നേട്ടമുണ്ടാക്കിയത് ആര്, ഇടതോ, വലതോ ?

 


പാര്‍ട്ട് 3

സി ഗൗരീദാസന്‍ നായര്‍  ( മാധ്യമ പ്രവര്‍ത്തകന്‍, രാഷ്ട്രീയ നിരീക്ഷകന്‍)

ഒരുതരത്തില്‍ നോക്കിയാല്‍ ഇടതുമുന്നണിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പാണ് ഇത്. സ്വന്തം അധ്വാനവും മറുപക്ഷത്തെ രൂക്ഷമായ പിളര്‍പ്പുകളും ചേര്‍ന്നാണ് ഇതു സാധ്യമാക്കിയത്. മറുഭാഗത്തെ കരുക്കള്‍ കൃത്യമായി കൃത്യ സ്ഥാനത്ത് നിന്നിരുന്നെങ്കില്‍ ഇടതുമുന്നണിക്ക് ഈ വിജയം ഉണ്ടാകുമായിരുന്നോ എന്ന ചോദ്യം ബാക്കിയാണ്.

കൊല്ലത്ത് എം.എ ബേബിയുടെ പരാജയം സി.പി.എമ്മിനു വലിയ തിരിച്ചടിയാണ്. എന്തെല്ലാം ന്യായം നിരത്തിയാലും പാര്‍ട്ടിയുടെ പിബി അംഗത്തെ മത്സരത്തിന് ഇറക്കുമ്പോള്‍ വിജയം ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം പാര്‍ട്ടിക്കും മുന്നണിക്കും ഉണ്ടായിരുന്നു. എന്തുകൊണ്ട് അത് ഉണ്ടായില്ല എന്നത് സി.പി.എം വളരെ ആഴത്തില്‍ പരിശോധിക്കേണ്ടിവരും. സെന്‍സിറ്റീവ് സീറ്റായ വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വിറപ്പിച്ചത് തീര്‍ച്ചയായും സി.പി.എമ്മിന് അഭിമാനിക്കാവുന്ന ഒന്നാണ്. എന്നാല്‍ അതിനേക്കാള്‍ അഭിമാനിക്കാവുന്നത് പാലക്കാട്ട് എം.ബി രാജേഷ് ഭൂരിപക്ഷംവര്‍ധിപ്പിച്ചു എന്നതിലാണ്.
നേട്ടമുണ്ടാക്കിയത് ആര്, ഇടതോ, വലതോ ?
ഒരു രാഷ്ട്രീയ വിജയത്തിന്റെ എല്ലാ സൂചനകളും നല്‍കുന്ന ഒന്നാണ് ആ വിജയം. കണ്ണൂരില്‍ പി.കെ ശ്രീമതി, കാസര്‍കോട്ട് പി. കരുണാകരന്‍ എന്നിവരുടെ വിജയം എളുപ്പമല്ലാതായിപ്പോയത് എന്തുകൊണ്ട് എന്ന ചോദ്യം ചെറുതല്ല. സി.പി.ഐക്ക് അഭിമാനിക്കാനും അതേസമയം ജാള്യതപ്പെടാനുമുള്ള വക ഈ തെരഞ്ഞെടുപ്പ് നല്‍കിയിരിക്കുന്നു. തൃശൂരില്‍ സി.എന്‍ ജയദേവന് ഉണ്ടായ വിജയം ഉജ്ജ്വലമാണ്. മറുപക്ഷത്തെ ആശയക്കുഴപ്പങ്ങള്‍ അതിനു കാരണമായിട്ടുണ്ട്.

ഇടതുമുന്നണിക്ക് ലഭിക്കാവുന്ന വോട്ടുകളില്‍ നിന്നുള്‍പ്പെടെ 47,000ല്‍ അധികം വോട്ടുകള്‍ എ.എ.പി സ്ഥാനാര്‍ത്ഥി സാറാ ജോസഫ് പിടിച്ച ശേഷമാണ് ഈ വിജയം. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംഭവിച്ച പിഴവ് എന്താണെന്ന് സി.പി.ഐ സ്വയംവിമര്‍ശനപരമായി പരിശോധിച്ചില്ലെങ്കില്‍ സി.പി.ഐയുടെ വിശ്വാസ്യത തന്നെ ഇല്ലാതാവുകയും ചെയ്യും.

കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അഹന്തയ്ക്ക് ഏറ്റ തിരിച്ചടിയാണ് പല മണ്ഡലങ്ങളിലെയും പരാജയം. കണ്ണൂരും ചാലക്കുടിയും ഉദാഹരണം. ഇതിലും മെച്ചപ്പെട്ട വിജയം കൊയ്തിരുന്നെങ്കില്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും ഉമ്മന്‍ ചാണ്ടിയുടെ മേല്‍ക്കൈ കൂടുതല്‍ ശക്തമായേനെ. പക്ഷേ, ഇപ്പോഴത്തെ 'തരാതര'വിജയം കോണ്‍ഗ്രസിലെ സംഘര്‍ഷങ്ങള്‍ ശക്തമാക്കാന്‍ ഇടയാക്കും. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ ശക്തി ക്ഷയിക്കുകയും കേരളത്തില്‍ മുന്നണി സര്‍ക്കാര്‍ നിലനിര്‍ത്തുകയും ചെയ്യേണ്ട സാഹചര്യത്തില്‍ ഘടക കക്ഷികള്‍ ശക്തി കാണിക്കാന്‍ ശ്രമിക്കുമെന്നതില്‍ സംശയമില്ല. അത് ഉമ്മന്‍ ചാണ്ടിക്കും വി.എം സുധീരനും ഒരുപോലെ തലവേദനയാകും.

തിരുവനന്തപുരത്ത് ബി.ജെ.പി 'ജയിച്ചുതോറ്റു'എന്നത് കേരള രാഷ്ട്രീയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില വലിയ മാറ്റങ്ങളുടെ ശക്തമായ സൂചനയാണ്. അത് എങ്ങനെ സ്വീകരിക്കണം എന്ന് രണ്ടു മുന്നണികളുടെയും മുഖ്യ പ്രശ്‌നമായി മാറേണ്ടതുമാണ്. കേരളത്തിലെ മത ന്യൂനപക്ഷങ്ങള്‍ സ്വീകരിച്ച ശക്തമായ നിലപാടുകൊണ്ട് മാത്രമാണ് കോണ്‍ഗ്രസിന് ഇത്രയും പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. എന്നാല്‍ മത ന്യൂനപക്ഷങ്ങള്‍ ഒരു പാര്‍ട്ടിയുടെയും മുന്നണിയുടെയും കുത്തകയല്ല എന്ന യാഥാര്‍ത്ഥ്യം ദേശീയ തലത്തിലും കേരളത്തില്‍ തന്നെയും തെളിഞ്ഞുവരികയുമാണ്.

കേരളത്തിന് കേന്ദ്ര മന്ത്രിസഭയില്‍ പ്രധാനപ്പെട്ട പ്രാതിനിധ്യമുണ്ടാകും എന്നാണു ഞാന്‍ കരുതുന്നത്. അത് ബി.ജെ.പിയുടെ ദീര്‍ഘകാല കേരള രാഷ്ട്രീയതന്ത്രത്തിന്റെ ഭാഗവുമായിരിക്കും. ഇതെല്ലാം ശ്രദ്ധിച്ചു മുന്നോട്ടുപോയാല്‍ യു.ഡി.എഫിനു എല്‍.ഡി.എഫിനും കൊള്ളാം എന്നും തുറന്നു പറയേണ്ടിവരുന്നു.

കടപ്പാട്: സമകാലിക മലയാളം വാരിക

പാര്‍ട്ട് 1: തിരഞ്ഞെടുപ്പ് 2014: കേരളത്തില്‍ സംഭവിച്ചതെന്ത് ?

 പാര്‍ട്ട് 2: വി. മുരളീധരന്‍ തുറന്നുപറയുന്നു


 പാര്‍ട്ട് 4 : ഇത് വലിയ വിജയമോ, ഭരണത്തിന് അനുകൂലമായ വിധിയോ ?

 പാര്‍ട്ട് 5 : കേരളത്തിലെ ' സ്പ്ലിറ്റ് ട്രെന്‍ഡ്'

 പാര്‍ട്ട് 6 : കേരളത്തില്‍ തന്ത്രങ്ങള്‍ മെനയാന്‍ ബി.ജെ.പി

 പാര്‍ട്ട് 7 : അന്ന് അല്‍ഫോണ്‍സ് കണ്ണന്താനം, ഇന്ന് ജോസ് കെ മാണി ? മെനയുമോ ബി.ജെ.പി പുതിയ തന്ത്രം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Election, Lok Sabha, CPM, BJP, Congress, Narendra Modi, Oommen Chandy, Kollam, NK Premachandran, V Muraleedharan, MG Radhakrishnan, C Goureedasan, K Venu, J. Prabash.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia