Association Split | സ്വർണവ്യാപാരികളുടെ സംഘടനയിലെ പിളർപ്പ്: ഡോ. ബി ഗോവിന്ദൻ ചെയ്തത് കടുത്ത വഞ്ചന'; 99% അംഗങ്ങളും തങ്ങളോടൊപ്പമെന്ന് അഡ്വ. എസ് അബ്ദുൽ നാസർ

 
Split in Gold Merchant Association; Advocate Abdul Nasar Accuses Dr. B Govindan of Betrayal
Split in Gold Merchant Association; Advocate Abdul Nasar Accuses Dr. B Govindan of Betrayal

Photo: Supplied

● 'ഡോ. ബി ഗോവിന്ദനും നാലുപേരും മാത്രമാണ് പുറത്തുപോയത്'
● '12 ജില്ലാ കമ്മിറ്റികളും ഒപ്പം' 
● '112 സംസ്ഥാന കൗൺസിൽ അംഗങ്ങളിൽ 99 പേരും സംഘടനയിൽ നിൽക്കുന്നു'

കൊച്ചി: (KVARTHA) ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റായിരുന്ന ഡോ. ബി ഗോവിന്ദനും നാലുപേരും മാത്രമാണ് സംഘടനയിൽ നിന്ന് പുറത്തുപോയി മറ്റൊരു വിഭാഗവുമായി ചേർന്ന് ചെയർമാനായതെന്നും 99% അംഗങ്ങളും സംഘടനയിൽ ഉറച്ചുനിൽക്കുകയാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് അബ്ദുൽ നാസർ. ഫെബ്രുവരി 27-ന് ഓൺലൈനായി യോഗം ചേർന്ന് ഗോവിന്ദനെ പുറത്താക്കി വർക്കിങ് പ്രസിഡന്റ് അയമു ഹാജിയെ ആക്ടിങ് പ്രസിഡന്റായി തിരഞ്ഞെടുത്തതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

12 ജില്ലാ കമ്മിറ്റികളും 112 സംസ്ഥാന കൗൺസിൽ അംഗങ്ങളിൽ 99 പേരും സംഘടനയിൽ നിൽക്കുകയാണ്. ഞങ്ങളുടെ സംഘടനയിൽനിന്ന് പുറത്തുപോയി വേറൊരു സംഘടനയിൽ ചേർന്ന ഒരാൾക്ക് ഞങ്ങളെ എങ്ങനെ അവരുടെ സംഘടനയിൽനിന്ന് പുറത്താക്കാൻ കഴിയുമെന്ന് അബ്ദുൾ നാസർ ചോദിച്ചു. കഴിഞ്ഞ ഫെബ്രുവരി ഒമ്പതിന് എ.കെ.ജി.എസ്.എം.എ. സംസ്ഥാന തിരഞ്ഞെടുപ്പ് നടന്നിരുന്നു. 112 സംസ്ഥാന കൗൺസിൽ അംഗങ്ങളിൽ 98 പേർ ഹാജരായി നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോ. ബി. ഗോവിന്ദൻ, കെ. സുരേന്ദ്രൻ എന്നിവരുടെ പേരുകൾ നിർദേശിക്കപ്പെട്ട് 10 പാനലുകൾ അവതരിപ്പിച്ചു. 

ഒരു പാനലിൽ ഡോ. ബി ഗോവിന്ദൻ പ്രസിഡന്റായും ഒമ്പത് പാനലുകളിൽ കെ സുരേന്ദ്രൻ പ്രസിഡന്റായും ആണ് നിർദേശിക്കപ്പെട്ടത്. തുടർന്ന് ഗോവിന്ദൻ വിഭാഗത്തിലെ ചിലർ സംഘടനയിൽ തിരഞ്ഞെടുപ്പ് അനുവദിക്കില്ലെന്നും ബഹളമുണ്ടാക്കുകയും ചെയ്തു. സമവായ ചർച്ച വേണമെന്ന സംസ്ഥാന കൗൺസിൽ തീരുമാനപ്രകാരം പ്രസിഡന്റായി നിർദേശിക്കപ്പെട്ട കെ സുരേന്ദ്രനും ഡോ. ബി. ഗോവിന്ദനും പരസ്പരം സംസാരിച്ച് കെ. സുരേന്ദ്രൻ സ്വമേധയാ സ്ഥാനം സ്വീകരിക്കുന്നില്ലെന്നും ഡോ. ബി. ഗോവിന്ദൻ പ്രസിഡന്റാകുമെന്നും സംസ്ഥാന കൗൺസിലിനെ അറിയിച്ചു. തുടർന്ന് ഭാരവാഹികളുടെ ലിസ്റ്റ് അംഗീകരിച്ചു. എല്ലാവരും സഹവർത്തിത്വത്തോടുകൂടി പ്രവർത്തിച്ചു മുന്നോട്ടുനീങ്ങാൻ തീരുമാനിച്ചു.

ആലപ്പുഴയിൽ സ്വർണവ്യാപാരി പൊലീസ് കസ്റ്റഡിയിൽ മരണപ്പെടാൻ ഉണ്ടായ സാഹചര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 25-ന് സെക്രട്ടേറിയറ്റ് നടയിൽ ആയിരക്കണക്കിന് സ്വർണ്ണവ്യാപാരികളുടെ ധർണ നടത്തി. ധർണയിൽ അധ്യക്ഷത വഹിച്ച ഡോ. ഗോവിന്ദൻ തൊട്ടടുത്ത ദിവസം ആരോടും പറയാതെ നാല് അംഗങ്ങളോടൊപ്പം മറ്റൊരു സംഘടനയുമായി ലയിച്ചു എന്ന വാർത്തയാണ് കാണാൻ കഴിഞ്ഞത്. സംസ്ഥാന ഭാരവാഹികളായോ, സംസ്ഥാന കൗൺസിലിനെയോ വിശ്വാസത്തിലെടുക്കാതെ മറ്റൊരു വിഭാഗവുമായി ഗൂഢാലോചന നടത്തിയാണ് ഗോവിന്ദൻ പുറത്തുപോയത്. കടുത്ത വഞ്ചനയാണ് ഡോ. ഗോവിന്ദൻ ചെയ്തത്.

കേരളത്തിലെ ചെറുകിട വ്യാപാരികൾക്ക് സ്വസ്ഥമായി വ്യാപാരം നടത്തുന്നതിന് ദിവസേന നിശ്ചയിക്കുന്ന സ്വർണവില മാർജിൻ ഇടാതെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ, ബോർഡ് റേറ്റ് കൂട്ടിയിടുകയും സ്വന്തം സ്ഥാപനത്തിൽ പവന് ആയിരം രൂപ വരെ കുറവുണ്ടെന്ന് പരസ്യപ്പെടുത്തുകയും ചെയ്താണ് ഇത്രയും കാലം പ്രസിഡന്റായി ഇവിടെ തുടർന്നിരുന്നത്. സംസ്ഥാന കൗൺസിൽ തീരുമാനിച്ചിട്ടുള്ള റേറ്റ് കമ്മിറ്റി അംഗങ്ങളോട് പോലും ആലോചിക്കാതെ സ്വന്തം താല്പര്യപ്രകാരമാണ് കഴിഞ്ഞ ഒരു വർഷത്തിലധികമായി റേറ്റ് പ്രഖ്യാപിച്ചു കൊണ്ടിരുന്നത്. കേരള വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ് രാജു അപ്സര നടത്തിയ വാഹന ജാഥ തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ദിവസം കേരള വ്യാപകമായി കടകളടച്ച് ഹർത്താൽ ആഹ്വാനം ചെയ്ത വാർത്ത നൽകി കട തുറന്നിരുന്ന ഡോ. ബി. ഗോവിന്ദനോടുള്ള പ്രതിഷേധം തിരുവനന്തപുരത്ത് കണ്ടതാണ്.

2013-ന് ശേഷം ഇവരുടെ പിന്തുണയില്ലാതെയാണ് സംഘടന ഫണ്ട് ആർജിച്ചിട്ടുള്ളതും എക്സിബിഷനുകൾ നടത്തുകയും ചെയ്തിട്ടുള്ളത്. ഏറ്റവും അവസാനം കേരളത്തിലെ 4700 സ്വർണവ്യാപാരികളെ കോർത്തിണക്കി നടത്തിയ ഓണം സ്വർണോത്സവം പോലും പിന്നിൽനിന്ന് കുത്തി തകർക്കാൻ ശ്രമിച്ചു. കേരളത്തിലെ ചെറുകിട, ഇടത്തരം വ്യാപാരികൾക്ക് ഏറ്റവും നല്ല വ്യാപാരം നേടിക്കൊടുത്ത ഓണം സ്വർണ്ണോത്സവത്തിന്റെ ഒരു പരിപാടികളിലും ഡോ. ബി. ഗോവിന്ദൻ പങ്കെടുത്തിരുന്നില്ല. 80 വർഷത്തെ പാരമ്പര്യം പറയുന്ന ഇവർ, പഴയ നിയമാവലിയിലും പുതിയ നിയമാവലിയിലും ചെയർമാൻ എന്നുള്ള ഒരു പദവി ഇല്ല. സ്വർണഭവൻ ആരുടെയും കുടുംബസ്വത്തല്ലെന്നും കേരളത്തിലെ എല്ലാ സ്വർണ്ണവ്യാപാരികൾക്കും അവകാശപ്പെട്ടതാണെന്നും അബ്ദുൽ നാസർ കൂട്ടിച്ചേർത്തു. 

സ്വർണഭവന്റെയും സംഘടനയുടെയും അവകാശ തർക്കങ്ങളെക്കുറിച്ചുള്ള കേസുകൾ വിവിധ കോടതികളിൽ നടക്കുകയാണെന്നും തീർപ്പ് കൽപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ സ്വർണ വ്യാപാരികളുടെ അവകാശ പോരാട്ടങ്ങൾക്ക് ധീരമായി നേതൃത്വം നൽകി സംഘടന മുന്നോട്ടുപോകുമെന്നും മാർച്ച് 12-ന് സംസ്ഥാന കൗൺസിൽ തൃശൂരിൽ യോഗം ചേർന്ന് മുന്നോട്ടുള്ള പ്രവർത്തനത്തിന് രൂപം നൽകുന്നതാണെന്നും അബ്ദുൽ നാസർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ആക്ടിങ് പ്രസിഡന്റ് അയമു ഹാജി, വർക്കിങ് ജനറൽ സെക്രട്ടറി ബി പ്രേമാനന്ദ്, സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് ഏർബാദ്, സംസ്ഥാന സെക്രട്ടറി എസ് പളനി എന്നിവർ പങ്കെടുത്തു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക. അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക.

Split in Kerala gold merchant association. Advocate Abdul Nasar accuses Dr. B Govindan of betrayal. Claims 99% members remain with their faction.

#GoldTrade, #AssociationSplit, #Betrayal, #KeralaBusiness, #GoldMerchants, #TradeDispute

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia