Follow KVARTHA on Google news Follow Us!
ad

Girl Friends | സ്ത്രീ സൗഹൃദങ്ങൾ അന്നും ഇന്നും

കാലം മായ്ക്കാത്ത ഓർമകൾ, Childhood, Memories, School, Wedding, College, Girl Friends
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം (ഭാഗം 3)

കൂക്കാനം റഹ്‌മാൻ

(KVARTHA)
ഇന്നു 74 ൽ എത്തിയ ഞാൻ 14 കാരനായിരുന്നപ്പോൾ മുതൽ ഉണ്ടായ സ്ത്രീ സൗഹൃദങ്ങളെ ഓർക്കുകയാണ്. എൻ്റെ താൽപര്യം പ്രായത്തിൽ എൻ്റെ റേഞ്ചിൽ വരുന്ന വ്യക്തികൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും അവ ഓർക്കാൻ കഴിയുന്നുണ്ടോ എന്നറിയാനുമാണ്. സൗഹൃദങ്ങളെ കുറിച്ചു പറയാൻ ഭയമോ അന്തസ്സ് കുറവോ തോന്നുന്നെങ്കിൽ അതും തുറന്നു പറയാമല്ലോ? ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ 14 വയസ്സുകാരനായിരുന്നു. 1964 ൽ ഉടലെടുത്ത പെൺ സൗഹൃദത്തെക്കുറിച്ചാണ് ആദ്യം കുറിക്കുന്നത്. സ്ഥലമോ വ്യക്തിയുടെ പേരോ പരാമർശിക്കില്ല. കാരണം ഞാൻ പറയുന്ന അനുഭവങ്ങൾ ഇന്ന് ജീവിച്ചിരിക്കുന്നവരെ കുറിച്ചാണ്.
  
Article, Kookanam Rahman, College, friends, Teachers, Student, Female friendships then and now.

എൻ്റെ ക്ലാസിൽ തന്നെയാണ് അവളും പഠിക്കുന്നത്. അവളുടെ പേരിൻ്റെ ആദ്യ അക്ഷരം ഉപയോഗിച്ചാണ് ഡയറിയിൽ എഴുതുക. അന്നേ ഡയറി എഴുത്തുണ്ടേ. 'k Looks me', എന്ന് എൻ്റെ ഡയറിൽ ആ വർഷം കഴിയുന്നതുവരെ എഴുതിയിട്ടുണ്ടായിരുന്നു. ഇന്നും അതു മുതലുള്ള ഡയറികൾ ഷെൽഫിലുണ്ട്. അവളെ കാണാൻ, അവളുടെ ശ്രദ്ധ എന്നിലേക്കാകർഷിക്കാൻ, അവളെന്നെ നോക്കാൻ കൊതിച്ചിരുന്ന കാലം. നോക്കിയാൽ മാത്രം മതി. പരസ്പരം സംസാരിക്കാനോ അടുത്ത് നിൽക്കാനോ ഭയമാണന്ന്.

ഇന്നും 'കെ' യുടെ അന്നത്തെ രൂപവും നോട്ടവും മനസ്സിൽ തെളിഞ്ഞു നിൽപ്പുണ്ട്. കാലം മുന്നോട്ട് നീങ്ങി. ഹൈസ്കൂൾ വിട്ട ശേഷം പരസ്പരം കാണാൻ പറ്റിയില്ല. മൂന്നുവർഷം മുമ്പ് ഞങ്ങൾ ഒരു ഗെറ്റ് ടുഗദറിൽ കണ്ടു. ഞങ്ങൾക്ക് അന്ന് 71 വയസ്സായി കാണും. തലനരച്ച് കവിളൊട്ടി രണ്ട് പേരക്കുട്ടികളുടെ കൈകൾ പിടിച്ചു നിൽക്കുന്ന 'കെ' യെ നോക്കാൻ തോന്നിയില്ല. പണ്ട് ആ നോട്ടത്തിന് കൊതിച്ച ഞാൻ ഇന്ന് പ്രസ്തുത നോട്ടം കാണാതിരിക്കാൻ ആഗ്രഹിച്ചു പോയി.

കോളേജിലെത്തിയപ്പോൾ കോളേജ് യൂണിയൻ കൗൺസിലറായ എന്നെ ക്ലാസിലെ എല്ലാവർക്കും അറിയാം. 80 കുട്ടികളുള്ള ക്ലാസിൽ പകുതിയും പെൺകുട്ടികളായിരുന്നു. അതിൽ രണ്ടു പെൺകുട്ടികളിൽ കണ്ണുടക്കി. വെളുത്തു മെലിഞ്ഞ് ദാവണിക്കാരിയായ 'VK' യാണ് ഒരാൾ. ഉയരം കുറഞ്ഞ, തടിച്ചുരുണ്ട, കാണാൻ നല്ല മുഖ സൗന്ദര്യമുള്ള 'S' ആണ് രണ്ടാമത്തെ കക്ഷി. 1968 ൽ എത്തിയപ്പോൾ പെൺകുട്ടികളുമായി സംസാരിക്കാനൊക്കെ ധൈര്യം വന്നു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകളിലെ പ്രാക്ടിക്കൽ ക്ലാസുകളിൽ അടുത്തടുത്തു നിൽക്കുകയും സംശയങ്ങൾ പരസ്പരം ചോദിക്കുകയുമൊക്കെ ചെയ്യും.

'VK' യുടെയും 'S'ൻ്റെയും അടുത്ത് നിൽക്കാൻ ചാൻസുണ്ടാക്കും. 'VK' യെ കോളജിലെ എല്ലാവരും നോട്ടമിട്ടിരുന്നു. സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിയുടെ മകളാണവൾ. അവൾ ഹോസ്റ്റലിൽ നിന്ന് എല്ലാ വെള്ളിയാഴ്ചയും നാട്ടിലേക്കു ട്രെയിനിൽ ആണ് പോയിരുന്നത്. ഞാനും ആ ദിവസം നാട്ടിലേക്കു പോവാറുണ്ട്. തിരക്കുണ്ടെങ്കിലും അവൾ കയറുന്ന കമ്പാർട്ടുമെൻ്റിൽ തന്നെ ഞാനും കയറും. കാണുക, സംസാരിക്കുക എന്നതേ ലക്ഷ്യമുള്ളു. ഞാൻ ഇറങ്ങുന്ന സ്റ്റേഷനു മുന്നേയുള്ള സ്റ്റേഷനിൽ അവളിറങ്ങും. സ്റ്റേഷനടുത്തുള്ള വലിയ മൈതാനത്തിലൂടെ നടന്നു പോകുന്ന അവളെ നോക്കിയിരിക്കും കാഴ്ചയിൽ നിന്ന് മറയുന്നത് വരെ.

വർഷങ്ങൾക്കു ശേഷം അവളെ ഒരു കല്യാണ ഓഡിറ്റോറിയത്തിൽ കണ്ടുമുട്ടി. ആളാകെ മാറിപ്പോയി. എഴുപതിൻ്റെ തളർച്ച അവളിൽ കണ്ടു. എങ്കിലും മുഖത്ത് പഴയ സൗന്ദര്യത്തിൻ്റെ ചില അംശങ്ങൾ തങ്ങി നിൽപ്പുണ്ട്. ലാബിൽ അടുത്ത് നിൽക്കാൻ കൊതിച്ച, ട്രെയിനിറങ്ങി നടന്നു നീങ്ങുന്ന അവളെ നോക്കിയിരുന്ന കാര്യങ്ങളൊന്നും ഇപ്പോൾ ചിന്തിക്കാൻ തോന്നുന്നില്ല.

കോളജ് വിട്ടതിന് ശേഷം 'S' നെപറ്റി ഒരു വിവരവുമില്ല. ക്ലാസിലെ പഠിപ്പിസ്റ്റായിരുന്നു. അവൾക്ക് എന്നോട് എന്തോ ഇഷ്ടമുണ്ടായിരുന്നു. യാത്രയയപ്പ് കഴിഞ്ഞ് പുറത്തിറങ്ങിയ അവൾ കയ്യിലുണ്ടായിരുന്ന ഓറഞ്ച് കവിളോടടുപ്പിച്ച് വെച്ച് 'ഇത് വേണോ നിനക്ക്' എന്ന് ചോദിച്ചത് എൻ്റെ മനസ്സിൽ തട്ടി. അവൾ എൻ്റെ ഓട്ടോഗ്രാഫിലെഴുതി, 'Faith in God and women'. എന്തിനാണിങ്ങിനെ എഴുതിയതെന്ന് എനിക്കു മനസ്സിലായില്ല. രണ്ടു വർഷങ്ങൾക്കപ്പുറം അവളുടെ ഫോൺ നമ്പർ പണിപ്പെട്ടു സംഘടിപ്പിച്ചു. ഫോണിൽ വിളിച്ചു. അവൾ ഇന്ന് ടൗണിലെ പേരുകേട്ട ഹോസ്പിറ്റലിൽ ഡോക്ടറായി സേവനം ചെയ്യുകയാണെന്നു പറഞ്ഞു. അറുപത് വർഷങ്ങൾക്കപ്പുറം നടന്ന സംഭവങ്ങൾ അവൾ എണ്ണിയെണ്ണി പറഞ്ഞു.

ഫോട്ടോ വാട്സ്ആപ്പിൽ അയച്ചുതന്നു. വാർദ്ധക്യം ബാധിച്ചിട്ടുണ്ട്. എങ്കിലും ഡോക്ടറുടെ ഗമയും പ്രൗഢിയുമൊക്കെയുണ്ട്. ഇപ്പോഴും ഫോണിലും ഫേസ്ബുക്കിലും ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു. പ്രായത്തിൻ്റെ പ്രയാസങ്ങൾ പരസ്പരം പങ്കുവെക്കാറുണ്ട്. ഓട്ടോഗ്രാഫിലെ വരി ഒന്നുകൂടി ഓർമ്മപ്പെടുത്തി അങ്ങിനെ എഴുതാനുള്ള കാരണം തിരക്കി. 'അത് അക്കാലത്തെ എൻ്റെ വികാരം പ്രകടിപ്പിച്ചതാണ്', അതായിരുന്നു മറുപടി.
  
Article, Kookanam Rahman, College, friends, Teachers, Student, Female friendships then and now.

ടീച്ചേർസ് ട്രൈനിംഗ് കാലമാവുമ്പോഴേക്കും 20 വയസ്സായിരുന്നു. സ്ഥാപനത്തിലെത്തിയപ്പോൾ പഴയ സുഹൃത്തുക്കളെ പലരേയും കണ്ടുമുട്ടി. 40 പേരെയാണ് സെൻ്ററിൽ അഡ്മിറ്റ് ചെയ്തത്. ഇരുപത് ആൺകുട്ടികളും 20 പെൺകുട്ടികളും. സെപ്പറേറ്റ് ക്ലാസുമുറികളിലാണ് പഠനം. ചിലപ്പോൾ കമ്പയിൻ്റ് ക്ലാസു കിട്ടും. പരസ്പരം പരിചയപ്പെടാൻ നല്ല അവസരം. ബാക്ക് ബെഞ്ചിലിരിക്കുന്ന ഒരു പെൺകുട്ടി പലപ്പോഴും എന്നെ ശ്രദ്ധിക്കുന്നത് കണ്ടു. പരിചയപ്പെട്ടു. തുടർന്ന് നിത്യേന കാണണമെന്ന മോഹം ഉള്ളിലുദിച്ചു. പരസ്പരം കത്തുകൾ കൈമാറുന്നതിലേക്കും ഫോട്ടോ കൈമാറുന്നതിലേക്കും ഇടപെടൽ പുരോഗമിച്ചു. കടപ്പുറത്തും കോഫി ഹൗസിലും ഞങ്ങൾ സന്ധിച്ചു. പരസ്പരം എല്ലാ കാര്യവും പറഞ്ഞു. അവളെ 'C' എന്ന് പേരു വിളിക്കാം. വീണ്ടും കാണാമെന്നും ഒന്നിച്ചാവാമെന്നും പറഞ്ഞു.

