മറക്കാന്‍ കഴിയാത്ത യാത്രയയപ്പ്

 

നബീസാന്റെ മകന്‍ മജീദ്-12 / കൂക്കാനം റഹ്‌മാൻ

(www.kvartha.com 04.01.2022) മജീദിന്റെ അധ്യാപക ജീവിതം സന്തോഷപൂര്‍വ്വം മുന്നോട്ട് പോയ്‌ക്കൊണ്ടിരുന്നു. രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ സ്‌ക്കൂളിലെ സീനിയര്‍ അധ്യാപകന്‍ നാരു ഉണ്ണിത്തിരി മാഷ് പെന്‍ഷന്‍ പററി പിരിയാറായി. കുറേ വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രസ്തുത സ്‌ക്കൂളില്‍ നിന്ന് ഒരധ്യാപകന്‍ പിരിയുന്നത്. അന്നത്തെ ഹെഡ്മാസ്റ്റര്‍ നാരായണന്‍ നായര്‍ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അറിയപ്പെടുന്ന വ്യക്തിയാണ്. സ്റ്റാഫ് മീറ്റിംഗില്‍ നാരു ഉണ്ണിത്തിരി മാഷിന്റെ യാത്രയയപ്പ് ഭംഗിയാക്കണമെന്ന തീരുമാനത്തിലെത്തി.

   
മറക്കാന്‍ കഴിയാത്ത യാത്രയയപ്പ്

വാര്‍ഷികാഘോഷം നടത്തണമെന്നും, പ്രഗല്‍ഭ വ്യക്തികളെ പങ്കെടുപ്പിക്കണമെന്നും കുട്ടികളുടെയും അധ്യാപക രക്ഷകര്‍തൃ സമിതിയുടേയും രണ്ട് നാടകങ്ങള്‍ വേണമെന്നും ധാരണയായി. അതിനു വേണ്ടിയുളള ഫണ്ട് ഉണ്ടാക്കണം കണ്‍വീനറായി മജീദിനെ നിശ്ചയിച്ചു. വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ഫണ്ടിനൊന്നും പ്രയാസമുണ്ടായില്ല. നാടക റിഹേഴ്‌സല്‍ തുടങ്ങി. മജീദും നാടകത്തില്‍ അഭിനേതാവാണ്. ആദ്യമായാണ് മജീദ് നാടക നടിമാരൊന്നിച്ച് അഭിനയിക്കുന്നത്. മജീദിന്റെ കാമുകിയായി അഭിനയിക്കുന്നത് ചെറുപ്പക്കാരിയായ ഭാനുമതിയാണ്. മജീദിന് തിരക്കു പിടിച്ച പണിയാണ്. ആഘോഷ കമ്മിറ്റിയുടെ കണ്‍വീനര്‍ എന്ന നിലയില്‍ എല്ലാ കാര്യത്തിലും ശ്രദ്ധ വേണം.

വാര്‍ഷിക ദിനത്തിന്റെ എല്ലാ ഒരുക്കങ്ങളു പൂര്‍ത്തിയാകുന്നതേയുളളൂ. അതിഥികളെ സ്റ്റേജിലേക്കാനയിക്കാന്‍ നടന്നു വരാനുളള വഴിയൊരുക്കണം. ഇരുവശത്തും കുറ്റിയടിച്ച് ചൂടികെട്ടി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇരിക്കാന്‍ വേറെ വേറെ സൗകര്യമൊരുക്കണം. കുറ്റി അടിക്കാന്‍ വാരിക്കഷ്ണം വേണം. അഞ്ചാംക്ലാസിലെ കുട്ടികളോട് എവിടെയെങ്കിലും വാരിക്കഷ്ണം കിട്ടുമോ എന്നന്വേഷിച്ചു. രാമചന്ദ്രന്‍ ചാടി എണീച്ച് എന്റെ വീട്ടിലുണ്ട് ഞാന്‍ കൊണ്ടു വരാം എന്ന് വിളിച്ചു പറഞ്ഞു. അവന്‍ നാലഞ്ച് കൂട്ടുകാരെയും കൂട്ടി വീട്ടില്‍ ചെന്ന് ആരോടും അന്വേഷിക്കാതെ കുറച്ച് വാരിക്കഷ്ണങ്ങളുമായി വന്നു. അവ ഇരുഭാഗത്തും തറപ്പിച്ച് ചൂടി കെട്ടി കഴിഞ്ഞതേയുളളൂ. അപ്പോഴേക്കും രാമചന്ദ്രന്റെ അമ്മാവന്‍ ഓടിക്കിതച്ച് അമര്‍ഷത്തോടെ വന്ന് മജീദ് മാഷിനെ അന്വേഷിച്ചു. വീടു നിര്‍മ്മാണത്തിന് കൊണ്ടുവന്ന വാരിക്കഷ്ണങ്ങളായിരുന്നു അത്. രാമചന്ദ്രനും പിടിപ്പത് അടി കിട്ടി. കമ്മറ്റിക്കാര്‍ ഇടപെട്ടു. പകരം അത്രയും വാരിക്കഷ്ണങ്ങള്‍ അടുത്തദിവസം എത്തിച്ചു തരാമെന്ന ധാരണയില്‍ ആ പ്രശ്‌നം പരിഹരിച്ചു.

മജീദിന് ആകെ ടെന്‍ഷനായി. നാടകത്തിന് പഠിച്ച പ്രോസ് ഒക്കെ മറന്നു പോയി. ഭാനുമതി മജീദിന്റെ കാമുകിയായാണ് അഭിനയിക്കുന്നത്. എന്തോ കുസൃതിത്തരം പറഞ്ഞപ്പോള്‍ ഭാനുമതി മജീദിനെ പിച്ചുന്ന ഒരു സീനുണ്ട്. ആദ്യമായാണ് നടികളുമൊന്നിച്ചുളള അഭിനയം. അതിന്റെ അസ്വസ്ഥതയുമുണ്ട്. മജീദിന്റെ ഉമ്മ നബീസുവും വാര്‍ഷികാഘോഷ ചടങ്ങില്‍ കാണികളുടെ കൂട്ടത്തില്‍ ഇരുപ്പുറപ്പിച്ചിട്ടുണ്ട്. ഭാനുമതി മജീദിനെ പിച്ചുമ്പോള്‍ ‘ഹാവൂ’ എന്ന് പറഞ്ഞുകൊണ്ട് വേദന അഭിനയിക്കുന്ന സീനാണ് ഇത് കണ്ടപ്പോള്‍ഉമ്മ സദസ്സില്‍ നിന്ന് പറഞ്ഞുപോലും 'എന്റെ കുഞ്ഞിനെ അങ്ങിനെ നുളളി വേദനിപ്പിക്കല്ലേ' എന്ന്.

വിദ്യാര്‍ത്ഥി ജീവിതത്തില്‍ വേഷം കെട്ടിയ നാടകങ്ങളെക്കുറിച്ചൊക്കെ മജീദിന്റെ ഓര്‍മ്മയിലേക്ക് ഇരച്ചു കയറി. നാട്ടിലെ കലാസമിതി വാര്‍ഷികത്തിലെ നാടകത്തില്‍ പെണ്‍വേഷം കെട്ടിയതും, അതിന് വേണ്ടി പ്രത്യേകം ബ്ലൗസ് തയ്പിച്ചതും അണിയറയില്‍ സുന്ദരിയായി മാറിയ മജീദിനെ കണ്ടപ്പോള്‍ സംവിധായകനായ ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് ഒരു ഡാന്‍സ് ചെയ്യാന്‍ മോഹം വന്നതും ഓര്‍മ്മിച്ചു പോയി. സ്ത്രീ വേഷധാരിയായ മജീദിനെയും കൂട്ടി മാഷ് സ്റ്റേജില്‍ എത്തി. പാട്ടു പാടുന്നതും അഭിനയിക്കുന്നതും ഗോവിന്ദന്‍ മാഷ് തന്നെ മജീദ് നാണം കുണുങ്ങി നിന്നാല്‍ മാത്രം മതി എന്ന കണ്ടീഷനില്‍ ഡാന്‍സ് തുടങ്ങി. 'തൊട്ടുപോയാല്‍ വാടുന്ന പെണ്ണേ….തൊട്ടാവാടി തോല്‍ക്കുന്ന പെണ്ണേ…' എന്ന മനോഹരമായ പാട്ടുപാടി ഡാന്‍സുചെയ്തപ്പോള്‍ കിട്ടിയ കയ്യടി മറക്കാന്‍ കഴിയില്ല. ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന കാലത്തു യുവജനോല്‍സവത്തില്‍ പോലീസ് കോണ്‍സ്റ്റബിളിന്റെ വേഷമിട്ടതും. കോളേജില്‍ പ്രിഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഹിന്ദി നാടകത്തില്‍ ബട്‌ളറായി വേഷമിട്ടതും മറ്റും മനസ്സിലേക്കോടിയെത്തി. സ്‌ക്കൂള്‍ വാര്‍ഷികം വന്‍ വിജയമായിരുന്നു. നാട്ടുകാരുടേയും രക്ഷിതാക്കളുടേയും മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റാന്‍ മജീദിന് ഇതിലൂടെ സാധിച്ചു.

ഒരു ദിവസം ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന കുറച്ചു കുട്ടികള്‍ മജീദിനെ സമീപിച്ചു. ട്യൂഷന്‍ എടുത്തു തരുമോ എന്നന്വേഷിച്ചു. അക്കാലത്ത് നാട്ടില്‍ ട്യൂട്ടോറിയല്‍ ഒന്നുമില്ല. നോക്കാം എന്ന് മജീദ് പറഞ്ഞു. അതിനടുത്ത ദിവസം തന്നെ അഞ്ച് പത്ത് കുട്ടികള്‍ സ്‌ക്കൂളിലേക്ക് വന്നു. സ്‌ക്കൂള്‍ വിട്ട് നാലരമണിക്കാണ് അവരെത്തിയത് അഞ്ചരമണിവരെ അവര്‍ക്ക് അത്യാവശ്യകാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. അടുത്ത ആഴ്ച അവര്‍ വന്നത് ഹോട്ടലില്‍ നിന്ന് മജീദിനുളള ചായയും പലഹാരവുമായിട്ടാണ്. അതൊരു ഉപകാരമായി തോന്നി. ഒരു മാസം ഇങ്ങിനെ കഴിഞ്ഞു കാണും ഹൈസ്‌ക്കൂളിലെ കുറച്ചു പെണ്‍കുട്ടികള്‍ ശനിയും ഞായറും ട്യൂഷനെടുത്തുതരുമോ എന്ന്വേഷിച്ചു വന്നു. അങ്ങിനെ ഹൈസ്‌ക്കൂളില്‍ 9,10 ക്ലാസുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളിലും പെണ്‍കുട്ടികള്‍ക്ക് ശനിയും ഞായറും ഉച്ചവരെ ട്യൂഷനെടുത്തു. മജീദിനെ സഹായിക്കാന്‍ ഒരു രാഘവന്‍ മാഷും തയ്യാറായി വന്നു. പ്രസ്തുത സേവന പ്രവര്‍ത്തനം ഒന്നു രണ്ടു വര്‍ഷം തുടര്‍ന്നു. അപ്പോഴേക്കും നാട്ടില്‍ ട്യൂട്ടോറിയലുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.

ഇങ്ങിനെയൊക്കെ പ്രവര്‍ത്തിക്കുന്ന മജീദ് മാഷിനോട് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വളരെ ഇഷ്ടം തോന്നി. അപ്പോഴേക്കും മജീദ് മാഷിന്റെ ഉമ്മ നബീസുമ്മയെയും നാട്ടുകാര്‍ക്കും മറ്റും വളരെ ഇഷ്ടമായി. മാഷിനു വേണ്ടി കുട്ടികളുടെ കയ്യില്‍ പാലും മോരും കൊടുത്തു വിടുന്ന അമ്മമാരുണ്ടായി. സ്‌നേഹ ബന്ധം കൂടിക്കൂടി വന്നു. സ്‌ക്കൂള്‍ വിട്ട് പോവാന്‍ പറ്റാത്ത അവസ്ഥയായി. ഹെഡ്മാസ്റ്റര്‍ നാരായണന്‍ മാസ്റ്റര്‍ മജീദിനെ എല്ലായ്‌പ്പോഴും ഉപദേശിക്കും. പോകുന്ന വഴിക്കുളള പെണ്‍കുട്ടികളെ ശ്രദ്ധിക്കണം. അവരുമായി അധികം ഇടപെടേണ്ട എന്നൊക്കെ നാണു മാഷിന്റെ വീട്ടിലേക്ക് മജീദിനെ ക്ഷണിക്കും. മിക്ക ദിവസങ്ങളിലും എന്തെങ്കിലും തീറ്റിച്ചേ മജീദിനെ വീടൂ. ആ വീട്ടില്‍ അടുക്കളയില്‍ വരെ ജീദിന് പ്രവേശനമുണ്ട്. നാണു മാഷിന്റെ ഭാര്യയും മക്കളും ആദരവോടേയും സ്‌നേഹത്തോടെയുമാണ് മജീദിനോട് പെരുമാറിയിരുന്നത്.

സ്‌ക്കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്ന വഴിയില്‍ നീണ്ടു പരന്നു കിടക്കുന്ന വയലുണ്ടായിരുന്നു. മഴക്കാലം കഴിഞ്ഞ് വിളവെടുപ്പ് നടത്തിക്കഴിഞ്ഞാല്‍ പച്ചക്കറി കൃഷി ചെയ്യാനും, പുല്ലരിയാനും മറ്റും നിരവധി ആളുകള്‍ വയലില്‍ എത്തിയിട്ടുണ്ടാവും. മജീദ് വയലിലേക്ക് ഇറങ്ങുന്നത് കണ്ടാല്‍ വളരെ ദൂരെയാണ് അവള്‍ ഉളളതെങ്കിലും മജീദ് നടന്നു വരുന്ന നടവരമ്പിനടുത്ത് പുല്ലരിയാന്‍ അവള്‍ വരും. നല്ല തടിച്ചുരുണ്ട ഒരു പെണ്‍കുട്ടി. അവള്‍ എവിടെയാണെന്നോ എന്താണെന്നോ മജീദിനറിയില്ല. മജീദ് അടുത്തെത്തുന്നതുവരെ അവള്‍ നടവരമ്പില്‍ ഇരിക്കും. അടുത്തെത്തുമ്പോള്‍ മെല്ലെ എഴുന്നേല്‍ക്കും മജീദിന്റെ കാലില്‍ തന്നെ അവള്‍ വീണ്ടും ഇരിക്കും. ഒരു ചിരി പാസാക്കും. ഈ പ്രവര്‍ത്തനം എല്ലാ ദിവസവും നടക്കും. പക്ഷേ ഇരുവരും പരസ്പരം സംസാരിച്ചിട്ടു പോലുമില്ല.

ഒരു ദിവസം മജീദ് അവളുടെ അടുത്തെത്തി. അവള്‍ നടവരമ്പില്‍ നിന്ന് എഴുന്നേല്‍ക്കുന്നു പോലുമില്ല. വയലില്‍ അടുത്തൊന്നും ആരുമില്ലാത്ത സമയമായിരുന്നു അത്. മജീദ് അവിടെ നിന്നു. ചിരിച്ചുകൊണ്ട് അവള്‍ മൊഴിഞ്ഞു. മാഷ് ഈ പുല്ലിന്‍ കൊട്ട പിടിച്ച് തലയില്‍ വെച്ചു തരുമോ മജീദ് റഡിയായി നല്ല ഭാരമുണ്ട്. പുല്ലിന്‍ കൊട്ട തലയില്‍ വെച്ചു കൊടുക്കുമ്പോള്‍ അവള്‍ ചാഞ്ഞ് നിന്ന് മജീദിന്റെ ദേഹത്തേക്ക് ഉരുമ്മി നിന്നു. ഈ പ്രവര്‍ത്തനവും കുറച്ചു നാള്‍ നീണ്ടു നിന്നു. ഒരു ദിവസം അവള്‍ പറഞ്ഞു 'എന്റെ വിവാഹം ഏപ്രില്‍ മാസം നടക്കുകയാണ്. ഇനി നമ്മള്‍ തമ്മില്‍ കാണില്ലായെന്ന്'. മജീദ് അവളെ നോക്കി അല്പ നേരം നിന്നു. അവളും മാഷിനെ നോക്കി കണ്ണു തുടയ്ക്കുന്നത് കണ്ടു. അന്ന് യാത്ര പറഞ്ഞ് പിരിഞ്ഞതാണ് പിന്നീട് അവളെ കണ്ടതേയില്ല. ഉമ്മ നബീസുവും ഹെഡ്മാഷും പറഞ്ഞത് മനസ്സില്‍ ഉറച്ചു നില്‍ക്കുന്നതിനാലാവാം അവിടെ നിന്നും അപകടത്തില്‍ പെടാതെ മുന്നോട്ട് പോയത്.

മാനേജ്‌മെന്റ് സ്‌ക്കൂളില്‍ അഞ്ച് വര്‍ഷമായി ജോലി ചെയ്യുന്നു. ആ നാട്ടുകാരേയും നാടിനേയും ഏറെ ഇഷ്ടമായിരുന്നു. അവിടെത്തന്നെ തുടരണമെന്നായിരുന്നു മോഹം. ഓരോ വര്‍ഷവും ഇന്‍ക്രിമെന്റ് പാസാവാന്‍ സര്‍വ്വീസ് ബുക്കില്‍ മാനേജരുടെ ഒപ്പ് വാങ്ങണം. ആ സമയത്ത് ഒരു സ്ത്രീയായിരുന്നു മാനേജര്‍ അവള്‍ അഹങ്കാരത്തോടെ പറയുമായിരുന്നു 'ഞങ്ങള്‍ ഈ സ്‌ക്കൂള്‍ നടത്തിയില്ലെങ്കില്‍ ഈ മാഷന്‍മാരൊക്കെ എങ്ങിനെ കഞ്ഞി കുടിക്കും' എന്ന്. ചെറുപ്പക്കാരനായ മജീദിന് മനേജരുടെ ഈ പ്രസ്താവന തീരെ പിടിച്ചില്ല. അവരുടെ മകന്റെ മകന്‍ ആ സ്‌ക്കൂളില്‍ പഠിക്കുന്നുമുണ്ട്. നാലാം ക്ലാസിലെ കുട്ടികളെ ലൈനായി നിര്‍ത്തിയിട്ട് കളി സ്ഥലത്തേക്ക് കൊണ്ടു പോകും. പക്ഷേ ഈ കുട്ടി വരിയില്‍ നിന്ന് മാറിനടക്കും. മാനേജരുടെ കൊച്ചുമകന്‍ എന്ന അഹങ്കാരമാണ് അവന്‍ കാണിച്ചത്. മറ്റ് കുട്ടികള്‍ പരാതി പറഞ്ഞപ്പോള്‍ മജീദ് അവനെ പിടിച്ച് ലൈനില്‍ നിര്‍ത്തി. ആ ശ്രമത്തിനിടയില്‍ മജീദ് മാഷിന്റെ കയ്യില്‍ അവന്‍ കടിച്ചു. പല്ല് തറച്ചിരുന്നു. ചോര പൊടിയാന്‍ തുടങ്ങി. മാനേജരുടെ കൊച്ചുമകനല്ലേ ശിക്ഷിച്ചാല്‍ അപകടം വരുമായിരുന്നല്ലോ എന്ന ഭയമായിരുന്നു മജീദിന്.

മാനേജരുടെ ഒരു മകന്‍ ആ വിദ്യാലയത്തില്‍ അധ്യാപകനായുണ്ടായിരുന്നു. അവിടെ പഠിപ്പിച്ചിരുന്ന ഒരധ്യാപികയെ പീഡിപ്പിക്കാനുളള ശ്രമം നടത്തിയ വിവരം ടീച്ചര്‍ മജീദിനോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങളൊക്കെ മജീദിന് മാനേജ്‌മെന്റിനോട് അമര്‍ഷമുണ്ടാക്കി. അവിടെ നിന്ന് എങ്ങിനെയെങ്കിലും രക്ഷപ്പെടണമെന്ന ചിന്ത ശക്തമായി. നിനച്ചിരിക്കാതെ പോസ്റ്റ്‌മാന്‍ ഒരു കവറുമായി സ്‌ക്കൂളിലെത്തി. പി എസ് സി നിയമന ഉത്തരവായിരുന്നു അത്. അഞ്ച് വര്‍ഷക്കാലത്തെ സര്‍വ്വീസ് വലിച്ചെറിഞ്ഞ് സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് കയറിപറ്റി. സ്‌ക്കൂളില്‍ നിന്നുളള യാത്രയയപ്പ് വികാര നിര്‍ഭരമായിരുന്നു. കുട്ടികളുടെ പൊട്ടിക്കരച്ചിലുകളും, ഏങ്ങലടികളും ടീച്ചര്‍മാരുടെ കണ്ണീരോടുളള വാക്കുകളും മനസ്സില്‍ വിങ്ങലുണ്ടാക്കിയെങ്കിലും അടിമത്വത്തില്‍ നിന്ന് മോചിതനാകണമെന്ന ആഗ്രഹം സഫലീകരിച്ചതിന്റെ സന്തോഷത്തിലായിരുന്നു മജീദ്.

(തുടരും)
Keywords:  Kookanam-Rahman, Students, School, Article, Teacher, Story, Kerala, function, Student, School, Government, Unforgettable farewell.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia