Allegation | 'സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്'; കാസ്റ്റിംഗ് കൗച്ചില്‍ തമിഴ് സിനിമാ വ്യവസായവും പ്രതിസന്ധിയിലാണെന്ന് നടി സനം ഷെട്ടി
ചെന്നൈ: (KVARTHA) മലയാള സിനിമാ മേഖല നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് (Justice Hema Committee) പുറത്തുവന്നതിന് പിന്നാലെ കാസ്റ്റിംഗ് കൗച്ചില്‍ (Casting Couch) തമിഴ് സിനിമാ വ്യവസായവും പ്രതിസന്ധിയിലാണെന്ന വെളിപ്പെടുത്തലുമായി നടി സനം ഷെട്ടി (Sanam Shetty). തമിഴ് സിനിമയിലും ഇത്തരം പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ടെന്ന് സനം ഷെട്ടി വെളിപ്പെടുത്തുന്നു.
പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നെ ഫോണില്‍ വിളിച്ച് വരെ പലരും ചോദിച്ചിട്ടുണ്ട്. അത്തരക്കാരെ ചെരിപ്പൂരി മുഖത്തടിക്കുമെന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടുമുണ്ട്. മറ്റുള്ളവര്‍ക്ക് മുന്നില്‍ വഴങ്ങി കൊടുക്കാന്‍ താല്പര്യം ഇല്ലാത്തതിനാല്‍ തനിക്ക് പല സിനിമകളും വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നിട്ടുണ്ടെന്നും സനം പറയുന്നു.
എന്ന് കരുതി സിനിമയിലെ എല്ലാവരും മോശക്കാരെന്നല്ല, സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അഡ്ജസ്റ്റ്‌മെന്റ് ചെയ്താലേ അവസരം ലഭിക്കൂ എങ്കില്‍ ഇറങ്ങിപ്പോരണം. എന്നിട്ട് സ്വന്തം കഴിവില്‍ വിശ്വസിക്കണം. ഗൗരവകരമായൊരു വിഷയത്തില്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് ഹേമയ്ക്കും ഇതിന് മുന്‍കൈ എടുത്ത അഭിനേതാക്കള്‍ക്കും ഒരുപാട് നന്ദിയെന്നും സനം ഷെട്ടി കൂട്ടിച്ചേര്‍ത്തു.
കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ അനുവാദം വാങ്ങാന്‍ ചെന്നൈ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സനം ഷെട്ടിയുടെ പ്രതികരണം.
ഏറെ കാലത്തെ കാത്തിരിപ്പിനും നിയമപോരാട്ടങ്ങള്‍ക്കും ഒടുവില്‍ രണ്ട് ദിവസം മുന്‍പാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്. മലയാള സിനിമാ മേഖലയില്‍ നടക്കുന്ന ഞെട്ടിക്കുന്ന സംഭവവികാസങ്ങള്‍ ആയിരുന്നു പുറത്തുവന്നതും. ഇതിന് പിന്നാലെ വിവിധ സിനിമാ മേഖലകളില്‍ നിന്നുള്ളവര്‍ അടക്കം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി രംഗത്ത് വന്നുകൊണ്ടിരിക്കയാണ്.
#castingcouch #tamilcinema #womeninfilm #bollywood #kollywood #sanamshetty #hemacommittee