Piracy | രജനീകാന്തിന്റെ 'വേട്ടയ്യന്‍' വ്യാജപതിപ്പ്; തമിഴ് റോക്കേഴ്‌സ് ടീമിനെതിരെ കേസുമായി തമിഴ്‌നാട് പൊലീസ്


● വിവരങ്ങളും തെളിവുകളും കൊച്ചി പൊലീസ് കൈമാറി.
● റെക്കോര്‍ഡ് ചെയ്തത് കോയമ്പത്തൂര്‍ എസ്ആര്‍കെ മിറാജ് തിയറ്ററില്‍.
● സൈറ്റുകള്‍ വഴി പ്രചരിപ്പിച്ച് പണം സമ്പാദിക്കുന്നതായിരുന്നു രീതി.
● ഐ ഫോണുകള്‍ ഉപയോഗിച്ചാണ് ഇവര്‍ സിനിമ പകര്‍ത്തുന്നത്.
ചെന്നൈ: (KVARTHA) ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രം 'വേട്ടയ്യന്‍' (Vettaiyan). എന്നാല്‍ റിലീസിന് പിന്നാലെ വേട്ടയ്യന്റെ വ്യാജപതിപ്പും പുറത്തിറങ്ങുകയായിരുന്നു. അവധി ദിവസം കണക്കിലെടുത്ത് ചിത്രത്തിന്റെ കളക്ഷനില്‍ കാര്യമായ കുതിപ്പ് പ്രതീക്ഷിച്ചിരിയ്ക്കുമ്പോഴായിരുന്നു ഈ തിരിച്ചടി.
ടൊവിനോയുടെ 'അജയന്റെ രണ്ടാം മോഷണം' സിനിമയുടെ വ്യാജ പതിപ്പ് ഇറങ്ങിയ സംഭവത്തില്‍ പിടിയിലായ തമിഴ്‌നാട് സത്യമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുമരേശന്‍ (29), പ്രവീണ്‍ കുമാര്‍ (30) എന്നിവരാണ് രജനീകാന്തിന്റെ വേട്ടയ്യന്‍ സിനിമയുടെ വ്യാജ പകര്‍പ്പും പുറത്തുവിട്ടത്. ഈ സംഭവത്തില്‍ തമിഴ് റോക്കേഴ്‌സ് ടീമിനെതിരെ തമിഴ്‌നാട് പൊലീസും കേസ് എടുക്കും. വിവരങ്ങളും തെളിവുകളും കൊച്ചി പൊലീസ് തമിഴ്‌നാട് പൊലീസിന് കൈമാറിയതിന് പിന്നാലെയാണ് കേസ്.
എആര്‍എം വ്യാജ പതിപ്പില്‍ എആര്‍എം നിര്‍മ്മാതാക്കളുടെ പരാതിയില്‍ ദ്രുതഗതിയില്‍ അന്വേഷിച്ച കൊച്ചി സൈബര്‍ പൊലീസ് ബാംഗ്ലൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. പിന്നാലെ ഇവരില്‍ നിന്ന് വേട്ടയ്യന്‍ സിനിമയുടെ വ്യാജ പതിപ്പ് കണ്ടെത്തിയിരുന്നു. സിനിമ റിലീസായ ദിവസംതന്നെ വ്യാജ പതിപ്പ് ഇവര്‍ ടെലഗ്രാമില്‍ ഇറക്കിയിരുന്നു. കോയമ്പത്തൂര്‍ എസ്ആര്‍കെ മിറാജ് തിയറ്ററില്‍ നിന്നാണ് സിനിമ റെക്കോര്‍ഡ് ചെയ്തത്. കുമരേശും, പ്രവീണ്‍ കുമാറും വ്യാജ പതിപ്പിറക്കാന്‍ തമിഴ് സിനിമയായ വേട്ടയ്യന്‍ ഷൂട്ട് ചെയ്ത് മടങ്ങവെയാണ് പൊലീസിന്റെ വലയില്‍ വീണത്.
സിനിമയുടെ വ്യാജ പതിപ്പ് ചിത്രീകരിച്ച് പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്‌സിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങളും പുറത്തുവന്നു. തിയറ്ററിലെ റിക്ലൈനര്‍ സീറ്റുകളില്‍ കിടന്നാണ് സംഘാംഗങ്ങള്‍ സിനിമ ചിത്രീകരണിക്കുകയെന്നാണ് വിവരം. കിടക്കാവുന്ന സീറ്റുകളുളള തിയേറ്ററുകളാണ് ചിത്രീകരണത്തിനായി തെരഞ്ഞെടുക്കുക. ഇതില്‍ കിടന്നുകൊണ്ട് ചിത്രീകരിക്കും. ക്യാമറ പുതപ്പിനുളളില്‍ ഒളിപ്പിക്കും.
സിനിമ ഷൂട്ട് ചെയ്യുന്നത് കാണാതിരിക്കാനും ചുറ്റുമുളളവര്‍ക്ക് സംശയം തോന്നാതിരിക്കാനും മുന്നൊരുക്കങ്ങളും സംഘം നടത്തും. സംഘത്തില്‍പ്പെട്ടവര്‍ തന്നെയാകും സിനിമ ചിത്രീകരിക്കുന്ന സീറ്റിന്റെ അടുത്തടുത്ത സീറ്റുകളിലുണ്ടാകുക. അഞ്ചുപേര്‍ വരെ അടുത്തടുത്ത സീറ്റുകളില്‍ ടിക്കറ്റ് എടുക്കും. തിയേറ്ററിന്റെ മധ്യഭാഗത്തെ സീറ്റുകളാണ് ചിത്രീകരണത്തിനായി മുന്‍കൂട്ടി ബുക്ക് ചെയ്യുക. റിലീസ് സിനിമകള്‍ ആദ്യം ദിവസം തന്നെ ഷൂട്ട് ചെയ്യുകയാണ് രീതി. ഐ ഫോണുകള്‍ ഉപയോഗിച്ചാണ് ഇവര്‍ സിനിമ പകര്‍ത്തുന്നത്.
സബ്ടൈറ്റില്‍ തയ്യാറാക്കി സൈറ്റിലേക്ക് നല്‍കിയിരുന്നത് ബെംഗളൂരുവിലെ മുറിയില്‍ വച്ചായിരുന്നു. പിടിയിലായ തമിഴ് റോക്കേഴ്‌സിന്റെ ഈ രണ്ടുപേര്‍ 33 സിനിമകളാണ് ഇതുവരെ ചിത്രീകരിച്ചത്. മലയാളം, തമിഴ്, കന്നട സിനിമകള്‍ ഇക്കൂട്ടത്തിലുണ്ട്. തമിഴ്‌നാട്ടിലെയും ബംഗലൂരു പട്ടണത്തിലേയും തിയേറ്ററുകളാണ് തെരഞ്ഞെടുത്തത്.
മലയാളം, കന്നഡ, തമിഴ് ചിത്രങ്ങളുടെ വ്യാജപതിപ്പ് നിര്‍മിച്ച് തമിഴ് റോക്കേഴ്സ്, വണ്‍ തമിഴ് എംവി സൈറ്റുകള്‍ വഴി പ്രചരിപ്പിച്ച് പണം സമ്പാദിക്കുന്നതായിരുന്നു രീതി. തിയേറ്റര്‍ ഉടമകള്‍ക്ക് ഇടപാടില്‍ പങ്കുളളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. നാല് ഫോണും ഇവരില്‍നിന്ന് പിടിച്ചടുത്തു. മുന്‍പും തെന്നിന്ത്യന്‍ സിനിമകളുടെ വ്യാജ പതിപ്പ് നിര്‍മ്മിച്ച് പണം സമ്പാദിച്ച സംഘത്തിന്റെ ഭാഗമാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, ആദ്യദിനത്തില്‍ തന്നെ കേരളത്തില്‍ നിന്നും 4 കോടി രൂപയാണ് വേട്ടയ്യന്‍ ചിത്രം സ്വന്തമാക്കിയത്. ആഗോളതലത്തില്‍ 67 കോടി രൂപയോളം ചിത്രം സ്വന്തമാക്കി. സാക് നില്‍ക് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ നിന്നു മാത്രം 31 കോടി രൂപ വേട്ടയ്യന്‍ സ്വന്തമാക്കിയിട്ടുണ്ട്. വിവിധ ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. 31 കോടി രൂപയോളം ഇന്ത്യയില്‍ നിന്ന് നേടിയെന്നാണ് റിപ്പോര്‍ട്ട്.
രജനീകാന്തിനൊപ്പം ചിത്രത്തില്‍ മഞ്ജു വാര്യര്‍, അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബാട്ടി, ശര്‍വാനന്ദ്, ജിഷു സെന്‍ഗുപ്ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയന്‍, രാമയ്യ സുബ്രമണ്യന്‍, കിഷോര്‍, റെഡ്ഡിന് കിങ്സ്ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാല്‍, രമേശ് തിലക്, ഷാജി ചെന്‍, രക്ഷന്‍, സിങ്കമ്പുലി, ജി എം സുന്ദര്‍, സാബുമോന്‍ അബ്ദുസമദ്, ഷബീര്‍ കല്ലറക്കല്‍ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്. ചിത്രത്തിലെ 'മനസ്സിലായോ' ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് സൃഷ്ടിച്ചിരുന്നു.
#vettaiyan #piracy #tamilrockers #rajnikanth #movies #filmindustry #copyright #arrest