കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എന്റെ സന്തോഷ സന്താപങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടേതുമാകാം (ഭാഗം 6)/ കൂക്കാനം റഹ് മാന്‍

(www.kvartha.com 08.04.2020) ചില അനുഭവപ്പെടലുകള്‍ സ്വപ്നസമാനമാണ്. വിചാരിക്കാത്ത സംഭവങ്ങള്‍, വ്യക്തികള്‍, എന്നിവ മുന്നിലെത്തുന്നു. എന്തിനാണെന്നോ എങ്ങിനെയാണെന്നോ ഒരു എത്തും പിടിയും കിട്ടാറില്ല.പക്ഷേ അത് യഥാര്‍ത്ഥത്തില്‍സംഭവിക്കുന്നത് തന്നെയാണ്. ആ സംഭവമോ വ്യക്തിയോ നമുക്ക് സ്ഥിരമായി അനുഭവവേദ്യമാവാറില്ല. വരുന്നു,പരിചയപ്പെടുന്നു കൂടുതല്‍ അടുപ്പംകാണിക്കുന്നു പലപ്പോഴും മനസ്സില്‍ അസ്വാസ്ഥ്യം സൃഷ്ടിച്ചു കൊണ്ട്  പോയ് മറയുന്നു.എത്തിപിടിക്കാന്‍ ശ്രമിക്കുന്തോറും അകന്നു പോകുന്ന അവസ്ഥ. ഇത്തരം നിരവധി പ്രഹേളികയില്‍ ഞാന്‍ അകപ്പെട്ട് പോയിട്ടുണ്ട്.അവിചാരിതമായി കുറച്ച് സമയത്തേക്കൊ കാലത്തേക്കൊ കടന്നു വരികയും അതേപോലെ അകന്നു പോവുകയും ചെയ്ത ചില സ്ത്രീകളെക്കുറിച്ചാണീകുറിപ്പ്. അവരില്‍പ്പെട്ട ചിലരെങ്കിലും ഈ കുറിപ്പ് വായിക്കുകയും വിവരം അറിയിക്കുകയും ചെയ്തിരുന്നെങ്കില്‍...

രാജാമണി

രാജാമണി എന്ന പേര് ഞാന്‍ ആദ്യമായി കേള്‍ക്കുന്നതാണ്. പേര് കേള്‍ക്കുമ്പോള്‍ ആണ്‍കുട്ടിയാണോ എന്ന് സംശയിച്ചിരുന്നു.വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് ആകാശവാണിയില്‍ ഒരു ഗ്രൂപ്പ് ഡിസ്‌കഷന്‍ റിക്കാര്‍ഡിങ്ങിന് ചെന്നതാണ്.ഞാനും,കവി രാവണപ്രഭു, മലപ്പുറത്തു നിന്നുള്ള സാവിത്രി ,രാജാമണി എന്നിവരാണ് പങ്കാളികള്‍. റിക്കാര്‍ഡിംഗ് കഴിയാന്‍ അഞ്ചു മണിയായി.സാവിത്രി എനിക്കറിയാവുന്ന സാക്ഷരതാ പ്രവര്‍ത്തകയാണ്. അവരുടെ ഒപ്പമാണ് രാജാമണി വന്നത്.രാജാമണി തളിപ്പറമ്പ് എക്‌സ്‌ററന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഒരു കോഴ്‌സിന് പങ്കെടുക്കാന്‍ കൂടി വന്നതാണ്.'മാഷ് അങ്ങോട്ടേക്കാണല്ലോ ഒന്ന്  ഇവളെയും തളിപ്പറമ്പില്‍ വിടണംസാവിത്രി പറഞ്ഞു. 'ആവില്ലെന്ന് പറയാന്‍ പറ്റില്ലല്ലോ. ഞങ്ങള്‍ രണ്ട് പേരും കോഴിക്കോട് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ എത്തി.സമയം ആറ് മണി കഴിഞ്ഞു. കണ്ണൂര്‍ വരെയുള്ള ബസ് കിട്ടി. അതില്‍ കണ്ണൂരില്‍ എത്തി.രാത്രി 9 മണിയായിക്കാണും.കണ്ണൂരില്‍ ഏതോ സംഘടനയുടെ സമ്മേളനം നടക്കുകയാണ്. ബസ്സൊന്നും ഓടുന്നില്ല....എന്തു ചെയ്യും തിരക്കേറിയ ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു.നേരം പുലര്‍ന്നാലേ രക്ഷയുള്ളൂ. ഞാനും രാജാമണിയും  കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു.സുരക്ഷിതമായ സ്ഥലം അതാണ്.വെയിറ്റിംങ് റൂമിലിരുന്നു.അവളുടെ കുടുംബ കാര്യമെല്ലാം പറഞ്ഞു.അതൊക്കെകേട്ടപ്പള്‍ കൂടുതല്‍ അടുപ്പം തോന്നി.അതിരാവിലെ ബസ് സ്റ്റാന്‍ഡിലേക്ക് തിരിച്ചു പോയി.രാജാമണിയെ  തളിപ്പറമ്പില്‍ ഇറക്കി.അവിടുന്ന് സെന്ററിലെത്താന്‍ ഓട്ടോക്കുള്ള തുകയും കൊടുത്തു.ഈ ഉപകാരം അവള്‍ എന്നും മനസില്‍ സൂക്ഷിക്കാറുണ്ട്....കത്തുകളയക്കാറുണ്ട്.....പക്ഷേ കുറേ വര്‍ഷങ്ങളായി ഒരു വിവരവുമില്ല.അവള്‍ വിവാഹിതയായി കുഞ്ഞുങ്ങളായി സൂഖമായി ഏവിടെയെങ്കിലും ജീവിക്കുന്നുണ്ടാവാം....ഒന്നു കണ്ടിരുന്നെങ്കില്‍.....വിവരമറിഞ്ഞിരുന്നെങ്കില്‍.......

സെലീന്‍കുഞ്ഞ്

വര്‍ഷങ്ങള്‍ക്ക് മുമ്പ് തളിപ്പറമ്പ് എക്സ്റ്റന്‍ഷന്‍ സെന്ററില്‍ വെച്ച് അംഗന്‍വാടി ടീച്ചേഴ്‌സിനുളള പരിശീലനം നടക്കുകയായിരുന്നു.അന്ന് സ്ഥാപനത്തിന്റെ പ്രിന്‍സിപ്പാള്‍ ചെറുവത്തൂര്‍കാരനായ വാര്യര്‍ സാറായിരുന്നു.അവര്‍ക്ക് വേണ്ടി അനൗപചാരിക വിദ്യാഭ്യാസത്തെക്കുറിച്ച് ക്ലാസെടുക്കാന്‍ എന്നെ ക്ഷണിച്ചു.ഒരു ദിവസം മുഴുവനും ക്ലാസ് എന്റേതായിരുന്നു.നാല്‍പതോളം ടീച്ചര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചഭക്ഷണമൊക്കെ അവിടെ അറേഞ്ച് ചെയ്തിരുന്നു.ഒന്നാമത്തെ സെഷന്‍ കഴിഞ്ഞപ്പോള്‍ പലരും നേരിട്ട്കണ്ട് പല സംശയങ്ങളും ഉന്നയിച്ചു. ക്ലാസ് അവര്‍ക്കൊക്കെ ഇഷ്ടപ്പെട്ടു എന്ന് തോന്നി.ഉച്ചഭക്ഷണം തരാനും ചായ തന്ന് സല്‍ക്കരിക്കാനും അവര്‍ മത്സരിക്കുകയായിരുന്നു.ക്ലാസ് കഴിഞ്ഞ് പോരുമ്പോള്‍ സാര്‍ ഒരു തവണ കൂടി വരണമായിരുന്നു എന്ന് പലരും ആവശ്യമുന്നയിച്ചു.എന്റെ വിലാസം അവര്‍ക്ക് കൊടുത്തു. മൊബൈല്‍ഫോണും മറ്റും ഇല്ലാത്തകാലം.

