

● ബ്യൂറോക്രസിയെയാണ് കുറ്റപ്പെടുത്തുന്നതെന്ന് ആവർത്തിച്ചു.
● തുറന്നുപറച്ചിലിന് ശിക്ഷാനടപടി ഉറപ്പെന്ന് ഹാരിസ്.
● മെഡിക്കൽ കോളജിലെ പ്രശ്നങ്ങൾ താൽക്കാലികമായി പരിഹരിച്ചു.
● രണ്ട് മാസത്തോളം ഫയലുകൾ മുടങ്ങിക്കിടന്നതായി ആരോപണം.
തിരുവനന്തപുരം: (KVARTHA) മെഡിക്കൽ കോളജിലെ ഉപകരണക്ഷാമം സംബന്ധിച്ച തൻ്റെ തുറന്നുപറച്ചിൽ 'പ്രൊഫഷണൽ സൂയിസൈഡ്' ആയി കണക്കാക്കാമെന്നും, എല്ലാ വാതിലുകളും അടഞ്ഞപ്പോഴാണ് അത്തരമൊരു മാർഗം സ്വീകരിക്കേണ്ടി വന്നതെന്നും യൂറോളജി വിഭാഗം മേധാവി ഡോ. സി.എച്ച്. ഹാരിസ്. താൻ ഇടതുപക്ഷ സഹയാത്രികൻ എന്ന നിലയ്ക്ക് മുഖ്യമന്ത്രിയെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്നും, മുഖ്യമന്ത്രി ഏതു തരത്തിൽ വിമർശിച്ചാലും അദ്ദേഹത്തോടുള്ള ആദരവിൽ ഒരു കുറവും ഉണ്ടാകില്ലെന്നും ഡോ. ഹാരിസ് വ്യക്തമാക്കി.
ഡോ. ഹാരിസിൻ്റെ പ്രതികരണം ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. തുറന്നുപറച്ചിലിൻ്റെ പേരിൽ ശിക്ഷാനടപടി ഉണ്ടാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും, മന്ത്രിസഭയെയോ ആരോഗ്യവകുപ്പിനെയോ മന്ത്രിയെയോ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ലെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.
ഉപകരണക്ഷാമം: യാഥാർത്ഥ്യങ്ങളും പ്രതിവിധികളും
'മെഡിക്കൽ കോളജിലെ ഉപകരണങ്ങളുടെ അഭാവം കഴിഞ്ഞ ദിവസം പരിഹരിച്ചു. രോഗികളുടെ ശസ്ത്രക്രിയ കഴിഞ്ഞു. ഇന്നോ നാളെയോ അവരെ ഡിസ്ചാർജ് ചെയ്യാൻ പറ്റും. പക്ഷേ ഉപകരണങ്ങളുടെ ക്ഷാമം പലതും ഇപ്പോഴും ഉണ്ട്. അന്ന് വിദഗ്ധ സമിതിയോട് തെളിവുകളോടെ തന്നെ ഇക്കാര്യം സൂചിപ്പിച്ചു. പ്രതിവിധികൾ നിർദേശിച്ചിട്ടുണ്ട്. അതിനൊക്കെ സ്ഥിരമായ പരിഹാരമുണ്ടാകണം. ഇത്തവണ ഞാൻ എൻ്റെ കരിയറും ജോലിയും ത്യജിച്ച് അത്ര റിസ്കെടുത്താണ് മുന്നോട്ട് വന്നത്. ഇങ്ങനെ ആരും മുന്നോട്ട് വരില്ല. ഒരുപക്ഷേ, ഇനി എനിക്ക് ഇങ്ങനെ വരാൻ കഴിയുകയുമില്ല.
ഞാനില്ലാതാകുന്നു അല്ലെങ്കിൽ എൻ്റെ സർവീസ് ഇല്ലാതാകുന്നു എന്ന് വിചാരിച്ച് പ്രശ്‌നങ്ങൾ ഇല്ലാതാകുന്നില്ല. അത് പരിഹരിക്കാൻ നടപടികളുണ്ടാകണം. ഞാൻ ഒരിക്കൽപോലും മന്ത്രിസഭയെയോ ആരോഗ്യവകുപ്പ് മന്ത്രിയെയോ വകുപ്പിനെയോ കുറ്റപ്പെടുത്തിയിട്ടില്ല. ബ്യൂറോക്രസിയെയാണ് എന്നും ഞാൻ കുറ്റപ്പെടുത്തുന്നത്. മുന്നിലുള്ള എല്ലാ വഴികളും കൊട്ടിയടക്കപ്പെടുമ്പോഴാണല്ലോ ഒരാൾ ആത്മഹത്യ ചെയ്യുന്നത്. അതുപോലെ ഇതെൻ്റെ 'പ്രൊഫഷണൽ സൂയിസൈഡ്' ആണെന്നു പറയാം. എൻ്റെ മുന്നിലുള്ള എല്ലാ മാർഗങ്ങളും കൊട്ടിയടക്കപ്പെട്ടപ്പോൾ, എല്ലാ മാർഗവും പരാജയപ്പെട്ടപ്പോഴാണ് ഞാൻ അതിലേക്ക് പോയത്. ശിക്ഷാ നടപടികൾ വരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞാൻ ഈ അഭിപ്രായങ്ങൾ പറയുമ്പോൾ ആരെങ്കിലും എതിർക്കുമെന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ, ഒരു വശത്തുനിന്നു പോലും എതിർപ്പുണ്ടായില്ല. ജനങ്ങളും ഇടതുപക്ഷ പാർട്ടികളുൾപ്പെടെയുള്ളവർ പിന്തുണച്ചു.
പൊതുജനങ്ങളോടുള്ള അഭ്യർത്ഥന
ഞാൻ ചൂണ്ടിക്കാണിച്ചത് എന്താണോ അത് പരിഹരിക്കുക. അല്ലാതെ ആരോഗ്യവകുപ്പിനെ മോശക്കാമാക്കി കാണിക്കുകയോ, ആരോഗ്യവകുപ്പ് ആശുപത്രികൾക്കെതിരെ പ്രതിഷേധപ്രവർത്തനങ്ങൾ നടത്തുകയോ, ജനങ്ങളുടെ ചികിത്സയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്യരുതെന്നാണ് എൻ്റെ അപേക്ഷ. അതൊക്കെ ചെയ്താൽ ഞാൻ തെറ്റിദ്ധരിക്കപ്പെടും. ദയവ് ചെയ്ത് അതിൽനിന്ന് പിന്മാറണം. ബ്യൂറോക്രസിയുടെ പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണം.
മുഖ്യമന്ത്രി പറഞ്ഞത് ഒരു പരിധിവരെ ശരിയാണ്. അഭിപ്രായം തുറന്നുപറയുമ്പോൾ ആരോഗ്യമേഖലയ്ക്ക് ഇടിച്ചിൽ ഉണ്ടാകും. എന്നാൽ, അത് പരിഹരിച്ചാൽ ആരോഗ്യമേഖലയുടെ വളർച്ച ഉദ്ദേശിക്കുന്നതിനേക്കാൾ വളരെ വേഗത്തിലാകും. രണ്ടു മാസത്തോളമാണ് കലക്ടറേറ്റിൽ ഫയൽ മുടങ്ങിക്കിടന്നത്. ചികിത്സയ്ക്ക് ആവശ്യമായ ഫയലുകൾ എങ്ങനെയാണ് രണ്ടുമാസം മുടങ്ങിക്കിടക്കുക. പ്രശ്‌നം ഉണ്ടായപ്പോൾ അതേരാത്രിയിൽതന്നെ പ്രശ്‌നം പരിഹരിച്ചു. ഒറ്റ ദിവസംകൊണ്ട് ഹൈദരാബാദ് വരെ പോയത് എങ്ങനെയാണ്? മറ്റ് ഉപകരണങ്ങളും കഴിഞ്ഞ ദിവസം എത്തി. മാസങ്ങളും വർഷങ്ങളുമായി മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ എങ്ങനെയാണ് ഒറ്റ ദിവസംകൊണ്ട് ശരിയാകുന്നത്? എങ്ങനെയാണ് ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ ഇത്ര വേഗത്തിൽ ഇത് നടക്കുന്നത്?
മുഖ്യമന്ത്രി എൻ്റെ ഗുരുനാഥനാണ്. ഇടതുപക്ഷ സഹയാത്രികൻ എന്ന നിലയ്ക്ക് ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹം എന്നെ എന്ത് ചെയ്താലും അദ്ദേഹത്തോടുള്ള ബഹുമാനത്തിന് ഒരു കുറവും ഉണ്ടാകില്ല''- ഡോ.സി.എച്ച്.ഹാരിസ് പറഞ്ഞു.
ആരോഗ്യമേഖലയിലെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ എന്ത് നടപടികളാണ് വേണ്ടത്? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Dr. Harris calls revealing hospital issues 'professional suicide', blames bureaucracy.
#KeralaHealth #MedicalCollege #Bureaucracy #DrCHHarris #CMKerala #HealthcareReform