Bollywood | 'അവന്‍ മാനസികമായി തകര്‍ന്നു, ആരോടും സംസാരിക്കുന്നില്ല'; സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ ആദ്യം കസ്റ്റഡിയിലെടുത്ത 31കാരന്‍റെ പിതാവ്


● സിസിടിവി ദൃശ്യവുമായി സാമ്യമില്ലെന്ന് പറഞ്ഞിട്ടും വിശ്വസിച്ചില്ല.
● ഉദ്യോഗസ്ഥരുടെ പെരുമാറ്റം മകന്റെ ഭാവി താറുമാറാക്കി.
● മുംബൈ പൊലീസിനെതിരെ രൂക്ഷവിമര്‍ശനം.
● കേസില്‍ വിശദാംശങ്ങളുമായി മുംബൈ പോലീസ്.
● ശരിയായ പ്രതിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍.
മുംബൈ: (KVARTHA) സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്ത ആകാശ് കനോജിയ എന്ന 31കാരന്‍ മാനസികമായി തകര്‍ന്നുവെന്ന് യുവാവിന്റെ പിതാവ് കൈലാഷ് കനോജിയ. ആകാശിനെ കസ്റ്റഡിയിലെടുത്തതോടെ എല്ലാം നശിച്ചെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ പിതാവ് കൈലാഷ് കനോജിയ. മുംബൈ പൊലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്.
ഒന്നും നോക്കാതെയാണ് തന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും അതോടെ അവന്റെ ജീവിതം താറുമാറായെന്നും മാനസികമായി തകര്‍ന്ന അവന്‍ പണ്ടത്തെപ്പോലെ സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
'പിടികൂടിയപ്പോള്‍ തന്നെ എന്റെ മകനും സിസിടിവി ദൃശ്യവും തമ്മില്‍ സാമ്യമില്ലെന്ന് ആളുകള്‍ പറഞ്ഞതാണ്. എന്നാല്‍ അതൊന്നും നോക്കാതെ പൊലീസ് അവനെ കസ്റ്റഡിയിലെടുത്തു. ഇപ്പോള്‍ ജോലി പോയി, ഉറപ്പിച്ച വിവാഹം മുടങ്ങി. ആരാണ് ഇതിന്റയൊക്കെ ഉത്തരവാദികള്‍? പൊലീസിന്റെ പെരുമാറ്റം അവന്റെ ഭാവിയെ തന്നെ ഇല്ലാതാക്കി. ഷരീഫിനെ പിടികൂടില്ലായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നുവെന്ന് എനിക്ക് പറയാന്‍ പറ്റുന്നില്ല.'- കൈലാഷ് കനോജിയ പറഞ്ഞു. നീതി വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസ് നടപടി തന്റെ ജീവിതം തകര്‍ത്തെന്ന് ആകാശ് കനോജിയും വ്യക്തമാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢിലെ ദുര്‍ഗില്‍ നിന്ന് ആകാശ് കനോജിയയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പ്രതിയുടെതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അതുമായി സാമ്യമുള്ള ആകാശിനെ മുംബൈ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. എന്നാല്‍ കേസുമായി ഒരു ബന്ധവുമില്ലെന്ന് തെളിഞ്ഞതോടെ ആകാശിനെ പൊലീസ് വിട്ടയക്കുകയായിരുന്നു. പിന്നീടാണ് ഷരീഫുല്‍ ഇസ്ലാം എന്ന ബംഗ്ലാദേശി പൗരനെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നത്.
ജനുവരി 16 നാണ് ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്റെ വസതിയില്‍ ആക്രമണം നടന്നത്. വീട്ടില്‍ അതിക്രമിച്ച് കയറി മോഷണത്തിന് ശ്രമിച്ച പ്രതി രക്ഷപ്പെടാനുള്ള പ്രതിരോധത്തിനിടെ നടനെ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. സംഭവം നടന്നതിന് പിന്നാലെ കേസില്‍ കുറ്റവാളികളെന്ന് സംശയിച്ച് ആദ്യം പിടികൂടിയവരെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നീട് ജനുവരി 19 ന് താനെയില്‍ നിന്ന് ബംഗ്ലാദേശിയായ പ്രതി ഷരീഫുള്‍ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. സെയിഫ് അലിഖാന്റെ വീട്ടില്‍ നിന്ന് ശേഖരിച്ച ഫിംഗര്‍പ്രിന്റുകള്‍ ഷരീഫുമായി യോജിക്കുന്നില്ലെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കൂടുതല്‍ പരിശോധനക്ക് അയച്ചിരിക്കുകയാണിപ്പോള്‍ പൊലീസ്. എന്നാല്‍ അറസ്റ്റിലായത് ശരിയായ പ്രതിയാണെന്നും സാങ്കേതിക തെളിവുകളും കുറ്റസമ്മതവുമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഒന്നിലധികം പ്രതികള്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള ശ്രമത്തിലാണെന്നും അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സെയ്ഫ് അലി ഖാന്‍ കേസില്‍ നിരവധി അഭ്യൂഹങ്ങളും വിവാദങ്ങളും ഉയരുന്നതിനിടെയാണ് കേസുമായി ബന്ധപ്പെട്ട് വെസ്റ്റ് റീജിയന്‍ അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ പരംജിത് ദാഹിയ വാര്‍ത്താസമ്മേളനം നടത്തിയത്. വിരലടയാള റിപ്പോര്‍ട്ട് ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് ദാഹിയ പറഞ്ഞത്. ശരിയായ പ്രതിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യഥാര്‍ഥ പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
ആശുപത്രി രേഖകളിലെ പൊരുത്തക്കേടുകള്‍ ഉയര്‍ത്തിയ ചര്‍ച്ചകള്‍ക്കും അഡീഷണല്‍ പോലീസ് കമ്മീഷണര്‍ വിശദീകരണം നല്‍കി. ലീലാവതി ഹോസ്പിറ്റലില്‍ നിന്നാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നും ഓഫീസര്‍ വ്യക്തമാക്കി. പൊലീസ് സൂചനകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
സെയ്ഫ് അലി ഖാൻ ആക്രമണ കേസിലെ ഈ വഴിത്തിരിവ് നിങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടോ? അഭിപ്രായങ്ങൾ താഴെ പങ്കുവെക്കുക.
The father of Akash Kanojia, who was initially arrested in connection with the attack on Saif Ali Khan, has accused the police of misconduct. He claims that his son was wrongly implicated and has suffered mental trauma.
#SaifAliKhan #Bollywood #MumbaiAttack #PoliceMisconduct #IndiaNews