കോഴ്‌സ് കഴിഞ്ഞ് നാട്ടിലെത്തിയ അവരില്‍ പലരും കത്തയക്കാന്‍ തുടങ്ങി.അതില്‍ സെലീന്‍കുഞ്ഞ് എന്ന കുട്ടിസ്‌നേഹത്തോടെ അവളുടെ നാട്ടിലേക്ക് ക്ഷണിച്ചു.അവളുടെ പ്രവര്‍ത്തനമേഖല കാണാനും അവള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍കണ്ടറിയാനും വേണ്ടി.താമരശ്ശേരിയില്‍ നിന്നും മൂന്ന് മണിക്കൂറോളം യാത്ര ചെയ്താലേ അവരുടെ പ്രദേശത്തെത്തൂ. നിരന്തരം ക്ഷണിച്ചത് കൊണ്ട് പോകാമെന്നേറ്റു.പത്തുമണിക്ക് കോഴിക്കോട്  ബസ് സ്റ്റാന്‍ഡില്‍ കാത്തു നില്‍ക്കാമെന്ന് സെലിന്‍ കത്തെഴുതിയിരുന്നു.അതിരാവിലെ വീട്ടില്‍  നിന്ന് പുറപ്പെട്ട്  കോഴിക്കോട് എത്തി. പറഞ്ഞ പ്രകാരം അവള്‍ സ്റ്റാന്‍ഡില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു.അവളെക്കുറിച്ച് കൂടുതലൊന്നും അറിയില്ല.കേവലം രണ്ടോ മൂന്നോ മണിക്കൂര്‍ നേരത്തെ പരിചയം മാത്രം.വല്ല അപകടത്തിലും പെട്ടുപോകുമോ എന്ന ഭയം എന്റെ ഉള്ളിലുദിച്ചു. ഞങ്ങള്‍ ചായ കുടിച്ചു. താമരശ്ശേരിക്കുളള ബസില്‍ കയറി.ടിക്കറ്റ് അവള്‍ എടുത്തിരുന്നു.ഞങ്ങള്‍ രണ്ടുപേരും ഒരു സീറ്റിലാണ് ഇരുന്നത്. അവള്‍ വര്‍ക്ക് ചെയ്യുന്ന കോളനിയെക്കുറിച്ചാണ് ഈ സമയമെത്രയും പറഞ്ഞുകൊണ്ടിരുന്നത്. അവളുടെ വീട്ടിലെത്തുമ്പോള്‍ സന്ധ്യയായിരുന്നു.ഒരു കുന്നിന്‍മുകളിലാണ് വീട്.വീട്ടില്‍ അച്ചനും അമ്മയും മാത്രമേയുള്ളൂ എന്ന് പറഞ്ഞിരുന്നു. അവളുടെ വീടിനരികെ ഒരു അരുവി ഒഴുകുന്നുണ്ട്.നല്ലനിലാവുളള രാത്രിയായിരുന്നു അന്ന്. അവളും കൂടെ വന്നു.സുഖമായൊരു കുളി നടത്തി.അച്ഛനുമമ്മയും നല്ല ഭകഷണമൊരുക്കിയിട്ടുണ്ടായിരുന്നു.വൈദ്യുതി എത്താത്ത പ്രദേശം.മണ്ണെണ്ണ വിളക്കിന് മുമ്പിലിരുന്ന് ഭക്ഷണം കഴിച്ചു. കിടക്കാന്‍ ചൂരിക്കട്ടിലുണ്ടായിരുന്നു. മകളുടെ പ്രയാസത്തെക്കുറിച്ചും കല്യാണമാവാത്തതിനെക്കുറിച്ചും അച്ചനുമമ്മയും പറഞ്ഞു കൊണ്ടേയിരുന്നു. അപ്പോഴും ഞാന്‍ ഭയപ്പെട്ടത് അങ്ങിനെ വല്ലതും അവരുടെ മനസ്സിലുണ്ടായിരുന്നോ എന്നാണ്. അതൊന്നും നമുക്ക് ആശിക്കാന്‍ പറ്റില്ലല്ലോ അപ്പാ എന്നായിരുന്നു സെലീന്‍കുഞ്ഞിന്റെ പ്രതികരണം.

കാത്തിരിക്കാതെ കയറി വന്നവര്‍... കാത്തു നില്‍ക്കാതെ കടന്നു പോയി...


അടുത്ത ദിവസം കോളനിയും അംഗന്‍വാടിയുമൊക്കെ സന്ദര്‍ശിച്ചു.അന്നും സെലിന്റെ ആതിഥ്യം സ്വീകരിച്ച് അവിടെ കൂടി.അവളുടെയുെം അച്ഛനമമ്മമാരുടെയും മനസ്സില്‍ എന്തോ പറയാന്‍ ബാക്കി വെച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നി.....അലിടുന്ന് തിരിച്ച് വന്നതിന് ശേഷവും കത്തുകള്‍ കൈമാറിക്കോണ്ടിരുന്നു. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു.....ഇന്ന് സെലിന്‍കുഞ്ഞ് എന്ത് ചെയ്യുന്നു എന്നറിയില്ല. പറയാന്‍ ബാക്കി വെച്ചത് അങ്ങനെ തന്നെ ബാക്കിയുണ്ടാവുമോ?.......

മൃണാളിനീ ദേവി

1975 പാണപ്പുഴ ഗവ:എല്‍. പി സ്‌കൂളിലായിരുന്നു ആദ്യ പി എസ് സി നിയമനം.ആകെ നാലധ്യാപകര്‍,എല്ലാവരും നല്ല സുഹൃത്തുക്കള്‍.കാങ്കോലിലെ രാമചന്ദ്രന്‍ മാഷും കുടുംബവും സ്‌കൂളിനടുത്തായി വാടകയ്ക്കായിരുന്നു താമസം.ഉച്ച ഭക്ഷണം അവിടുന്ന് കിട്ടും.സ്‌കൂളിനടുത്താണ്ഫാമിലി ഹെല്‍ത്ത് സെന്റര്‍.അവിടുത്തെ എ.എന്‍.എം ആയിരുന്നു മൃണാളിനീ ദേവി .അവരുടെ സഹോദരിയും സഹോദരനും കൂടെ താമസിക്കുന്നുണ്ട്.ഭക്ഷണം കഴിഞ്ഞുള്ള കുറച്ച് സമയം ഞാന്‍ സെന്ററില്‍ ചെന്നിരിക്കും.

ഇഞ്ചക്ഷന്‍ വെക്കേണ്ടത് എങ്ങനെ എന്നൊക്കെ ചോദിച്ചറിയും.അവര്‍ എന്നോട് വളരെ സ്‌നേഹത്തോടെയാണ് ഇടപഴകാറുള്ളത്.ബസ് കിട്ടാന്‍ സ്‌കൂളില്‍നിന്ന് ഇരുപത് മിനുട്ടോളം നടക്കണം.അവരും എന്നോടോപ്പം ടൗണ്‍ വരെ നടക്കും.പല കാര്യങ്ങളും സംസാരിക്കും.പക്ഷേ അവരുടെ മനസ്സില്‍ എന്നോടു പറയാന്‍ എന്തോകരുതി വച്ചിട്ടുണ്ട്. അതു മാത്രം അവര്‍ പറഞ്ഞില്ല.....അക്കൊല്ലം സ്‌കൂള്‍ വാര്‍ഷികം നടക്കുന്നുണ്ട്.നാടകത്തില്‍ എനിക്കും ഒരു പാര്‍ട്ടുണ്ട്. സ്‌കൂളില്‍ ക്യാമ്പ് ചെയ്താണ് നാടകംറിഹേഴ്‌സല്‍ നടത്തുന്നത്.മാഷ് സ്‌കൂളില്‍ തന്നെ വീണ് കിടക്കേണ്ട സെന്ററിലേക്ക് വന്നോളൂ. ഞാന്‍ വരാമെന്നും പറഞ്ഞു.പക്ഷേ ബാക്കിയുള്ള അധ്യാപകരും അഭിനേതാക്കളും സ്‌കൂളില്‍ തന്നെ കിടക്കുമ്പോള്‍ ഞാന്‍ മാത്രം അവിടെ ചെല്ലുന്നത് ശരിയല്ലല്ലോ? ഞാനും സ്‌കൂളില്‍ തന്നെ കിടന്നു.അവര്‍ എന്നെ കാത്തു നിന്നിട്ടുണ്ടാവാം. പോകാത്തത് കൊണ്ട് പരിഭവമായി.പിന്നീട് കണ്ടാല്‍ മിണ്ടാതായി....ഞാന്‍ പ്രസ്തുത സ്‌കൂളില്‍നിന്ന് ട്രാന്‍സ്ഫര്‍ വാങ്ങി കാസര്‍കോഡ് ജില്ലയിലെ സ്‌കൂളിലെത്തി. വര്‍ഷങ്ങള്‍ കുറേ കഴിഞ്ഞപ്പോഴാണറിഞ്ഞത് അവര്‍ തീപൊള്ളലേറ്റ് അതീവ ഗുരുതരാവസ്തയിലാണെന്ന്. വിളിച്ചപ്പോഴും ഫോണ്‍ അറ്റന്റ് ചെയ്തില്ല. അവര്‍ തിരുവനന്തപുരംകാരിയാണ്.സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ് വിശ്രമിക്കുന്നുണ്ടാവാം. ക്ഷമിച്ചു എന്നൊരു വാക്ക് പറഞ്ഞു കേട്ടാല്‍ മനസ്സ് കുളിര്‍ക്കുമായിരുന്നു...

സുബൈദ ടീച്ചര്‍

പാണപ്പുഴയില്‍ നിന്ന് ട്രാന്‍സ്ഫര്‍ ആയി വന്നത് മാവിലാകടപ്പുറം ഗവ:എല്‍.പി സ്‌കൂളിലേക്കാണ്.അവിടെയും നാട്ടുകാരായ അധ്യാപകരായിരുന്നു.കൂട്ടത്തില്‍ താല്‍ക്കാലിക നിയമനം ലഭിച്ച കൊല്ലക്കാരി സുബൈദ ടീച്ചറുമുണ്ട്.അക്കാലത്ത് രണ്ട് കടവ് കടന്നു വേണം മാവിലാകടപ്പുറം എത്താന്‍.ഭയമുളവാക്കുന്നതായിരുന്നു തോണി യാത്ര.ഒരു തവണ പുഴയില്‍ വീഴുകയും ചെയ്തു.ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ്.അപ്പോഴേക്കും വേനലവധിയായി.'ജൂണ്‍ ആവുമ്പോഴേക്ക് മാഷ് സ്‌കൂള്‍ കണ്ടുപിടിച്ചു തരുമെന്ന് വിശ്വസിച്ച് കൊണ്ടാണ് ഞാന്‍പോകുന്നത്. 'എന്നവര്‍ അവസാനമായി പറഞ്ഞു.നാട്ടിലെത്തിയ ടീച്ചര്‍ സ്‌കൂള്‍ കാര്യം വിളിച്ച് അന്വേഷിച്ചിരുന്നു. ഞാന്‍ കാര്യമായി ശ്രമിക്കുകയും ചെയ്തു. ഒരു സ്‌കൂള്‍ ഏകദേശം ശരിയാവുമെന്ന് ഉറപ്പിച്ചു.അവരുടെ വിലാസത്തില്‍ കത്തയച്ചു.പക്ഷേ മറുപടി കിട്ടിയില്ല. ഫോണ്‍ സാര്‍വത്രികമായിരുന്നില്ല അക്കാലം. അവര്‍ക്ക് എന്തു പറ്റിയെന്ന് പിന്നീടൊരിക്കലും അറിഞ്ഞില്ല.അവരുടെ ബന്ധുക്കളെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. ഇന്നും അവര്‍ക്ക് എന്ത് പറ്റിയെന്ന കാര്യം അജ്ഞാതമാണെനിക്ക്.

Also Read:
'ഉമ്മാ മാപ്പുതരണേ... അറിയാതെ പറ്റിയതാണേ...'; എന്റെ സന്തോഷ സന്താപങ്ങള്‍, ചിലപ്പോള്‍ നിങ്ങളുടേതും

വനിതാ ദിനത്തില്‍ ഓര്‍ക്കുന്നു... വേദന സമ്മാനിച്ച സന്ദര്‍ഭങ്ങളെ

മകന്റെ കുഞ്ഞുന്നാളിനേക്കുറിച്ചൊരോര്‍മ്മ

സുലൈമാനിച്ച എന്റെ ചെറിയമ്മാവന്‍

കൊറോണ കുഴിയില്‍ ചാടിച്ച സംഭവങ്ങള്‍
Keywords:  Article, Kookanam-Rahman, Those who came up without waiting... go out without waiting
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script