SWISS-TOWER 24/07/2023

April Fool | ഏപ്രിൽ ഫൂൾ: മാനസികമായി തളർത്തിയ ഒരോർമ

 


ADVERTISEMENT

അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം (ഭാഗം 4)

/ കൂക്കാനം റഹ്‌മാൻ

(KVARTHA) പണ്ടൊക്കെ ഏപ്രിൽ ഒന്നാവാൻ കാത്തിരിക്കും. അടുത്ത സുഹൃത്തുക്കളെ ഫൂളാക്കാൻ. തലേന്നാൾ രാത്രിയിൽ ഓരോ കെണി കണ്ടുവെക്കും. അധികം ദ്രോഹമാകാതെ എന്നാൽ നല്ല തമാശയിൽ അകപ്പെടുത്താൻ പറ്റുന്ന വിദ്യകളാണ് കണ്ടെത്താറ്. നിങ്ങളൊക്കെ ആലോചിച്ചു നോക്കൂ എന്തൊക്കെ തമാശകളാണ് ഒപ്പിച്ചതെന്ന്.

ഞാനിവിടെ പങ്കുവെക്കുന്നത് എന്നെ മാനസികമായി തളർത്തിയ 1982 ലെ ഏപ്രിൽ ഫൂളിനെ കുറിച്ചാണ്. അതിനെക്കുറിച്ചു പറയുമ്പോൾ അതിൻ്റെ പിന്നാമ്പുറ സംഭവങ്ങളും പറയണമല്ലോ? കരിവെള്ളൂരിൽ എൻ്റെ നേതൃത്വത്തിൽ ഒരു മഹിളാ സമാജം രൂപീകരിച്ചു. 'സെൻട്രൽ മഹിളാ സമാജം' എന്ന് പേരിട്ടു. എനിക്കു പരിചയമുള്ള നാലഞ്ച് സഹോദരിമാരെ അതിൻ്റെ തലപ്പത്ത് പ്രതിഷ്ഠിച്ചു. ഡോ. എ.വി ഭരതൻ്റെ സഹോദരി എ.വി നാരായണി, കലാകാരനും അധ്യാപകനുമായ ചന്തു മാസ്റ്ററുടെ മകൾ ജാനകി, രാഷ്ട്രീയ പ്രവർത്തകൻ നാരായണൻ നമ്പ്യാരുടെ ഭാര്യ രാജലക്ഷ്മി തുടങ്ങിയവരെ ഔദ്യോഗിക ഭാരവാഹികളായി നിയമിച്ചു.
  
April Fool | ഏപ്രിൽ ഫൂൾ: മാനസികമായി തളർത്തിയ ഒരോർമ

പ്രവർത്തനങ്ങൾ സജീവമായി ആരംഭിച്ചു. ആദ്യം സ്ത്രീകൾക്കായി തയ്യൽ പരിശീലനമാണ് നടത്തിയത്. സ്ത്രീകളുടെ നല്ല പങ്കാളിത്തമുണ്ടായി. ക്ലാസ് നടത്തുന്നതിന് നാരായണിയുടെ ടൗണിലുള്ള ഒഴിഞ്ഞ് കിടക്കുന്ന വീട് സൗജന്യമായി അനുവദിച്ചു തന്നു. ജില്ലാ കൃഷി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കാർഷിക രംഗത്തെ ശക്തമാക്കാനുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അമ്പത് വീട്ടമ്മമാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടിക്കുള്ള ചെലവ് പ്രസ്തുത വകുപ്പാണ് വഹിച്ചത്. ഈ പരിപാടി വാർത്താ മാധ്യമങ്ങളിൽ വന്നപ്പോൾ സമാജത്തെക്കുറിച്ച് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി.

കണ്ണൂർ ജില്ലാ സാമൂഹ്യക്ഷേമ ഓഫീസിൽ അപേക്ഷിച്ചപ്പോൾ ഒരു പദ്ധതി അനുവദിച്ചു കിട്ടി. ദരിദ്ര കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്ക് റൊട്ടിയും പാലും സൗജന്യമായി നൽകുന്ന പരിപാടിയായിരുന്നു അത്. ആഴ്ചയിൽ ഒരു തവണ അമ്പത് പേർക്ക് ഇവ സൗജന്യമായി വിതരണം ചെയ്യാൻ തുടങ്ങി. ഇത്തരം സർക്കാർ പരിപാടികളൊന്നും ഇതേ വരെ കരിവെള്ളൂരിൽ നടന്നിരുന്നില്ല. ഇതും കൂടി ആയപ്പോൾ ആളുകളുടെ ശ്രദ്ധയും വിമർശനങ്ങളും കൂടിക്കൂടി വന്നു.

ഒരു വർഷം ഇത്തരം പ്രവർത്തനങ്ങളുമായി മുന്നേറിയപ്പോൾ കണ്ണൂർ നെഹ്റു യുവക് കേന്ദ്രയിൽ മഹിളാ സമാജത്തെ അഫിലിയേറ്റ് ചെയ്തു. ആദ്യപടിയായി ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറ് യുവതീ-യുവാക്കൾക്കായി പഞ്ചദിന ക്യാമ്പ് സംഘടിപ്പിക്കാൻ അനുവാദം കിട്ടി. വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. അഞ്ച് ദിവസവും നാട്ടിന് ഉപകാരപ്രദമായ ഏതെങ്കിലും നിർമ്മാണ പ്രവർത്തനം നടത്തണം. രാത്രിയിൽ കലാ സായാഹ്നം സംഘടിപ്പിക്കണം. താമസത്തിനുള്ള സൗകര്യം ഭക്ഷണം ഇതൊക്കെ സ്വാഗത സംഘം ഒരുക്കണം. കരിവെള്ളൂർ ഗവ: ഹൈസ്കൂളാണ് ക്യാമ്പിനായി തെരഞ്ഞെടുത്തത്.

യുവാക്കൾക്ക് സ്കൂളിൽ തന്നെ താമസ സൗകര്യമൊരുക്കി. യുവതികളെ സമീപ വീടുകളിലാണ് താമസമൊരുക്കിയത്. ക്യാമ്പിൻ്റെ ആദ്യദിവസം രാവിലെ രജിസ്‌ട്രേഷൻ ആരംഭിച്ചു. നൂറിൽ അധികം യുവതീ-യുവാക്കൾ ക്യാമ്പിലെത്തിയിട്ടുണ്ട്. കരിവെള്ളൂർ ബസാറിൻ്റെ തൊട്ടരികിലുള്ള 'വറക്കോട്ടു വയലിൽ' നശിച്ചുപോയ തോട് പുനർനിർമ്മിക്കലായിരുന്നു നിർമ്മാണ പ്രവർത്തിയായി കമ്മറ്റി അംഗീകരിച്ചത്. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ കൃഷ്ണൻ മാസ്റ്റർ പ്രവർത്തനത്തിന് നേതൃത്വം നൽകി.

നിർമ്മാണ പ്രവർത്തിയിൽ ഏർപ്പെട്ടവർക്ക് സമീപ വീടുകളിൽ നിന്ന് ഇടനേരത്തെ ചായയും പലഹാരങ്ങളും നൽകി. അഞ്ചു ദിവസം കൊണ്ട് നൂറ് യുവതീ-യുവാക്കൾ വറക്കോട്ടു വയൽ തോടു നിർമ്മാണം പൂർത്തിയാക്കി. രാത്രികാലങ്ങളിൽ അരങ്ങേറിയ കലാപരിപാടികളിൽ നൂറ് കണക്കിന് നാട്ടുകാർ കാണികളായെത്തി. അതിഗംഭീരമായി യുവജന ക്യാമ്പും മഹിളാ സമാജത്തിൻ്റെ നേതൃത്വത്തിൽ നടത്തി വിജയിച്ചു.
  
April Fool | ഏപ്രിൽ ഫൂൾ: മാനസികമായി തളർത്തിയ ഒരോർമ

ഈ പ്രവർത്തനങ്ങളിലൊക്കെ എന്നോടൊപ്പം നിന്നവരിൽ പ്രധാനികളാണ് അന്തരിച്ച എ നാരായണൻ മാസ്റ്ററും ഭാരത് ടൈപ്റൈറ്റിഗ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൾ അന്തരിച്ച കുഞ്ഞികൃഷ്ണൻ മാഷും.
പരിപാടികൾ നടന്നുകൊണ്ടിരിക്കേ സമാജത്തിൻ്റെ ഓഫീസ് കരിവെള്ളൂർ ടൗണിലേക്കു മാറ്റി. പ്രസ്തുത ഓഫീസിൻ്റെ മുൻവശം ഒരു ഇസ്തരിക്കട ഉണ്ടായിരുന്നു. കണ്ടാൽ സാധു മനുഷ്യൻ. അദ്ദേഹം ആരെന്ന് പിന്നീടാണ് മനസ്സിലായത്. ആ കക്ഷി തയ്യൽ പഠിപ്പിക്കുന്ന ടീച്ചറുമായി അടുപ്പത്തിലായി. അവർ രണ്ടു പേരും ഒളിച്ചോടിയെന്ന വിവരം സ്കൂൾ വിട്ടെത്തിയ ഞാൻ അറിഞ്ഞു. കരിവെള്ളൂരിലാകെ വാർത്ത പരന്നു.

ആ ഏപ്രിൽ ഒന്നിനാണ് എന്നെ ഫൂൾ ആക്കിക്കൊണ്ട് ടൗണിൽ വലിയൊരു പോസ്റ്റർ പതിച്ചിട്ടുണ്ടെന്നറിച്ചു. അത് കാണാൻ ചെന്നു.
'പുതിയൊരു സിനിമ
ലഹളാ സമാജം
കഥ: കൂക്കാനം
സംവിധാനം : ഭരത് കുഞ്ഞികൃഷ്ണൻ
അഭിനേതാക്കൾ : മഹിളാ സമാജം പ്രവർത്തകർ
ഉടനെ റീലീസാകുന്നു'

നല്ല കാര്യം ചെയ്താലും അതിന് തുരങ്കം വെക്കുന്നവർ എവിടെയും കാണാം, എന്ന് സമാധാനിച്ച് മുന്നോട്ടു പോവുന്നു.
Aster mims 04/11/2022

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia