SWISS-TOWER 24/07/2023

'എൻ്റെ കൈ കാണാനില്ലമ്മേ'; നാലാം ക്ലാസുകാരിയുടെ കൈ മുറിച്ചുമാറ്റിയ ചികിത്സാ പിഴവ് ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

 
Veena George Urgent Probe Ordered in Fourth Grader's Hand Amputated Following Alleged Medical Negligence

Photo Credit: Facebook/Veena George

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പല്ലശ്ശന സ്വദേശിയും നാലാം ക്ലാസ് വിദ്യാർഥിനിയുമായ വിനോദിനിയുടെ വലത് കൈയാണ് മുറിച്ചു മാറ്റിയത്.
● സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണതിനെ തുടർന്ന് ബുധനാഴ്ചയാണ് കുട്ടിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.
● ജില്ലാ ആശുപത്രിയിൽ പ്ലാസ്റ്റർ ഇട്ട ശേഷം കുട്ടിയെ ഡിസ്ചാർജ് ചെയ്തെങ്കിലും വേദന കൂടിയതിനെ തുടർന്ന് ആരോഗ്യനില മോശമായി.
● കയ്യിൽ രക്തയോട്ടം കുറഞ്ഞ് കറുത്ത നിലയിലായതോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയച്ചു.
● പഴുപ്പു വ്യാപിച്ചതിനാൽ മെഡിക്കൽ കോളജിൽ വെച്ച് കൈ മുറിച്ചു മാറ്റേണ്ടി വന്നു.

കൊല്ലങ്കോട്: (KVARTHA) 'എൻ്റെ കൈ കാണാനില്ലമ്മേ, മുറിച്ചു കളഞ്ഞോ...' എന്ന് വലതുകൈ നഷ്ടപ്പെട്ട ഒൻപത് വയസ്സുകാരി വിനോദിനിയുടെ ചോദ്യത്തിന് മറുപടി പറയാനാകാതെ നിൽക്കുകയാണ് അമ്മ പ്രസീത. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നാണ് പല്ലശ്ശന ഒഴിവുപാറ സ്വദേശികളായ ആർ.വിനോദിൻ്റെയും പ്രസീതയുടെയും മകളും നാലാം ക്ലാസ് വിദ്യാർഥിനിയുമായ വിനോദിനിക്ക് ഈ ദുരന്തം നേരിടേണ്ടി വന്നതെന്നാണ് കുടുംബത്തിൻ്റെ പരാതി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കുട്ടി കൈ നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞതും അമ്മയോട് സങ്കടത്തോടെ ചോദിച്ചതും.

Aster mims 04/11/2022

സംഭവം നടന്നതിങ്ങനെ

സെപ്റ്റംബര്‍ 24, ബുധനാഴ്ച വൈകിട്ടാണ് സഹോദരൻ അനുവിന്ദിനൊപ്പം കളിക്കുന്നതിനിടെ വിനോദിനിക്ക് വീണ് അപകടം സംഭവിക്കുന്നത്. ആദ്യം ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച കുട്ടിയെ അവിടെ പരിശോധിച്ച ഡോക്ടർമാർ ജില്ലാ ആശുപത്രിയിൽ കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച ശേഷം കയ്യിൽ പ്ലാസ്റ്റർ ഇട്ട് അന്ന് രാത്രി തന്നെ ഡിസ്ചാർജ് നൽകി. പിന്നാലെയാണ് കുട്ടിയുടെ ആരോഗ്യനില മോശമായത്.

വേദന മൂലം രാത്രി മുഴുവൻ കുട്ടി കരഞ്ഞതോടെ അടുത്ത ദിവസം വ്യാഴാഴ്ച വീണ്ടും ആശുപത്രിയിലെത്തിച്ചു. എന്നാൽ എല്ല് പൊട്ടിയതല്ലേ, വേദനയുണ്ടാകും എന്നായിരുന്നു ഡോക്ടർമാരുടെ മറുപടി. ഒരാഴ്ച കഴിഞ്ഞു വന്നാൽ മതിയെന്നും നിർദേശിച്ചു. ഇതിനിടെ വേദന സഹിക്കാനാവാതെ കുട്ടി അവശനിലയിലായി. ഇതോടെ കഴിഞ്ഞ ചൊവ്വാഴ്ച (സെപ്റ്റംബർ 30) കുട്ടിയെ വീണ്ടും ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും കുട്ടിയുടെ കൈകളിൽ രക്തയോട്ടം കുറഞ്ഞ് കറുത്ത നിറമാവുകയും ദുർഗന്ധമുള്ള പഴുപ്പ് വരാൻ തുടങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചത്.

മുറിച്ചു മാറ്റാൻ കാരണം പഴുപ്പ് വ്യാപിച്ചത്

അന്നുതന്നെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും കയ്യിൽ പഴുപ്പ് വ്യാപിച്ചതിനാൽ വലതുകൈ മുറിച്ചു മാറ്റേണ്ടി വന്നുവെന്ന് മുത്തശ്ശി ഓമനയും മുത്തച്ഛൻ വാസുവും പറയുന്നു. കുട്ടിയുടെ കയ്യുടെ അവസ്ഥ കണ്ട് 'ഇതെന്താ മാംസക്കെട്ടാണോ ഇങ്ങനെ പൊതിഞ്ഞ് അയയ്ക്കാനെന്നും ഈ പഴുപ്പൊന്നും പാലക്കാട്ടെ ആശുപത്രിക്കാർ കണ്ടില്ലേ' എന്നും മെഡിക്കൽ കോളജിൽ നിന്ന് ചോദിച്ചതായി ഓമന പറഞ്ഞു. വീഴ്ചയിൽ കുട്ടിയുടെ കൈക്ക് മുറിവുണ്ടായിരുന്നെന്നും അതൊന്നും ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പരിഗണിച്ചില്ലെന്നും കുടുംബം പരാതിപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് കുട്ടിയുടെ തുടർന്നുള്ള ജീവിതവും പഠനവും എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയുണ്ട്.

അന്വേഷണത്തിന് മന്ത്രിയുടെ നിർദേശം

ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ ചികിത്സാ പിഴവിനെ തുടർന്നാണ് കുട്ടിയുടെ കൈ നഷ്ടപ്പെട്ടതെന്നും, ഇക്കാര്യത്തിൽ ഡോക്ടർമാർക്കെതിരെ കടുത്ത നടപടി വേണമെന്നും ആവശ്യപ്പെട്ട് വിനോദിനിയുടെ മുത്തശ്ശി ഓമന വാസു ജില്ലാ മെഡിക്കൽ ഓഫിസർക്ക് പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ, പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സ തേടിയ ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.

സംഭവത്തിൽ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതായി പാലക്കാട് ഡി.എം.ഒ. വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഡോ. പത്മനാഭൻ, ഡോ. കാവ്യ എന്നിവർക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിലൂടെ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമാകും.

വീഴ്ച പറ്റിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍

അതേസമയം, ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് പാലക്കാട് ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചു. സാധാരണ പോലെ തന്നെ എല്ലാ ചികിത്സയും നൽകിയിരുന്നു. സംഭവിച്ചത് അപൂർവങ്ങളിൽ അപൂർവമായ കാര്യമാണെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. ജയശ്രീ വ്യക്തമാക്കി. കുട്ടിക്ക് വേദന വന്നിട്ടും ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാലാണ് ഈയൊരു സ്ഥിതിയിലേക്കെത്തിയതെന്നും ആശുപത്രി സൂപ്രണ്ട് കൂട്ടിച്ചേർത്തു.
 

കുട്ടിയുടെ ദുരവസ്ഥയിൽ നിങ്ങളുടെ പ്രതികരണം എന്താണ്? കമന്റ് ചെയ്യുക.

Article Summary: Fourth grader's hand amputated following alleged medical negligence at Palakkad District Hospital; urgent probe ordered.

#MedicalNegligence #PalakkadHospital #VeenaGeorge #HandAmputation #KeralaHealth #Kollengode

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script