സ്ഥാപനമടച്ചപ്പോൾ ഞങ്ങൾ പിരിഞ്ഞു. അവളുടെ ദീർഘമേറിയ കത്ത് സ്ഥാപന അഡ്രസിൽ വന്നു. കത്ത് സ്ഥാപന മേധാവി പിടിച്ചു. വാണിംഗ് തന്നു. കത്തിൽ പറഞ്ഞ അവസാന വാചകം വായിച്ചപ്പോൾ തല കറങ്ങി പോയി. 'നീ വീട്ടിലേക്കു വരണം ഞാനും ഹസ്ബന്റും കാത്തിരിക്കും'. അവൾ വിവാഹിതയാണെന്ന കാര്യം അതേവരേക്കും പറഞ്ഞില്ലായിരുന്നു. അതൊരു വലിയ വഞ്ചനയായി തോന്നി. പിന്നെ യാതൊരു ബന്ധവും ഇല്ലായിരുന്നു. വർഷങ്ങൾക്കു ശേഷം അവൾ അസുഖം വന്ന് കിടപ്പിലാണെന്ന വിവരം അറിഞ്ഞു. കാണാൻ ചെന്നു. അൾഷിമേർസാണ്. ഒന്നും പറയാൻ പറ്റിയില്ല. ഇങ്ങിനെയൊക്കെയാവും പ്രായമായാൽ എന്ന ദുഖ ചിന്തയോടെ അവിടുന്ന് തിരിച്ചു.

ബി.എഡ് പഠനകാലത്ത് ഒരു തെക്കൻ ജില്ലക്കാരി എന്നെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു. ഞങ്ങൾ കോളേജിൽ രണ്ട് ഡിപ്പാർട്ടുമെൻ്റുകളിലായാണ് പഠിക്കുന്നത്. പല കാര്യങ്ങളും ഞങ്ങൾ തുറന്നു സംസാരിച്ചു. ഹോട്ടലിൽ ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഞാൻ തമാശയായി പറഞ്ഞു. 'നിങ്ങൾ തെക്കൻമാരെ വിശ്വസിക്കാൻ പറ്റില്ലെന്ന് പറയാറുണ്ട്. ശരിയല്ലേ?'. അവൾ അപ്പോൾ തന്നെ മുഖം വീർപ്പിച്ചിരുന്നു. കോളേജിൽ എത്തിയിട്ടും പഴയപടി ഇഷ്ടത്തോടെയുള്ള ഇടപെടൽ കണ്ടില്ല. ചൊടി തന്നെ. എൻ്റെ പ്രസ്താവന അവളുടെ ആഗ്രഹങ്ങൾക്കെല്ലാം വിഘാതമായി തീർന്നു എന്നവൾ വിശ്വസിച്ചു കാണും.

കോളേജ് അടക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ അവൾ കരഞ്ഞു കലങ്ങിയ കണ്ണുമായി മുന്നിൽ നിൽക്കുന്നു. 'ഞാൻ പോകുന്നു. ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണില്ല. ഞാൻ ആരെയും ചതിച്ചിട്ടില്ല. ചതിക്കുകയുമില്ല. ക്ഷമിക്കണേ'. അവൾ ആ വാക്കും പറഞ്ഞ് പിരിഞ്ഞതാണ്. അവൾ എവിടെ? എങ്ങിനെ ? ഒന്നും വർഷങ്ങൾ കഴിഞ്ഞിട്ടും അറിയാൻ പറ്റിയില്ല. എൻ്റെ നാക്കിൽ നിന്ന് വന്ന വാക്കുമൂലം ഒരു പെൺകുട്ടിയുടെ മനസ്സിനേൽപിച്ച മുറിവ് ഓർത്ത് ഞാനിന്നും ദുഃഖിതനാണ്.

Post a Comment