Violence | യുവത്വം ചോരയിൽ കുളിക്കുന്നു; അതിരുകൾ ലംഘിക്കുന്ന പുതുതലമുറ; രക്ഷകരാവേണ്ടവർ ആര്?

 
Image Representing New Generation Breaking Boundaries; Who Should Be the Saviors?
Image Representing New Generation Breaking Boundaries; Who Should Be the Saviors?

Representational Image Generated by Meta AI

● രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശ്രദ്ധക്കുറവ് യുവതലമുറയെ വഴിതെറ്റിക്കുന്നു.
● ലഹരി ഉപയോഗം യുവതലമുറയുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.
● സാമൂഹിക മാധ്യമങ്ങളുടെ അമിതമായ ഉപയോഗം യുവതലമുറയെ ഒറ്റപ്പെടുത്തുന്നു.
● കഠിനമായ ശിക്ഷകളും ബോധവൽക്കരണവും നേർവഴിക്ക് നയിക്കാൻ ആവശ്യം 

കൂക്കാനം റഹ്‌മാൻ 

(KVARTHA) നമ്മുടെ യുവതലമുറയുടെ പോക്കേങ്ങോട്ടാണ്. ഇന്ന് നമുക്ക് ചുറ്റും നടുക്കുന്ന സംഭവങ്ങൾ എന്തൊക്കെയാണ്. കൊലപാതകങ്ങളും അക്രമങ്ങളും, അനീതികളും ആത്മഹത്യകളും അരങ്ങു വാഴുകയാണ്. കൊച്ചു കുട്ടികൾ വരെ നിസ്സാര കാര്യങ്ങൾക്ക് വേണ്ടി മരണത്തെ തിരഞ്ഞെടുക്കുകയാണ്. മാതാവെന്നോ പിതാവെന്നോ സഹോദരനെന്നോ ഒന്നുമില്ല, സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി വെട്ടി വീഴ്ത്തുകയാണ്. എന്തൊരു വിചിത്രമായ കാര്യമാണല്ലോ. ഓർക്കുമ്പോൾ തന്നെ ഭയം തോന്നുന്നു. ഇങ്ങനെ ക്രൂര മനോഭാവമുള്ളവരായിതീരാൻ ഇന്നത്തെ തലമുറയെ ഇടയാക്കിയ സാഹചര്യങ്ങൾ എന്താവും.? 

അതിന് പ്രധാന കാരണം രക്ഷിതാക്കളുടെ ശ്രദ്ധയില്ലായ്മയാണെന്നാണ് ചിലരുടെ കണ്ടെത്തൽ. സുഹൃത്തുക്കളുമായുള്ള അതിരുവിട്ട ബന്ധങ്ങളാണെന്ന് മറ്റു ചിലർ. വിദ്യാലയങ്ങളിലും കലാലയങ്ങളിലും പഠിപ്പിക്കുന്ന അധ്യാപകരുടെ ശ്രദ്ധക്കുറവാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ലഹരി ഉപയോഗമാണ് ഇതിനൊക്കെ സാഹചര്യമൊരുക്കുന്നതെന്ന ന്യായീകരണവുമുണ്ട്. ഭരണകർത്താക്കളുടെ കഴിവുകേടുകൊണ്ടാണ് കുട്ടികൾ വഴിതെറ്റിപ്പോകുന്നതെന്ന പരാതി വേറെയുമുണ്ട്. സത്യത്തിൽ ഇതൊക്കെ തന്നെയാണോ അതിന് കാരണം.

ചിലപ്പോൾ ആണെന്ന് ശരി വെക്കേണ്ടി വരും മറ്റുചിലപ്പോൾ അല്ലെന്നും. അവർ ജീവിക്കുന്ന ചുറ്റുപാടുകൾ. സ്വയം തെരഞ്ഞെടുക്കുന്ന ചിന്തകൾ. നിരാശ മനോഭാവം. ആരെയും ഭയക്കേണ്ട ആവശ്യമില്ലെന്ന ധാരണ. എന്ത് കാട്ടിക്കൂട്ടിയാലും വലിയൊരു ശിക്ഷ ലഭിക്കില്ല എന്ന വിശ്വാസം. എന്നിവയൊക്കെയാണ് യുവതലമുറയെ ക്രൂര പ്രവർത്തി ചെയ്യാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ എന്നാണ് എന്റെ തോന്നലുകൾ. കൊല്ലാൻ തീരുമാനിച്ചാൽ കൊല്ലും ആത്മഹത്യ ചെയ്യാൻ തോന്നിയാൽ ചെയ്തിരിക്കും. ഇത്തരമൊരു ധൈര്യമനസ്സിൻ്റെ ഉടമകളായി മാറിക്കഴിഞ്ഞിരിക്കുന്നു ഇക്കൂട്ടർ. അതിന് പ്രധാന കാരണം അവർ വളർന്നു വരുന്ന സാഹചര്യങ്ങൾ തന്നെയാണ്. 

youth violence social issues

പണ്ടത്തെ കുട്ടികളെ പോലെ വീട്ടന്തരീക്ഷത്തിൽ ചിട്ടയോടെ വളർത്തി കുറേ 'അരുതുകൾ' പറഞ്ഞ് പേടിപ്പിക്കാനൊന്നും ഇന്നാവില്ല. അവൻ/അവൾ തുറന്ന ലോകത്ത് യഥേഷ്ടം വിഹരിക്കാനുള്ള അവസരം ലഭിച്ചിരിക്കയാണ്. അത് നിഷേധിക്കുമ്പോൾ അവർ അവരുടെ ആ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നു. രക്ഷിതാക്കളോ മുതിർന്നവരോ ആണെങ്കിൽ പോലും വിധി വിലക്കുകൾ അവരെ അസ്വസ്ഥരാക്കുന്നു. സ്വകാര്യത എന്നൊരു സംഭവം ഇന്നില്ല. എല്ലാം തുറന്നിട്ടിരിക്കുകയാണ്. എല്ലാ സുഖസൗകര്യങ്ങളും വീട്ടകങ്ങളിൽ അവന് ലഭ്യമായി കിട്ടുന്നു. 

പരാജയം അവൻ അറിയുന്നേ ഇല്ല. ചോദിച്ചതെന്തും സ്നേഹത്തിന്റെ കണക്കും പറഞ്ഞ് കൈകുമ്പിളിലേക്ക്. വിശപ്പിന്റെ വിലയോ ദാരിദ്ര്യത്തിന്റെ കണക്കും അറിയാതെയാണ് ഇന്നത്തെ തലമുറയുടെ വളർച്ച. വീടുകളിൽ അത് ഉണ്ടെങ്കിൽ പോലും മക്കളെ അത് അറിയിക്കാതെയാണ് പല രക്ഷിതാക്കളും വളർത്തുന്നത്. ചോദിച്ചതെന്തും കിട്ടിവളർന്ന അവർക്ക്, ആഗ്രഹിക്കുന്നത് കിട്ടാതാകുമ്പോൾ താങ്ങാനാവാതെ വരുന്നു. തോൽവികൾ സ്വയം മരണത്തെ പുൽകാനുള്ള കാരണങ്ങളാകുന്നു. സ്നേഹം, കരുണ, ദയ, പരസ്പര സഹകരണം തുടങ്ങിയ നന്മകൾ അവരിൽ നാമ്പിടുന്നില്ല. 

സ്വന്തം കാര്യം എങ്ങിനെ നേടിയെടുക്കാം എന്ന ചിന്തയിലാണവർ. മറ്റുള്ളവരുടെ മുമ്പിൽ ഹീറോ ചമയാൻ ഏത് വങ്കത്തരവും കാട്ടിക്കൂട്ടാൻ മടിയില്ലാത്തവരായി മാറി ന്യൂജൻ യുവാക്കൾ. അവർ ആരുടെയും വരുതിയിൽ നിൽക്കില്ല. ജീവിതത്തെക്കുറിച്ച് വിശാലമായ ചിന്തയൊന്നുമില്ല. വരുന്നിടത്ത് വെച്ചു കാണാം എന്ന ദാർഷ്ഠ്യമാണവരുടെ മുഖമുദ്ര. നിസ്സഹായരായ രക്ഷിതാക്കൾ, ഭയപ്പെട്ട് അധ്യാപനം നടത്തുന്ന അധ്യാപകർ, ഇവരൊന്നും നേരെയാവില്ല എന്ന് കരുതുന്ന പൊതു സമൂഹം. ഇത്തരം പുഴുക്കുത്തുകളെ എങ്ങിനെ നേരിടണമെന്ന ആശങ്കയോടെ നോക്കുന്ന ഭരണ സാരഥികൾ. ഇനി വേറൊരു മാർഗ്ഗമുള്ളത് ഉറച്ച ദൈവ വിശ്വാസികളാക്കി മാറ്റുക എന്നതാണ്. അതിന് മതനേതാക്കളും പുരോഹിതരും കച്ചകെട്ടിയിറങ്ങണം. 

തെറ്റ് ചെയ്താലുള്ള ദൈവീക ശിക്ഷയെക്കുറിച്ചുള്ള ബോധം അവരുടെ മനസ്സിൽ രൂഢമൂലമാക്കണം. ബോധവൽക്കരണവും ഉപദേശങ്ങളും. മാതൃക കാട്ടിക്കൊലുമൊന്നും ഇക്കൂട്ടരുടെ അടുത്ത് ചെലവാകില്ല. സമൂഹം മൊത്തം ഉണർന്നാലെ ഇതിനൊരു പരിഹാര മാവൂ. കഠിനമായ ശിക്ഷ ലഭിക്കും എന്ന ഭയമുണ്ടായാൽ ഇതിനൊക്കെ മാറ്റം വരും. നമ്മുടെ നീതിന്യായ വ്യവസ്ഥ മാറണം. കുറ്റം ചെയ്താൽ ദീർഘനാളത്തെ തെളിവെടുപ്പും കോടതി വിസ്താരവും ജാമ്യം നൽകലും, എന്നീ വ്യവസ്ഥകൾ മാറ്റണം. കുറ്റം ചെയ്ത വ്യക്തിയോട് സൗമ്യ മനോഭാവത്തോടെ ജയിൽ അധികൃതർ ഇടപെടരുത്. തുറുങ്കിലടക്കണം. ജയിലിൽ എല്ലാ സൗകര്യങ്ങളും ലഭ്യമാവുന്ന അവസ്ഥയ്ക്ക് അറുതി ഉണ്ടാവണം. മനുഷ്യത്വരഹിതമായി പ്രവർത്തിച്ച ക്രിമിനലുകൾക്ക് ഒരു തരത്തിലുള്ള മാനുഷിക പരിഗണനയും നൽകരുത്. അതിനേക്കാൾ കഠിനമായ ശിക്ഷ നൽകുക.

ഈ വാർത്ത ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ!

The article discusses the increasing trend of violence and crime among the youth, attributing it to factors like lack of parental attention, peer influence, substance abuse, and societal changes. It calls for stricter measures and a collective effort to address this issue.

#YouthViolence #SocialIssues #Crime #Parenting #Education #KeralaSociety

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia