധ്യമങ്ങൾ വേട്ടയാടുന്നു എന്നായിരുന്നു ആരോപണം.

രാജ്യത്തിന് ആകെ മാതൃകയായ കേരളത്തിലെ ആരോഗ്യ രംഗത്തെ തകർക്കാനാണ് ഡോക്ടർ ഹാരിസിന്റെ സാമൂഹിക വിമർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് 'ഇത് തിരുത്തൽ അല്ല തകർക്കൽ' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ ആരോപിക്കുന്നത്.

സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഡോക്ടർ ഹാരിസിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. അമേരിക്കവരെ കോവിഡിൽ വിറങ്ങലിച്ചുനിന്നപ്പോൾ ശരിയായ നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് കേരളമെന്നും, ആരോഗ്യമേഖലയിലെ ചെറിയ പ്രശ്‌നങ്ങൾ പർവതീകരിച്ച് കാണിക്കുകയാണെന്നുമായിരുന്നു എം.വി. ഗോവിന്ദന്റെ ആരോപണം. 

ഒരു മെഡിക്കൽ കോളജിൽ മരുന്നുക്ഷാമം വന്നാൽ ആരോഗ്യമേഖല അപ്പാടെ തകർന്നുവെന്ന് വരുത്തിതീർക്കാനാണ് ശ്രമം. ലോകം മുഴുവൻ പ്രകീർത്തിച്ച കേരളാ മോഡലിനെതിരെ യു.ഡി.എഫിന്റെ ഒത്താശയോടെ ചിലർ തകർക്കാനുള്ള ശ്രമം നടത്തുകയാണെന്നുമായിരുന്നു എം.വി. ഗോവിന്ദന്റെ ആരോപണം.

എന്നാൽ ഡോക്ടർ ഹാരിസ് ചിറയ്ക്കൽ വിവാദങ്ങൾക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. തന്റെ പ്രതികരണം ലക്ഷ്യം കണ്ടുവെന്നും ആശുപത്രിയിൽ ആവശ്യമായ ശസ്ത്രക്രിയാ ഉപകരണങ്ങൾ ലഭ്യമാക്കിയതിൽ സന്തോഷമുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

ഇടതുപക്ഷ സഹയാത്രികനായ ഒരു ഡോക്ടർ തന്നെ ഗത്യന്തരമില്ലാതെ സർക്കാരിനെതിരെ തിരിഞ്ഞതിന്റെ അലയൊലികൾ മാറുന്നതിന് മുൻപേയാണ് കോട്ടയം മെഡിക്കൽ കോളജിലെ ദാരുണ അപകട മരണം നടക്കുന്നത്. സോഷ്യൽ മീഡിയയിലെ തള്ളി മറിക്കലുകൾക്ക് പുറത്ത് കേരളാ മോഡൽ ആരോഗ്യ മേഖല വെന്റിലേറ്ററിലാണെന്ന് തിരിച്ചറിഞ്ഞ് അടിയന്തിര ചികിത്സ നൽകുകയാണ് വേണ്ടത്.

കേരളത്തിലെ ആരോഗ്യമേഖലയെക്കുറിച്ചുള്ള ഈ സുപ്രധാന വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ.

Article Summary: Kerala's health model faces challenges after a tragic death and doctor's revelations.

#KeralaHealth #MedicalNegligence #KeralaPolitics #HealthSystem #VeenaGeorge #PinarayiVijayan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia